തിരുവനന്തപുരം: ഏഴ് സീറ്റുകളില്‍ തീര്‍ച്ചയായും വിജയം ഉറപ്പിച്ച് സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് വിലയിരുത്തല്‍. നാലിടത്ത് വിജയസാധ്യതയുണ്ടെന്നും പാര്‍ട്ടി വിലയിരുത്തി.

സിപിഎം ജയം ഉറപ്പിച്ച മണ്ഡലങ്ങള്‍ ഇവയാണ്: കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, കൊല്ലം, ആലപ്പുഴ, ആറ്റിങ്ങല്‍.

ജയസാധ്യതയുണ്ടെന്ന് കരുതുന്ന നാല് മണ്ഡലങ്ങള്‍ ഇവയാണ്: പത്തനംതിട്ട, ഇടുക്കി, വടകര, ചാലക്കുടി.

18 സീറ്റുകളിൽ വിജയ പ്രതീക്ഷയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം പ്രതികരിച്ചത്. എന്നാൽ, വിജയം ഉറപ്പുള്ള ഏഴ് മണ്ഡലങ്ങളുണ്ടെന്ന് സെക്രട്ടറിയേറ്റിൽ വിലയിരുത്തലുണ്ടായെന്നാണ് റിപ്പോർട്ടുകൾ. മലപ്പുറം, വയനാട് മണ്ഡലങ്ങളിൽ സിപിഎം തോൽവി ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബിജെപി വോട്ട് യുഡിഎഫിലേക്ക് പോയതായി സെക്രട്ടറിയേറ്റ് വിലയിരുത്തി. വോട്ടിങ് ശതമാനം വർധിച്ചതും ന്യൂനപക്ഷ ധ്രുവീകരണവും ആർക്ക് ഗുണം ചെയ്യുമെന്ന ആശങ്കയിലാണ് പാർട്ടി സെക്രട്ടറിയേറ്റ് അവസാനിച്ചത്. ഒരു മുന്നണിക്ക് മാത്രം ഇതുകൊണ്ട് ഗുണം ഉണ്ടാകില്ലെന്ന വിലയിരുത്തലും ഉണ്ടായി.

ശക്തമായ മത്സരം നടന്നതാണ് പോളിങ് ശതമാനം വർധിക്കാൻ കാരണം. 2004ന് സമാനമായ പ്രവണതയാണ് കാണുന്നത്. അതുകൊണ്ട് തന്നെ എൽഡിഎഫിന് അഭിമാനർഹമായ ജയമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതം കൂടുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിജെപി വോട്ട് മറിഞ്ഞാലും ഇടതുപക്ഷത്തിന് വിജയിക്കാൻ സാധിക്കുമെന്നും കോടിയേരി.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.