തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ. ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക, ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാൻ കഴിയും. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തപാൽ വോട്ടുകൾ ആദ്യം എണ്ണും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വോട്ടെണ്ണൽ.
തപാൽ വോട്ടുകളാവും ആദ്യം എണ്ണുക. രണ്ടര ലക്ഷത്തിലേറെയാണ് തപാൽ വോട്ടുകൾ. സർവീസ് വോട്ടുകൾക്ക് പുറമേ കോവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ചെയ്ത സ്പെഷ്യൽ തപാൽ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. ഗ്രാമ പഞ്ചായത്തുകളിലെയും നരഗ സഭകളിലേയും ഫലം ആദ്യം അറിയാം. ഉച്ചയോടെ ഫലപ്രഖ്യാപനം പൂർത്തിയാക്കാനാണ് ശ്രമം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെന്‍ഡ്’ വെബ്സൈറ്റിൽ (trend.kerala.gov.in) നിന്നും തത്സമയം അറിയാം.
ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്ക് തലത്തിലാണ് വോട്ടെണ്ണൽ. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ നടന്ന വിതരണം നടന്ന കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുക. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റൽ വോട്ടുകൾ വരണാധികാരികളുടെ ചുമതലയിൽ എണ്ണും. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ടാവും. എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാണ് ക്രമീകരണം. ഒരു വാർഡിലെ എല്ലാ ബൂത്തുകളിലെയും വോട്ട് ഒരു ടേബിളിൽ എണ്ണും.
പുതിയ അംഗങ്ങൾ അടുത്ത തിങ്കളാഴ്ച(21) സത്യപ്രതിജ്ഞ ചെയ്യും. അധ്യക്ഷൻമാരുടേയും ഉപാധ്യക്ഷൻമാരുടേയും സത്യപ്രതിജ്ഞ തീയതി പിന്നീട് തീരുമാനിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ഘട്ടങ്ങളിലുമായി 76.18 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇതിൽ തിങ്കളാഴ്ച കഴിഞ്ഞ മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത്. മൂന്നാം ഘട്ട വോട്ടെടുപ്പിൽ 78.62 ആണ് പോളിങ്. 73.12 ശതമാനമായിരുന്നു ആദ്യഘട്ടത്തിലെ പോളിങ്. രണ്ടാംഘട്ടത്തിൽ 76.78 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
മൂന്നാംഘട്ട വോട്ടെടുപ്പിൽ മലപ്പുറം – 78.86, കോഴിക്കോട്- 78.98, കണ്ണൂർ – 77.54, കാസർകോഡ്- 77.14 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള പോളിങ് ശതമാനം.2015ൽ 77.76 ശതമാനമായിരുന്നു പോളിങ് ശതമാനം. അന്ന് രണ്ട് ഘട്ടങ്ങളിലായായിരുന്നു പോളിങ്.
ആഹ്ളാദ പ്രകടനങ്ങള്‍ അതിരു കടക്കരുത്
ഫലമറിയുമ്പോഴുള്ള ആഹ്ളാദ പ്രകടനങ്ങള്‍ കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന് പറഞ്ഞു. കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളില്‍
സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം- 16, കൊല്ലം- 16, പത്തനംതിട്ട- 12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, എറണാകുളം- 28, തൃശൂര്‍- 24, പാലക്കാട്- 20, മലപ്പുറം- 27, കോഴിക്കോട്- 20, വയനാട്- 7, കണ്ണൂര്‍- 20, കാസര്‍ഗോഡ്- 9 എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്.
കോവിഡ് മാനദണ്ഡം പാലിക്കണം
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്കും ഫേസ് ഷീല്‍ഡും ധരിക്കും. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്.
നിരോധനാജ്ഞ
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 22 വരെ സി.ആര്.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, വടകര പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
കാസർഗോഡ് ജില്ലയിൽ 10 പോലീസ്സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഡിസംബർ 15 ന് രാത്രി 12 മണി മുതൽ ഡിസംബർ 17 ന് രാത്രി 12 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ , കാഞ്ഞങ്ങാട് മുൻസിപാലിറ്റി, അജാനൂർ പഞ്ചായത്ത് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ പടന്ന, ചെറുവത്തൂർ, പിലിക്കോട് ഗ്രാമ പഞ്ചായത്തുകൾ നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നീലേശ്വരം മുൻസിപാലിറ്റി മേൽപറമ്പ്, ‘വിദ്യാ നഗർ, കാസർകോട് പോലീസ് സ്റ്റേഷൻ പരിധികളിൽ പൂർണമായും , നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർകോട് മുൻസിപാലിറ്റിപൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ കുമ്പള ടൗൺ, ബന്തിയോട് , അഡ്ക്ക , സീതാംഗോളി, ഉളുവാർ, മൊഗ്രാൽ, ബംബ്രാണ, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി, കുഞ്ചത്തൂർ, ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബോവിക്കാനം, ഇരിയണ്ണി : അഡൂർ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പൊതുവിടങ്ങളിൽ ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ പാടില്ല. ആയുധങ്ങൾ കൈവശം വെക്കുന്നതും ജാഥകൾ നടത്തുന്നതും അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതും നിരോധിച്ചു. ഡിസംബർ 15 വൈകിട്ട് ആറ് മുതൽ ഡിസംബർ 17 വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ. സ്ഥാനാർഥിയോ റിട്ടേണിംഗ് ഓഫീസർ അംഗീകരിച്ച ഏജന്റ്മാരോ അല്ലാതെ വോട്ടെണ്ണൽ കേന്ദ്രത്തിന് 500 മീറ്റർ ചുറ്റളവിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല.
ഫലം വന്ന ശേഷം വിജയം ആഘോഷിക്കാൻ ആളുകൾ ഒത്തുകൂടുന്നത് കോവിഡ് വ്യാപനത്തിന് കാരണമാവുമെന്ന സാഹചര്യവും കണക്കിലെടുത്താണ് നടപടി. റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വിജയാഹ്ലാദ പ്രകടനങ്ങൾ, വാർഡ് അല്ലെങ്കിൽ ഡിവിഷൻ തലങ്ങളിൽ മാത്രമായി ചുരുക്കാനും ഇതിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി നിജപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.