scorecardresearch
Latest News

തദ്ദേശഭരണ സമിതികളുടെ കാലാവധി അവസാനിച്ചു, ഇനി ഭരണനിര്‍വഹണ സമിതി

ഗ്രാമപഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻറ് എഞ്ചിനീയര്‍, പഞ്ചായത്ത് കൃഷി ഓഫീസര്‍ എന്നിവര്‍ക്കായിരിക്കും ഭരണ നിര്‍വ്വഹണ ചുമതല

thiruvananthapuram corporation office, തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസ്‌

കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി ബുധനാഴ്ചയോടെ അവസാനിച്ചു. വ്യാഴാഴ്ച മുതൽ ഭരണനിര്‍വഹണത്തിനായി ഭരണനിര്‍വഹണ സമിതിയെ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണ സമിതി രൂപീകരിക്കുന്നതു വരെയാകും സര്‍ക്കാര്‍ നിയമിക്കുന്ന ഭരണനിര്‍വഹണ സമിതികളുടെ കാലാവധി.

ജില്ല പഞ്ചായത്തില്‍ കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എന്നിവരായിരിക്കും അംഗങ്ങള്‍. ബ്ലോക്ക് പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയര്‍, കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍ എന്നിവര്‍ ഭരണനിര്‍വഹണം നടത്തും.

ഗ്രാമപഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻറ് എൻജിനീയര്‍, പഞ്ചായത്ത് കൃഷി ഓഫീസര്‍ എന്നിവര്‍ക്കായിരിക്കും ഭരണനിര്‍വഹണ ചുമതല. മുന്‍സിപ്പാലിറ്റികളില്‍ മുൻസിപ്പല്‍ സെക്രട്ടറി, മുൻസിപ്പല്‍ എൻജിനീയര്‍, ഐ.സി.ഡി.എസ് ഓഫീസര്‍ ഇൻ ചാര്‍ജ് എന്നിവരടങ്ങുന്ന സമിതിക്കായിരിക്കും ഭരണച്ചുമതല. കോര്‍പറേഷനില്‍ കലക്ടര്‍, കോര്‍പറേഷൻ സെക്രട്ടറി, കോര്‍പറേഷൻ എൻജിനീയര്‍ എന്നിവരടങ്ങുന്ന സമിതി ഭരണനിര്‍വഹണത്തിന് നേതൃത്വം നല്‍കും.

സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ എട്ട്, 10, 14 തിയതികളിലാണ് വോട്ടെടുപ്പ്. 16 ന് വോട്ടണ്ണെല്‍ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നീണ്ടുപോയത്.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Local body election administrative rule from tomorrow