‘താമര അടയാളത്തിൽ വോട്ട് ചെയ്ത് എന്നെ വിജയിപ്പിക്കണം’ പറയുന്നത് കൊറോണയാണ്. ആദ്യം കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ഇതൊരു ചെറിയ കളിയല്ല. കൊല്ലം മതിലിൽ ഡിവിഷൻ ഇത്തവണ പിടിച്ചെടുക്കുമെന്നാണ് കൊറോണ പറയുന്നത്. ഏത് കൊറോണയെന്ന് സംശയിക്കേണ്ട. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം മതിലിൽ ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന കൊറോണ ജിനുവാണ് ഇപ്പോൾ വാർത്തയിലെ താരം.

പേരിലെ വ്യത്യസ്തതയാണ് ഈ 24 കാരിയുടെ സ്ഥാനാർഥിത്വത്തിലേക്ക് വഴിവച്ചത്. കൊറോണയുടെ ഭർത്താവ് ജിനു സുരേഷ് ബിജെപിയുടെ സജീവ പ്രവർത്തകനും മണ്ഡലം കാര്യവാഹകുമാണ്. മതിലിൽ വാർഡിൽ സ്ത്രീ സംവരണം വന്നപ്പോൾ കൊറോണയെ തേടി സ്ഥാനാർഥിത്വം എത്തുകയായിരുന്നു.
മതിലിൽ കാട്ടുവിളയിൽ തോമസ് ഫ്രാൻസിസിന്റെയും ഷീലയുടെയും മകളാണ് കൊറോണ. തോമസ്-ഷീല ദമ്പതികൾക്ക് ഇരട്ടക്കുട്ടികളാണ് ജനിച്ചത്. ഇരുവർക്കും വ്യത്യസ്ത പേര് ഇടണമെന്ന് തോമസ് ഫ്രാൻസിസിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഡിക്ഷണറിയെടുത്ത് പരതിയത്. ഒടുക്കം ഇരട്ടക്കുട്ടികളിൽ മകൾക്ക് കൊറോണയെന്നും മകന് കോറൽ എന്നും പേരിട്ടു. കൊറോണ എന്ന വാക്കിനർത്ഥം പ്രകാശവലയം എന്നാണ്. പവിഴം എന്നാണ് കോറൽ എന്ന വാക്കിന്റെ അർത്ഥം.

ചെറുപ്പം മുതലേ തനിക്ക് ഈ പേരിനോട് വലിയ താൽപര്യമില്ലായിരുന്നു എന്ന് കൊറോണ ജിനു ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. “എനിക്ക് ഈ പേര് ഇഷ്ടമല്ലായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു പേരിട്ടതെന്ന് ഞാൻ വീട്ടിൽ ചോദിക്കാറുണ്ട്. പേര് മാറ്റാനും ആഗ്രഹിച്ചിരുന്നു,” കൊറോണ പറഞ്ഞു.
വീട്ടുകാർ കമ്യൂണിസ്റ്റ് അനുഭാവമുള്ളവർ ആയിരുന്നെന്നും വിവാഹശേഷമാണ് ബിജെപി രാഷ്ട്രീയത്തോട് താൽപര്യമായതെന്നും കൊറോണ പറയുന്നു. ഭർത്താവ് ബിജെപിയുടെ സജീവ പ്രവർത്തകനാണെന്നും അതുവഴിയാണ് താനും ബിജെപിയിലേക്ക് അടുത്തതെന്നും കൊറോണ പറഞ്ഞു.
“തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എനിക്ക് താൽപര്യക്കുറവുണ്ടായിരുന്നു. ആദ്യമുണ്ടായിരുന്ന താൽപര്യക്കുറവ് ഇപ്പോൾ മാറി. നൂറ് ശതമാനം മനസോടെയാണ് ഇപ്പോൾ പ്രചാരണം പുരോഗമിക്കുന്നത്. പ്രചാരണ പ്രവർത്തനങ്ങൾക്ക് ഭർത്താവ് ഒപ്പമുണ്ട്,” കൊറോണ പറഞ്ഞു.
മതിലിൽ ഡിവിഷനിൽ കഴിഞ്ഞ തവണ കോൺഗ്രസാണ് ജയിച്ചത്. ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ തീർച്ചയായും ബിജെപി ജയിക്കുമെന്നാണ് കൊറോണ പ്രതീക്ഷിക്കുന്നത്.

“കോവിഡ് മഹാമാരിയെ കുറിച്ചും കൊറോണ വൈറസിനെ കുറിച്ചും വാർത്തകൾ പുറത്തുവന്നതോടെ എന്റെ പേര് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ആദ്യമൊക്കെ എല്ലാവരും കളിയാക്കിയിരുന്നു. അപ്പോൾ വിഷമം തോന്നിയിരുന്നു. കേരളത്തിലടക്കം കൊറോണ രൂക്ഷമായപ്പോൾ എന്നെ കണ്ടാൽ തമാശയ്ക്കാണെങ്കിലും ‘ദേ, കൊറോണ വരുന്നു.., ഗോ കൊറോണ ഗോ..’ എന്നൊക്കെ പറഞ്ഞ് നാട്ടിലുള്ളവർ കളിയാക്കിയിരുന്നു. ഇപ്പോൾ അത്തരം കളിയാക്കലുകൾ ഇല്ല. പേര് മാറ്റുന്ന കാര്യം ഇനി ആലോചിക്കുന്നേയില്ല!” കൊറോണ വ്യക്തമാക്കി
കൊറോണ വൈറസിനോട് അങ്കംവെട്ടി വിജയിച്ചുകയറിയ വ്യക്തി കൂടിയാണ് കൊറോണ തോമസ്. ബിജെപി സ്ഥാനാർഥിയായ കൊറോണ ജിനു കോവിഡിന്റെ പിടിയിൽ നിന്നു മോചിതയായി തന്റെ രണ്ടാം കുഞ്ഞിനു ജന്മം നൽകിയിട്ട് അധികമായിട്ടില്ല. കോവിഡ് ബാധിച്ചു കൊല്ലം ഗവ.മെഡിക്കൽ കോളജിൽ കഴിയവെ, ഒക്ടോബർ 15 നാണു കൊറോണ രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകിയത്. അർപ്പിത എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അർപ്പിതയ്ക്കും കോവിഡ് പോസിറ്റീവായിരുന്നു. ആദ്യത്തെ കുഞ്ഞിന്റെ പേര് അർണവ് എന്നാണ്.