തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി എൽഡിഎഫ്. ആറ് കോർപറേഷനുകളിൽ അഞ്ചിടത്ത് എൽഡിഎഫ് മുന്നേറ്റം. കണ്ണൂർ കോർപറേഷൻ മാത്രമാണ് യുഡിഎഫിന് നേടാൻ സാധിച്ചത്.

തിരുവനന്തപുരം കോർപറേഷൻ

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ ശക്തമായ തേരോട്ടത്തിനു തടയിട്ട് എൽഡിഎഫ്. രാജ്യശ്രദ്ധ നേടിയ മത്സരത്തിൽ എൽഡിഎഫ് മികച്ച വിജയം സ്വന്തമാക്കി. 52 സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. 35 സീറ്റുകൾ നേടി ബിജെപി രണ്ടാം സ്ഥാനത്ത്. 11 സീറ്റുകള്‍ നഷ്‌ടമായ യുഡിഎഫിന് ഇത്തവണ നേടാൻ സാധിച്ചത് ആകെ പത്ത് സീറ്റുകൾ മാത്രം. മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളും ജയിച്ചു. ബിജെപി ഏറെ പ്രതീക്ഷ പുലർത്തിയ കോർപറേഷനാണ് തിരുവനന്തപുരം. പേരൂർക്കട ഡിവിഷനിൽ നിന്ന് ജയിച്ച് എൽഡിഎഫ് സ്ഥാനാർഥി ജമീല ശ്രീധർ മേയർ ആകും.

കൊച്ചി കോർപറേഷൻ

പത്ത് വർഷങ്ങൾക്ക് ശേഷം കൊച്ചി കോർപറേഷൻ യുഡിഎഫിനെ കെെവിടുന്നു. എൽഡിഎഫാണ് ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ, ആർക്കും കേവല ഭൂരിപക്ഷമില്ല. 74 ഡിവിഷനുള്ള കൊച്ചി കോര്‍പറേഷനില്‍ 34 സീറ്റില്‍ എല്‍ഡിഎഫും 31 സീറ്റില്‍ യുഡിഎഫും അഞ്ച് ഇടത്ത് ബിജെപിയും നാല് സീറ്റില്‍ സ്വതന്ത്രരും വിജയിച്ചു.

Read Also: ഉലയാതെ നായകൻ, ഇടത് തരംഗം

തൃശൂർ കോർപറേഷൻ

തൃശൂർ കോർപറേഷനിലും ഇടത് മേൽക്കെെ. 24 ഡിവിഷനുകളിൽ എൽഡിഎഫിന് വിജയം. യുഡിഎഫിന് 23 ഡിവിഷനുകൾ. ആറ് ഡിവിഷനുകളിൽ ബിജെപി ജയിച്ചു. ആർക്കും കേവല ഭൂരിപക്ഷമില്ല. ഒരു ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥി ജയിച്ചിട്ടുണ്ട്. ആര് ഭരിക്കണമെന്ന കാര്യത്തിൽ സ്വതന്ത്രന്റെ നിലപാട് നിർണായകം. ഒരു ഡിവിഷനിലേക്ക് കൂടി വോട്ടെടുപ്പ് നടക്കാനുണ്ട്. ഇവിടെ ഇടത് സ്ഥാനാർഥി മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കാതിരുന്നത്.

കൊല്ലം കോർപറേഷൻ

കൊല്ലം കോർപറേഷനിൽ എൽഡിഎഫിന് മൃഗീയ ഭൂരിപക്ഷം. ആകെയുള്ള 55 ഡിവിഷനുകളിൽ 39 ഇടത്തും എൽഡിഎഫിന് വൻ മുന്നേറ്റം. യുഡിഎഫിന് ഒൻപത് സീറ്റുകൾ മാത്രം. ആറിടത്ത് ബിജെപി. നാൽപ്പതിൽ അധികം സീറ്റുകൾ നേടി ഭരണം തുടരുമെന്നായിരുന്നു എൽഡിഎഫ് വിലയിരുത്തൽ.

കോഴിക്കോട് കോർപറേഷൻ

കോഴിക്കോട് കോർപറേഷനിൽ 49 ഇടത്ത് എൽഡിഎഫ് മുന്നേറ്റം. യുഡിഎഫിന് ജയിക്കാൻ സാധിച്ചത് 14 ഡിവിഷനുകളിൽ. ബിജെപി ഏഴിടത്ത്.

കണ്ണൂർ കോർപറേഷൻ

അഞ്ച് കോർപറേഷനുകൾ എൽഡിഎഫിനൊപ്പം നിന്നപ്പോൾ കണ്ണൂർ മാത്രമാണ് യുഡിഎഫിന് ആശ്വാസമായത്. 34 ഡിവിഷനുകളിൽ യുഡിഎഫ് വിജയിച്ചു. 19 ഇടത്ത് മാത്രമാണ് എൽഡിഎഫ് വിജയിച്ചത്. കണ്ണൂരിൽ ബിജെപിക്ക് ഒരു ഡിവിഷനിൽ വിജയം.

2015 ഫലം

2015 ൽ അഞ്ച് കോർപറേഷനുകൾ എൽഡിഎഫിനൊപ്പവും ഒരു കോർപറേഷൻ യുഡിഎഫിനൊപ്പവുമായിരുന്നു.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.