/indian-express-malayalam/media/media_files/uploads/2019/02/advani-dLK-advani.PTI_.L-002.jpg)
ന്യൂഡല്‍ഹി: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ ചര്‍ച്ചയാകുന്നത് മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയുടെ പേര്. ഗാന്ധിനഗര്‍ സീറ്റില്‍ നിന്ന് അഡ്വാനിയെ ഒഴിവാക്കിയത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്.
അഡ്വാനിയുടെ സിറ്റിങ് സീറ്റായ ഗാന്ധിനഗറില്‍ ഇത്തവണ താമര വിരിയിക്കാന്‍ കളത്തിലിറങ്ങുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ്. ഗുജറാത്തില്‍ അവസാനം നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ നിന്ന് അമിത് ഷാ മാറിനിന്നിരുന്നു. അതിനു പിന്നാലെയാണ് പാര്‍ലമെന്റിലേക്ക് മത്സരിക്കാനായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലല്ല ദേശീയ രാഷ്ട്രീയത്തിലാണ് അമിത് ഷാ ലക്ഷ്യം വയ്ക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുകയാണ്. അതും മത്സരിക്കുന്നതാകട്ടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയുടെ സിറ്റിങ് സീറ്റിലും.
Read More: രാഹുല്‍ ഗാന്ധിയോട് 1 ലക്ഷം വോട്ടിന് തോറ്റ സ്മൃതി ഇറാനി വീണ്ടും ഏറ്റുമുട്ടുന്നു
അതേസമയം, ഗാന്ധിനഗര്‍ അഡ്വാനിക്ക് നഷ്ടമാകുമ്പോള്‍ അത് അദ്ദേഹത്തിന്റെ പടിയിറക്കത്തിനുള്ള സൂചനകളാണെന്നും രാഷ്ട്രീയ വിലയിരുത്തലുകളുണ്ട്. 1991 മുതല്‍ ഗാന്ധിനഗറില്‍ നിന്ന് ആറ് തവണ തുടര്‍ച്ചയായി ലോക്‌സഭയിലെത്തിയ നേതാവാണ് അഡ്വാനി. 1996 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങള്‍ അഡ്വാനിക്ക് അവകാശപ്പെട്ടതാണ്. അയോധ്യ വിഷയവും രഥയാത്രയും അഡ്വാനിയെന്ന നേതാവിനെ ബിജെപിയുടെ അമരക്കാരന്‍ ആക്കുകയായിരുന്നു.
1991 ല്‍ ഗാന്ധിനഗറില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അഡ്വാനിയുടെ ഭൂരിപക്ഷം ഒന്നേകാല്‍ ലക്ഷമായിരുന്നു. 2014 ലേക്ക് എത്തിയപ്പോള്‍ ഭൂരിപക്ഷം നാലര ലക്ഷം കടന്നു. എന്നാല്‍, 2019 ലേക്ക് എത്തിയപ്പോള്‍ ഗാന്ധിനഗര്‍ സീറ്റ് അഡ്വാനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. 184 സ്ഥാനാര്‍ഥികളുടെ ആദ്യ ലിസ്റ്റാണ് ബിജെപി ഇന്നലെ പ്രഖ്യാപിച്ചത്. ഈ ലിസ്റ്റില്‍ അഡ്വാനിയില്ല. മറ്റേതെങ്കിലും സീറ്റില്‍ അഡ്വാനിയെ സ്ഥാനാര്‍ഥിയാക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.