കൊച്ചി: സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനും എ.കെ ആന്റണിയും ഇക്കുറി വോട്ട് ചെയ്യില്ല. അനാരോഗ്യത്തെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിഎസ് വോട്ട് ചെയ്യാത്തത്. പുന്നപ്രയിലാണ് വി.എസിന് വോട്ടുള്ളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാനാകില്ല. യാത്രകള്‍ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
അനാരോഗ്യം ചൂണ്ടിക്കാട്ടി വി.എസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് അനുവദിക്കപ്പെട്ടില്ല. കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമേ തപാല്‍ വോട്ടിന് അനുമതിയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തപാല്‍ വോട്ടിനുള്ള അപേക്ഷ തള്ളിയത്.
കോവിഡ് രോഗബാധിതനായ ശേഷം ഡല്‍ഹിയിലെ വസതിയില്‍ വിശ്രമത്തിലാണ് എ.കെ. ആന്റണി. തിരുവനന്തപുരത്തെ ജഗതി സ്‌കൂളിലാണ് എ.കെ. ആന്റണിക്ക് വോട്ടുള്ളത്. ഒരു മാസ വിശ്രമമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചിട്ടുള്ളത്.
തദ്ദേശതിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്.
മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു. 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
കര്‍ശന കോവിഡ‍് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചവർക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്‍റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പോളിംഗ്. ക്യൂവിൽ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു സമയം ബൂത്തിൽ മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കൂ.
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിൽ ഡിസംബർ പത്തിനും കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഡിസംബർ പതിനാലിനും വോട്ടെടുപ്പ് നടക്കും.
Read More: Local Polls Kerala 2020, Live Updates: തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്