തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പരസ്യ പ്രചാരണം ഞായറാഴ്ച വൈകിട്ട് ആറിന് അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍ കണ്ട്അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പോളിങ് ബൂത്തുകള്‍ ഇന്ന് സജ്ജമാകും.

കൊട്ടിക്കലാശം ഇല്ലാതെയാണ് പ്രചാരണം അവസാനിച്ചത്. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളും പ്രവർത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേർന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും അതത് ജില്ലാ കലക്ടർമാർ അറിയിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്.

ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിർദേശം. ഇതു ലംഘിക്കുന്ന സ്ഥാനാർഥികൾക്കെതിരേ നടപടിയുണ്ടാകുെമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികൾ എന്നിവ ഇനിയുള്ള രണ്ടു ദിവസങ്ങളിൽ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾ വ്യക്തമാക്കി.

ആള്‍ക്കൂട്ടങ്ങൾ വരുന്ന പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും പകരം പലയിടത്തും റാലികളും യോഗങ്ങളും മറ്റും ഇത്തവണ വെര്‍ച്വലായാണ് നടന്നത്. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു മിക്കയിടങ്ങളിലും പരസ്യപ്രചാരണം.

പരസ്യ പ്രചാരണ സമയം അവസാനിച്ചാൽ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും വാർഡിൽ നിന്നു പുറത്തു പോകണമെന്നും നിർബന്ധമുണ്ട്. എന്നാൽ സ്ഥാനാർഥിയോ ഇലക്ഷൻ ഏജന്റോ വാർഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കിൽ അവർക്ക് ഇത് ബാധകമല്ല.

Read More: കോവിഡ് രോഗികളുടെ വോട്ട്: സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് പേപ്പർ വിതരണം ആരംഭിച്ചു

ഡമ്മി ബാലറ്റ് അച്ചടിക്കുന്നതിനു തടസമില്ലെങ്കിലും അസൽ ബാലറ്റ് പേപ്പറിനോട് സാമ്യം തോന്നത്തക്ക രീതിയിൽ അച്ചടിക്കരുതെന്ന് വിവിധ ജില്ലാ കലക്ടർമാർ വ്യക്തമാക്കി. ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തിന് നീലയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് കമ്മിഷൻ നിശ്ചയിച്ചിട്ടുള്ളത്. അതിനാൽ വെള്ള, നീല, പിങ്ക് എന്നീ നിറങ്ങൾ ഒഴിവാക്കി വേണം ഡമ്മി ബാലറ്റ് അച്ചടിക്കാനെന്നും നിർഡദേശമുണ്ട്.

ഒരു സ്ഥാനാർഥി ബാലറ്റ് പേപ്പറിൽ തന്റെ പേര് എവിടെ വരുമെന്ന് വോട്ടർമാർക്ക് പരിചയപ്പെടുത്താനാണ് ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുന്നത്. ഇങ്ങനെ അച്ചടിക്കുമ്പോൾ വാർഡിൽ മത്സരിക്കുന്ന മറ്റു സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉണ്ടാകാൻ പാടില്ലെന്നും അധികൃതർ പറയുന്നു.

Read More:  തദ്ദേശ തിരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന അവസാനിച്ചു, 3,130 നാമനിർദേശ പത്രികകൾ നിരസിച്ചു

കോവിഡ് ബാധിച്ചവർക്കും ക്വാറന്റെെനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്തുന്നതിനായി സ്പെഷൽ ബാലറ്റ്‌ പേപ്പർ വിതരണം ആരംഭിച്ചിരുന്നു. ഡിസംബർ എട്ടിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് സ്പെഷൽ ബാലറ്റ്‌ വിതരണം നടക്കുന്നത്.

സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.

ഡിസംബർ 8, 10, 14 തിയതികളിലാണ് വോട്ടെടുപ്പ്.

ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും.

ഒന്നാം ഘട്ടം-ഡിസംബര്‍ 8 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

രണ്ടാം ഘട്ടം-ഡിസംബർ 10 : കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്

മൂന്നാം ഘട്ടം-ഡിസംബർ 14 : കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.