കണ്ണൂര്‍: കള്ളവോട്ട് സ്ഥിരീകരിച്ച കാസര്‍കോട്ടെയും കണ്ണൂരിലെയും ഏഴ് ബൂത്തുകളില്‍ റീപോളിങ് തുടങ്ങി. വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. തൃക്കരിപ്പൂരിലെ നാല്‍പത്തെട്ടാം നമ്പര്‍ ബൂത്തില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ട്.

കാസര്‍കോട് തൃക്കരിപ്പൂര്‍ കൂളിയോട് ജി.എച്ച്.എസ് ന്യൂബില്‍ഡിങ് ബൂത്ത് നമ്പര്‍ 48, കണ്ണൂര്‍ കുന്നിരിക്ക യുപിഎസ് വേങ്ങാട് നോര്‍ത്ത് ബൂത്ത് നമ്പര്‍ 52, കണ്ണൂര്‍ കുന്നിരിക്ക യുപി എസ് വേങ്ങാട് സൗത്ത് ബൂത്ത് നമ്പര്‍ 53 , കല്യാശേരിയിലെ പിലാത്തറ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍ 69,70 ബൂത്തുകള്‍, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്കൂള്‍ ബൂത്ത് എന്നിവിടങ്ങളിലാണ്
ഇന്ന് റീപോളിങ് നടക്കുന്നത്.

Read More: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാരെ തിരിച്ചുവിളിച്ചു

Read More Election News Here

റീപോളിങിനെ സ്വാഗതം ചെയ്യുന്നതായി കാസർകോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ശരിയായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ സ്വാഗതം ചെയ്യണമെന്നും മന്ത്രി ഇ.പി.ജയരാജനും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ശരിയായ നടപടിയാണെന്ന് ബിജെപി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറും പറഞ്ഞു.

കള്ളവോട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ പല ബൂത്തുകളിലും റീപോളിങ് നടത്തണമെന്ന് മുന്നണികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മും മുസ്ലീം ലീഗുമാണ് കള്ളവോട്ട് ആരോപണത്തിൽ കുടുങ്ങിയത്. ഞായറാഴ്ച നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പോടെ രാജ്യത്ത് വിധിയെഴുത്ത് അവസാനിക്കും. മേയ് 23 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.