തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വേറിട്ട മുഖമായി ആരോഗ്യമന്ത്രി കെ.കെ.ശെെലജ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിനിടെയാണ് എൽഡിഎഫിന്റെ വനിത സ്ഥാനാർഥികൾക്ക് വോട്ടുതേടി ആരോഗ്യമന്ത്രിയെത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് ആവർത്തിച്ച് നിർദേശം നൽകുന്ന ആരോഗ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും ഇത് ആവർത്തിച്ചു.

പ്രസംഗ സമയത്ത് മാസ്‌ക് ഒഴിവാക്കുന്ന നിരവധി രാഷ്ട്രീയ നേതാക്കളെയാണ് ഈ അടുത്ത ദിവസങ്ങളിൽ നാം കണ്ടിരുന്നത്. എന്നാൽ, ഇക്കാര്യത്തിലും ആരോഗ്യമന്ത്രി അതീവ ശ്രദ്ധ ചെലുത്തി. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം മാസ്‌ക് ധരിച്ചുകൊണ്ടാണ് കെ.കെ.ശെെലജ പ്രസംഗിച്ചത്. മുഴുവൻ സമയവും മാസ്‌ക് ധരിച്ചാണ് മന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായത്.

പിണറായി വിജയൻ സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ആരോഗ്യമന്ത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവ് പ്രത്യേകം എടുത്തുപറഞ്ഞു.

Read Also: കർഷക സമരത്തിനൊപ്പം; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ട്രൂഡോ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽ മാസ്‌ക് ഒഴിവാക്കരുതെന്നും സാമൂഹിക അകലം ലംഘിക്കരുതെന്നും അണികളെ ഓർമപ്പെടുത്തിയാണ് ആരോഗ്യമന്ത്രി കളംനിറഞ്ഞത്. വനിത സ്ഥാനാർഥികൾ മത്സരിക്കുന്ന വാർഡുകളിലാണ് ആരോഗ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.

മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമല്ലെന്ന് പ്രതിപക്ഷം നേരത്തെ വിമർശനമുന്നയിച്ചിരുന്നു. അതിനിടയിലാണ് അണികളെ ആവേശത്തിലാഴ്‌ത്തി ആരോഗ്യമന്ത്രി തിരഞ്ഞെടുപ്പ് രംഗത്ത് കളംനിറഞ്ഞത്.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.