പത്തനംതിട്ട: “ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ പ്രായം ഒരു ഘടകമല്ല. തോറ്റാലും ജയിച്ചാലും ഞാൻ ജനങ്ങൾക്കൊപ്പമുണ്ടാകും,” തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ രേഷ്‌മ മറിയം റോയ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഎം സ്ഥാനാർഥിയാണ് രേഷ്‌മ. നാമനിർദേശ പത്രിക സമർപ്പിക്കാൻ 21-ാം ജന്മദിനം വരെ കാത്തിരിക്കേണ്ടിവന്നു രേഷ്‌മയ്‌ക്ക്. നവംബർ 18 നാണ് (ഇന്നലെ) രേഷ്‌മയ്‌ക്ക് 21 വയസ് തികഞ്ഞത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയായ ഇന്ന് സഹപ്രവർത്തകർക്കൊപ്പമെത്തി രേഷ്‌മ നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്‌തു. ഓടിനടന്നുള്ള പ്രചാരണത്തിനിടെയാണ് രേഷ്‌മ തന്റെ തിരഞ്ഞെടുപ്പ് അനുഭവം ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളവുമായി പങ്കുവച്ചത്.

സ്ഥാനാർഥിത്വം തേടിയെത്തിയത്
ക്യാംപസ് രാഷ്‌ട്രീയത്തിലൂടെയാണ് രേഷ്‌മ ഇടത് സംഘടനയോട് ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. കോന്നി വിഎൻഎസ് കോളേജിൽ നിന്ന് ബിബിഎ പൂർത്തിയാക്കിയ രേഷ്‌മ എസ്‌എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നു. തുടർ പഠനത്തെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് രേഷ്‌മയെ തേടി ‘തിരഞ്ഞെടുപ്പ് പരീക്ഷ’ എത്തുന്നത്. പ്രളയ സമയത്തും കോവിഡ് മഹാമാരിയുടെ കാലത്തും നാട്ടിൽ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു രേഷ്‌മ. നിലവിൽ എസ്‌എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്. അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ അവസരം ലഭിച്ചതിനെ കുറിച്ച് രേഷ്‌മ ഇന്ത്യൻ എക്‌സ്‌പ്രസിനോട് മനസ് തുറന്നു.
“ക്യാംപസ് രാഷ്‌ട്രീയത്തിലെ പോലെ പ്രളയം, കോവിഡ് ദുരിതങ്ങളുടെ സമയത്ത് നാട്ടിലെ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി. പാർട്ടി പ്രവർത്തക എന്ന നിലയിൽ ആ സമയത്തെല്ലാം എന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നിറവേറ്റാനാണ് ശ്രദ്ധിച്ചത്. ഇതിനിടയിലാണ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി എന്നെ പരിഗണിക്കുന്ന കാര്യം അറിഞ്ഞത്. നവംബർ 18 നാണ് എനിക്ക് 21 വയസ് തികയുന്നത്. അതുകൊണ്ട് തിരഞ്ഞെടുപ്പ് അതിനു മുൻപാണെങ്കിൽ സ്ഥാനാർഥിയാകാൻ സാധിക്കില്ല. എന്നാൽ, കോവിഡ് കാരണം തിരഞ്ഞെടുപ്പ് നീണ്ടു. നവംബർ 19 വരെ നാമനിർദേശ പത്രിക സമർപ്പിക്കാൻ അവസരമുണ്ടെന്ന് പ്രഖ്യാപിച്ചതോടെ ഞാൻ തന്നെ സ്ഥാനാർഥിയെന്ന് പാർട്ടി തീരുമാനിച്ചു,” രേഷ്‌മ പറഞ്ഞു.
വീട്ടുകാരുടെ എതിർപ്പ്
കോൺഗ്രസ് അനുകൂല രാഷ്‌ട്രീയ നിലപാടുള്ളവരാണ് കുടുംബാംഗങ്ങൾ. അപ്പൻ റോയ് പി.മാത്യുവും അമ്മ മിനി റോയിയും രേഷ്‌മയുടെ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിനു ആദ്യം പ്രതികൂല നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, പിന്നീട് അവർ മകളെ പിന്തുണച്ചു. ഇപ്പോൾ തനിക്ക് വീട്ടുകാരുടെ പിന്തുണയുണ്ടെന്നും അത് വലിയ കരുത്താണെന്നും രേഷ്‌മ പറയുന്നു.
“കോൺഗ്രസ് അനുഭാവമുള്ളവരായിരുന്നു വീട്ടുകാർ. ക്യാംപസ് രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിൽ തന്നെ അവർക്ക് വിയോജിപ്പുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോടും ആദ്യം വിയോജിപ്പായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ ഭാഗം അവർ കൃത്യമായി കേൾക്കും. എനിക്ക് പറയാനുള്ളതും എന്റെ നിലപാടും അവർ കേട്ടു. ഇപ്പോൾ വീട്ടുകാർ എന്നെ പൂർണമായി പിന്തുണയ്‌ക്കുന്നു,” രേഷ്‌മ പറഞ്ഞു.
വിജയപ്രതീക്ഷയുണ്ട്
അരുവാപ്പുലം പഞ്ചായത്ത് നിലവിൽ യുഡിഎഫാണ് ഭരിക്കുന്നത്. ആകെയുള്ള 15 വാർഡുകളിൽ യുഡിഎഫ് കഴിഞ്ഞ തവണ എട്ട് വാർഡുകളിൽ വിജയിച്ചു. ഇടത് മുന്നണി ഏഴ് വാർഡിലും. ഒരൊറ്റ സീറ്റ് നഷ്‌ടത്തിലാണ് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായത്. ഇത്തവണ അരുവാപ്പുലം പഞ്ചായത്ത് എൽഡിഎഫിന് സ്വന്തമാക്കാൻ കഴിയുമെന്ന് രേഷ്‌മ പ്രത്യാശ പ്രകടിപ്പിക്കുന്നു. രേഷ്‌മ മത്സരിക്കുന്ന പഞ്ചായത്തിലെ 11-ാം വാർഡ് കഴിഞ്ഞ മൂന്ന് ടേമുകൾ തുടർച്ചയായി കോൺഗ്രസിനൊപ്പം നിൽക്കുകയാണ്. ഇക്കുറി അതിൽ മാറ്റം വരുമെന്നാണ് രേഷ്‌മ പറയുന്നത്.
“തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തിഗത വോട്ടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. രാഷ്‌ട്രീയം മാത്രം നോക്കിയല്ല ആളുകൾ വോട്ട് ചെയ്യുക. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന് സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചല്ല നാട്ടിൽ പ്രവർത്തിച്ചത്. ജനങ്ങൾ മാത്രമാണ് പരിഗണനാ വിഷയം. പാർട്ടി നൽകിയ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുക മാത്രമായിരുന്നു ലക്ഷ്യം. വാർഡിലെയും പഞ്ചായത്തിലെയും ആളുകളുമായി നല്ല അടുപ്പമുണ്ട്. പലവിധ ആവശ്യങ്ങൾക്കായി പല വീടുകളിലും കയറിയിറങ്ങിയിട്ടുണ്ട്. അവരുടെ ആവശ്യങ്ങളിൽ ഒപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ജയിച്ചാലും തോറ്റാലും ഞാൻ ജനങ്ങൾക്കൊപ്പമുണ്ടായിരിക്കും,” തികഞ്ഞ ആത്മവിശ്വാസത്തോടെ രേഷ്‌മ പറഞ്ഞു.
പ്രായം ഒരു ഘടകമല്ല
തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു മുതൽ രേഷ്‌മയുടെ പ്രായവുമായി ബന്ധപ്പെട്ടാണ് എതിർ ചേരിയിലുള്ളവർ അടക്കം സംസാരിക്കുന്നത്. തനിക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് എതിർ സ്ഥാനാർഥികൾ നടത്തുന്ന പ്രചാരണത്തോട് രേഷ്‌മ ശക്തമായി വിയോജിക്കുന്നു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കാനും പ്രായം ഒരു ഘടകമേ അല്ലെന്ന് രേഷ്‌മ അടിവരയിട്ട് പറഞ്ഞു. ‘കുറച്ചുകൂടി പഠിച്ച്, കുറേകൂടി കഴിഞ്ഞ് മതിയായിരുന്നില്ലേ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്’ എന്ന എതിർ സ്ഥാനാർഥിയുടെ അടക്കം അഭിപ്രായത്തോട് രേഷ്‌മയ്‌ക്ക് വിയോജിപ്പുണ്ട്.
“എന്റെ പ്രായം പറഞ്ഞാണ് എതിർ സ്ഥാനാർഥികൾ ഇപ്പോൾ പ്രധാനമായി പ്രചാരണം നടത്തുന്നത്. ഈ വാർഡിലും പഞ്ചായത്തിലും വളരെ സാധാരണക്കാരായ മനുഷ്യരാണ് അധികവും. പ്രളയവും കോവിഡും വന്നപ്പോൾ പ്രതിസന്ധിയിലായവരുണ്ട്. അവർക്കൊക്കെ വേണ്ടി പ്രവർത്തിച്ചത് ഈ പ്രായത്തിലാണ്. ആക്രി പെറുക്കി വിറ്റും മറ്റ് സാമൂഹ്യപ്രവർത്തനങ്ങളിലൂടെയും പഞ്ചായത്തിലെ ആറ് വാർഡിൽ നിന്ന് ഒരു ലക്ഷത്തിൽ കൂടുതൽ പണം സ്വരൂപിച്ചു. ഇതെല്ലാം സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടിയാണ്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ പ്രായം ഒരു ഘടകമല്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം. നാട്ടിലെ ജനങ്ങൾക്കും അതറിയാം,” രേഷ്‌മ പറഞ്ഞു.
പ്രചാരണത്തിലും യുവത്വത്തിന്റെ വേഗം
വാർഡിൽ അതിവേഗം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ് രേഷ്‌മ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപേ താൻ മത്സരിക്കുന്ന വാർഡിലെ ഒരുവിധം വീടുകളിലും രേഷ്‌മ കയറിയിറങ്ങി. മറ്റ് സ്ഥാനാർഥികളിൽ നിന്ന് വ്യത്യസ്‌തമായി രേഷ്‌മയുടെ കെെയിൽ ഒരു ഡയറി കാണാം. ഓരോ വീടുകളിൽ കയറുമ്പോഴും അവിടെയുള്ളവരോട് സംസാരിച്ച് അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയും. ജനങ്ങളുടെ ആവശ്യങ്ങൾ രേഷ്‌മ തന്റെ കെെയിലുള്ള ഡയറിയിൽ കുറിക്കും. സ്ഥാനാർഥിത്വം തീരുമാനിച്ചതിനു പിന്നാലെ വീടുകയറിയുള്ള പ്രചാരണം രേഷ്‌മ ആരംഭിച്ചിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ തനിക്കൊപ്പം കൂടുതൽ ആളുകളെയൊന്നും വീടുകയറിയുള്ള പ്രചാരണത്തിനു രേഷ്‌മ കൂട്ടില്ല. സഹോദരൻ റോബിൻ മാത്യുവാണ് രേഷ്‌മയ്‌ക്കൊപ്പം വീടുകയറിയുള്ള പ്രചാരണങ്ങൾക്ക് സഹായത്തിനുണ്ടായിരുന്നത്.
തുടർ പഠനം
ബിബിഎ പൂർത്തിയായി. ഇനി എൽഎൽബി ചെയ്യണമെന്നാണ് രേഷ്‌മയുടെ ആഗ്രഹം. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ജനങ്ങൾക്കൊപ്പം മുഴുവൻ സമയം നിൽക്കാനാണ് രേഷ്‌മയുടെ തീരുമാനം. അതുകൊണ്ട് എൽഎൽബി പഠനം ഡിസ്റ്റന്റ് ആയി ചെയ്യാനുള്ള മാർഗം തേടും. അതിനു സാധിക്കാതെ വന്നാൽ പഠനം തൽക്കാലത്തേക്ക് മാറ്റിവച്ച് ജനപ്രതിനിധി എന്ന നിലയിൽ മുന്നോട്ടുപോകാനാണ് തീരുമാനം.
Read Also: സോഷ്യൽ മീഡിയ അടക്കിവാഴുന്ന തിരഞ്ഞെടുപ്പ് പ്രചാരണം; ശ്രദ്ധയാകർഷിച്ച് കിടിലൻ പോസ്റ്ററുകൾ