ന്യൂഡല്‍ഹി: ലോക്‌സഭാ സീറ്റ് ലഭിക്കാത്തതില്‍ പരസ്യമായി പ്രതിഷേധമറിയിച്ച കെ.വി.തോമസ് എംപി പാര്‍ട്ടിക്ക് വഴങ്ങുന്നു. താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും കെ.വി.തോമസ് ഡല്‍ഹിയില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ.വി.തോമസ് മാധ്യമങ്ങളെ കണ്ടത്.

ഞാനൊരു അടിമുടി കോണ്‍ഗ്രസുകാരനാണ്. എന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. ബിജെപി തനിക്കായി ഒന്നും വച്ചുനീട്ടിയിട്ടില്ല. കോണ്‍ഗ്രസിന് ക്ഷീണം ചെയ്യുന്ന ഒരു കാര്യവും താന്‍ ചെയ്യില്ലെന്നും കെ.വി.തോമസ് പറഞ്ഞു.  സോണിയ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്നും കെ.വി.തോമസ് വ്യക്തമാക്കി.

Read More: വീട്ടില്‍ കാണാനെത്തിയ ചെന്നിത്തലയോട് കെ.വി.തോമസ് ക്ഷുഭിതനായതായി റിപ്പോര്‍ട്ട്

തനിക്ക് ബുദ്ധിമുട്ടുള്ള കാര്യം പാര്‍ട്ടിയില്‍ നിന്നുണ്ടായപ്പോള്‍ പ്രതികരണം അറിയിച്ചു. പാര്‍ട്ടിക്കകത്ത് മാത്രമാണ് അത്തരം പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അറിയിക്കാറുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസം അതിന് വിപരീതമായി പ്രതികരിക്കേണ്ടി വന്നുവെന്നും തോമസ് വ്യക്തമാക്കി. എറണാകുളം കോണ്‍ഗ്രസിന്റെ കോട്ടയാണെന്നും ഹൈബി ഈഡന്‍ മികച്ച വിജയം കരസ്ഥമാക്കുമെന്നും കെ.വി.തോമസ് പറഞ്ഞു.

Read More: സീറ്റ് നിഷേധിച്ചതില്‍ ദുഃഖം, എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ല: കെവി തോമസ്

ഞാനും രമേശ് ചെന്നിത്തലയും ലീഡറുടെ ശിഷ്യന്‍മാരാണ്. രമേശിനോട് ദേഷ്യപ്പെടാനും കെട്ടിപ്പിടിക്കാനും എനിക്ക് അധികാരമുണ്ട്. രമേശിനോട് ബുദ്ധിമുട്ടുകള്‍ പറഞ്ഞെന്ന് മാത്രം. സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിടില്ല. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. പ്രചാരണത്തിനായി എല്ലായിടത്തും പോകും. സീറ്റ് നിഷേധിച്ചതല്ല, മറിച്ച് പെരുമാറ്റമാണ് ഏറെ വേദനിപ്പിച്ചത്. അതുകൊണ്ട് തുറന്നുപറഞ്ഞെന്ന് മാത്രം. സ്ഥാനമാനങ്ങളൊന്നും ഇല്ലെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി മുന്നോട്ടുപോകുമെന്നും കെ.വി.തോമസ് കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ