ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് പൂർത്തിയാകുന്നു. 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതിയത്. ലക്ഷദ്വീപിലെ ഒരു സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു. ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിലേക്കും തെലങ്കാനയിലെ 17 സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് പൂർത്തിയായി. രണ്ടിടത്തും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്.

ആന്ധ്ര, അരുണാചല്‍, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ഇതോടൊപ്പമാണ് നടന്നത്. ആദ്യ ഘട്ട വോട്ടെടുപ്പിനിടെ പലയിടത്തും പരക്കെ സംഘർഷമുണ്ടായി. ഉത്തര്‍പ്രദേശിലെ കൈരാനയിൽ സംഘര്‍ഷം തടയാൻ ബി.എസ്.എഫ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളിലും അരുണാചലിലും അക്രമങ്ങളിൽ നിരവധിപേര്‍ക്ക് പരിക്കേറ്റു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി.

ഏപ്രില്‍ 23 നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. മേയ് 23 ന് ഫലപ്രഖ്യാപനം നടക്കും. ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് ഇത്തവണ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.