നല്ല വെട്ടത്തിലുള്ള ചിരി പാസാക്കി കൈ കൂപ്പി നിൽക്കുന്ന സ്ഥാനാർഥികളെയാണ് ഇതുവരെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിൽ മലയാളി കണ്ടിരുന്നത്. എന്നാൽ, ഡിസംബറിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ഏറെ വ്യത്യസ്തമാണ്.
കോവിഡ് പ്രതിസന്ധിയെ മറ്റൊരു അവസരമാക്കുകയാണ് എല്ലാ പാർട്ടിക്കാരും. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾക്കാണ് എല്ലാ പാർട്ടികളും കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. അതിൽ ഇടത് സ്ഥാനാർഥികളുടെ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നൂതന ആശയങ്ങളോടെ തങ്ങളുടെ സ്ഥാനാർഥികളെ സമൂഹമധ്യത്തിൽ അവതരിപ്പിക്കുകയാണ് എല്ലാ പാർട്ടികാരും ലക്ഷ്യമിടുന്നത്. അത്തരത്തിലൊരു വ്യത്യസ്ത പ്രചാരണമാണ് കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിൽ എൽഡിഎഫിന്റേത്.
ബേഡഡുക്ക പഞ്ചായത്തിലെ അഞ്ചാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ഡി.വത്സലയാണ്. നാട്ടിൽ കുടംബശ്രീ നടത്തുന്ന തുന്നൽ കേന്ദ്രത്തിലെ ജോലിക്കാരി കൂടിയാണ് വത്സല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പോസ്റ്ററിലും വത്സല നാട്ടുകാർക്ക് സുപരിചിതയായ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
എൽഡിഎഫ് സ്ഥാനാർഥിയായി പ്രിയ കെ. മത്സരിക്കുന്ന രണ്ടാം വാർഡ് സ്ഥിതി ചെയ്യുന്നത് പുഴയുടെ തീരത്താണ്. അതുകൊണ്ട് വള്ളത്തിൽ നാട്ടുകാർക്കൊപ്പം കുശലം പറഞ്ഞിരിക്കുന്ന ചിത്രത്തോടെയാണ് പ്രിയയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
പത്താം വാർഡിലെ സ്ഥാനാർഥി എച്ച്.ശങ്കരൻ മൺശിൽപ്പങ്ങൾ നിർമിക്കുന്ന ആളാണ്. ഒരു ശിൽപ്പത്തിൽ അവസാന മിനുക്കുപണികൾ നടത്തുന്ന ശങ്കരനെയാണ് തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിൽ കാണാൻ സാധിക്കുക. നിഷ്‌കളങ്കരായ രണ്ട് കുട്ടികളെയും സമീപം കാണാം.
ദൈനംദിന ജീവിതത്തിൽ തങ്ങളുടെ സ്ഥാനാർഥികൾ എങ്ങനെയാണോ അതേപടി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാനാണ് എൽഡിഎഫ് ഇതിലൂടെ ശ്രമിച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലാണ് വളരെ വ്യത്യസ്‌തമായ രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇങ്ങനെയൊരു പ്രചാരണം നടത്തുന്നത്. തങ്ങൾക്കിടയിലെ ഒരാൾ തന്നെയാണ് ഈ സ്ഥാനാർഥിയെന്ന് ജനങ്ങളുടെ മനസിൽ ഊട്ടിയുറപ്പിക്കുന്നതിനാണ് ഇങ്ങനെയൊരു ശ്രമമെന്ന് ബേഡഡുക്ക പഞ്ചായത്തിലെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന ഡിവൈഎഫ്‌ഐ ലോക്കൽ യൂണിറ്റ് കമ്മിറ്റി അംഗം ശിവൻ ചൂരിക്കോട് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
Read Also: കോവിഡ് വാക്‌സിന്‍: ഫൈസർ 95 ശതമാനം വിജയകരം, ഇനി നിർണായക കടമ്പ
“സാധാരണ ചുറ്റുപാടിൽ നിന്ന് വന്നവരാണ് ഈ സ്ഥാനാർഥികളെല്ലാം. വോട്ട് ചെയ്യുന്ന തങ്ങളെ പോലുള്ളവരാണ് സ്ഥാനാർഥികളെന്നും ഏത് സമയത്തും തങ്ങൾക്ക് സമീപിക്കാവുന്ന വ്യക്തികളാണെന്നും തോന്നാനാണ് ഇങ്ങനെയൊരു പ്രചാരണം. ഉദാഹരണത്തിന്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ.രമയെ ഓർക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക ദിനേശ് ബീഡിയാണ്. കാരണം, കഴിഞ്ഞ 30-35 വർഷക്കാലമായി അവർ ഒരു ബീഡി തൊഴിലാളിയാണ്. അതുകൊണ്ട് ആ രീതിയിൽ തന്നെ തിരഞ്ഞെടുപ്പ് പോസ്റ്ററിൽ അവരെ അവതരിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു,”
“ഈ പോസ്റ്ററുകൾ കണ്ട് എതിർ പാർട്ടിയിൽ നിന്നുള്ളവർ പോലും ഞങ്ങളെ അഭിനന്ദിക്കുന്നു. സത്യസന്ധമായി പറഞ്ഞാൽ ഈ രംഗത്ത് അത്ര വൈദഗ്‌ധ്യമുള്ളവരല്ല ഞങ്ങൾ. ഡിവൈഎഫ്‌ഐ യൂണിറ്റ് മെന്പറായ വിപിൻ, ഫോട്ടോഗ്രഫിയിൽ വലിയ താൽപര്യമുള്ള ആളാണ്. വിപിനാണ് ചിത്രങ്ങളെല്ലാം പകർത്തിയത്. മറ്റൊരു വ്യക്തിയിൽ നിന്ന് ക്യാമറ വാടകയ്‌ക്കെടുത്താണ് ചിത്രങ്ങളെടുത്തത്. ആദർശ് എന്ന വ്യക്തിയാണ് പിന്നീട് ചിത്രങ്ങൾ എഡിറ്റ് ചെയ്‌ത് ഇപ്പോൾ കാണുന്ന രീതിയിൽ ആക്കിയത്. തന്റെ ജോലി കഴിഞ്ഞെത്തിയ ശേഷം രാത്രിയിലാണ് ആദർശ് എഡിറ്റിങ് പൂർത്തിയാക്കിയത്. അതുകൊണ്ട് ഇതൊരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്.” ശിവൻ പറഞ്ഞു.
സോഷ്യൽമീഡിയ വഴിയുള്ള പ്രചാരണം പാർട്ടിയുടെ യൂത്ത് വിങ് വളരെ മികച്ചതായി പൂർത്തിയാക്കിയെന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗം എ.മാധവൻ പറഞ്ഞു. ബേഡഡുക്ക പഞ്ചായത്തിലെ 11-ാം വാർഡ് സ്ഥാനാർഥി കൂടിയാണ് അദ്ദേഹം.
ഇടത് അനുകൂല പഞ്ചായത്താണ് ബേഡഡുക്ക. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ ആകെയുള്ള 17 സീറ്റുകളിൽ 16 എണ്ണത്തിലും ഇടത് സഖ്യമാണ് വിജയിച്ചത്. ഇത്തവണയും വിജയം ആവർത്തിക്കുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.