/indian-express-malayalam/media/media_files/uploads/2021/03/lathika-subhash.jpg)
തിരുവനന്തപുരം: സീറ്റ് പരിഗണനയിൽ സ്ത്രീകളെ അവഗണിച്ചുവെന്ന് ആരോപിച്ച് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുന്ന മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കി. ഇക്കാര്യം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതിന്റെ പ്രതിഷേധ സൂചകമായി ലതിക സുഭാഷ്, കെപിസിസി ആസ്ഥാനമായ ഇന്ദിരഭവന് മുന്നിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു ഈ പ്രതിഷേധം. ഇതിന് പിന്നാലെ അതിരൂക്ഷമായ വിമർശനങ്ങളാണ് കോൺഗ്രസ് നേതൃത്വത്തിന് നേരിടേണ്ടിവന്നിരുന്നത്. നേതാക്കളുടെ അനുനയന നീക്കങ്ങൾ തള്ളിയാണ് ലതിക സുഭാഷ് ഏറ്റുമാനൂര്‍ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ ലതിക സുഭാഷിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാർഥി പട്ടിക തയാറാക്കാനാകില്ലെന്നും തലമുണ്ഡനം ചെയ്തുള്ള ലതിക സുഭാഷിന്റെ പ്രതിഷേധം ശരിയായില്ലെന്നും ഏറ്റുമാനൂർ ലതികയ്ക്ക് നൽകാൻ പരമാവധി ശ്രമിച്ചെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ലതിക സുഭാഷിന്റെ സ്ഥാനാർഥിത്വം ഏറ്റുമാനൂരിൽ വെല്ലുവിളിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Also Read: ‘നേമത്തും ജയിക്കില്ല’; ഇത്തവണ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പിണറായി
അതേസമയം, സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ച് കെ.സുധാകരൻ എം.പി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികൾ തീർത്തും മോശമായിരുന്നുവെന്നും ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സുധാകരൻ പൊട്ടിത്തെറിക്കുകയായിരുന്നു. ലതിക സുഭാഷിന്റെ പ്രതിഷേധം ന്യായമാണെന്നും സുധാകരൻ പറഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി സ്ഥാനാർഥി പട്ടികയിൽ തങ്ങളുടെ ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരൻ ആരോപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.