തദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ചു ജില്ലകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്

വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം

election 2020, തിരഞ്ഞെടുപ്പ് 2020, election 2020 kerala, കേരള തിരഞ്ഞെടുപ്പ് 2020, kerala local body election 2020, , കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് 2020, kerala local body polls dates, കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് വോട്ടിങ് തിയതികൾ, special ballot paper, സ്പെഷൽ ബാലറ്റ്‌ പേപ്പർ, special ballot paper for covid-19 patients, കോവിഡ് രോഗികൾക്കു സ്പെഷൽ ബാലറ്റ്‌ പേപ്പർ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം ie malayalam, ഐഇ മലയാളം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. പോളിങ് കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണം ഇന്നലെ പൂർത്തിയാക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് വോട്ടർമാരെ പോളിങ് കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുക.

പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂർത്തിയായതായി സർക്കാർ അറിയിച്ചു. ഇന്നലെത്തന്നെ ബൂത്തുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള പോളിങ് സാമഗ്രികൾ എത്തിച്ചു. ഇവയുടെ സുരക്ഷയ്ക്കു പ്രത്യേക പൊലീസ് സംഘത്തെയും വിവിധ ബൂത്തുകളിലായി നിയോഗിച്ചിട്ടുണ്ട്.

വോട്ടെടുപ്പിനു മുൻപ് മോക് പോളിങ്

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപായി ജില്ലയിലെ പോളിങ് ബൂത്തുകളിൽ മോക് പോളിങ് നടത്തും. സ്ഥാനാർഥികളുടേയോ പോളിങ് ഏജന്റുമാരുടേയോ സാന്നിധ്യത്തിലാണു മോക് പോളിങ് നടത്തുന്നത്. മോക് പോൾ നടത്തി ഫലം ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തും.

മോക് പോളിനു ശേഷം ക്ലിയർ ബട്ടൺ അമർത്തി മോക് പോളിന്റെ ഫലം പൂർണമായി വോട്ടിങ് മെഷീനിൽനിന്നു മാറ്റിയ ശേഷം കൺട്രോൾ യൂണിറ്റ് വിവിധ സുരക്ഷാ സീലുകളും ടാഗുകളും ഉപയോഗിച്ചു സീൽ ചെയ്യും. ഇതി•േൽ പോളിങ് ഏജന്റുമാരെ ഒപ്പുവയ്ക്കാൻ അനുവദിച്ച ശേഷമാകും ഏഴു മണിക്ക് പോളിങ് ആരംഭിക്കുക.

ബൂത്തിനടുത്ത് വോട്ട് പിടുത്തം പാടില്ല

വോട്ടെടുപ്പ് നടക്കുന്ന ബൂത്തിനു സമീപം വോട്ട് പിടിത്തം പാടില്ലെന്ന് അധികൃതർ അറിയിച്ചു. മുനിസിപ്പൽ, കോർപ്പറേഷൻ പ്രദേശങ്ങളിൽ ബൂത്തിനു 100 മീറ്റർ പരിധിയിലും പഞ്ചായത്തിൽ 200 മീറ്റർ പരിധിയിലും വോട്ട് പിടിക്കുന്നതിനു കർശന വിലക്കുണ്ട്. വോട്ടിനായി അഭ്യർഥന നടത്തുക, ഏതെങ്കിലും സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതിരിക്കാൻ വോട്ടറെ പ്രേരിപ്പിക്കുക, സമ്മതിദായകൻ വോട്ട് ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുക, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക നോട്ടിസ് അല്ലാത്ത നോട്ടിസോ ചിഹ്നമോ പ്രദർശിപ്പിക്കുക എന്നിവയും അനുവദിക്കില്ല.

Read More: എൽഡിഎഫ് ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടും; നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വില കല്‍പ്പിക്കില്ല: മുഖ്യമന്ത്രി

ഈ ദൂരപരിധിക്കുള്ളിൽ സ്ഥാനാർഥികളുടെ ബൂത്തുകളും പാടില്ല. പരിധിക്കു പുറത്ത് സ്ഥാപിക്കുന്ന ബൂത്തുകൾക്കു ചുറ്റും ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ട്.

കോവിഡ് പ്രോട്ടോക്കോൾ നിർബന്ധം

വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടിയായ അതത് ജില്ലാ കളക്ടർമാർ പറഞ്ഞു.

വോട്ടർമാർ പോളിങ് ബൂത്തിലേക്കു പ്രവേശിക്കുമ്പോഴും പുറത്തേക്കു പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം. മാസ്‌ക് ധരിച്ചിരിക്കുകയും വേണം. തിരിച്ചറിയൽ സമയത്തു മാത്രമേ ആവശ്യമെങ്കിൽ മാസ്‌ക് മാറ്റാവൂ. ബൂത്തിനകത്ത് ഒരേ സമയം മൂന്നു വോട്ടർമാർക്കു സാമൂഹിക അകലം പാലിച്ചു കയറാം.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും ഫെയ്‌സ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ, കൈയുറ എന്നിവ ഉപയോഗിക്കണം. പോളിങ് ഏജന്റുമാർക്കും മാസ്‌കും സാനിറ്റൈസറും നിർബന്ധമാണെന്നും കളക്ടർ പറഞ്ഞു.

കോവിഡ് രോഗികൾക്കു ബൂത്തിലെ വോട്ട് ഇങ്ങനെ

കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി ഇന്നലെ(ഡിസംബർ 7) വൈകിട്ട് മൂന്നിനു തയാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും പോസ്റ്റൽ ബാലറ്റ് തപാൽ മുഖേനയോ നേരിട്ടോ വീട്ടിലെത്തിക്കും.

Read More: ഇടതുമുന്നണി വർഗീയ പ്രചാരണം നടത്തുന്നു, തിരഞ്ഞെടുപ്പിൽ മുൻതൂക്കം യുഡിഎഫിന്: ചെന്നിത്തല

വൈകിട്ട് മൂന്നിനു ശേഷവും ഇന്ന് വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയും സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാം. അവർ ഇന്നു വൈകിട്ട് ആറിനു മുൻപ് ബൂത്തിലെത്തണം. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ക്യൂവിലുള്ള മുഴുവൻ സാധാരണ വോട്ടർമാരും വോട്ട് ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കൂ.

പി.പി.ഇ. കിറ്റ് അണിഞ്ഞാകണം ഇവർ എത്തേണ്ടത്. ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ നൽകുന്ന സാക്ഷ്യപത്രവും നിർബന്ധമാണ്. ഇവർ പോളിങ് സ്‌റ്റേഷനിൽ കയറും മുൻപ് പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിർബന്ധമായും പി.പി.ഇ. കിറ്റ് ധരിച്ചിരിക്കണം.

വോട്ട് ചെയ്യാൻ ഈ രേഖകളിൽ ഒന്ന് വേണം

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തുന്ന സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്ന രേഖകളുടെ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More: ആവശ്യങ്ങൾ നടക്കാൻ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്ത് വേണം: സുരേഷ് ഗോപി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി. ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നു തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിനു മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, വോട്ടർപട്ടികയിൽ പുതുതായി പേര് ചേർത്തിട്ടുള്ള വോട്ടർമാർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. ഈ രേഖകളിലേതെങ്കിലും ഒന്ന് വോട്ട് ചെയ്യാനെത്തുമ്പോൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാണിക്കണം.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Local body election kerala 2020 first phase polling

Next Story
എൽഡിഎഫ് ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടും; നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വില കല്‍പ്പിക്കില്ല: മുഖ്യമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com