തിരുവനന്തപുരം: വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ ജയിക്കില്ലെന്ന് ബിജെപി നേതാവും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരന്‍. വടകരയില്‍ കെ.മുരളീധരന്‍ ജയിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ‘നേതാവ് ലൈവില്‍’ എന്ന തിരഞ്ഞെടുപ്പ് പരിപാടിയില്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Read More: രാഹുല്‍ മത്സരിക്കുമോ ഇല്ലയോ? തീരുമാനം ഉടനെന്ന് കെ.സി.വേണുഗോപാല്‍
വടകരയിൽ കെ മുരളീധരൻ ജയിച്ചാൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കുമോ എന്നായിരുന്നു ചോദ്യം. ഇതിനാണ് കെ മുരളീധരൻ ജയിക്കില്ലെന്ന് കുമ്മനം പറഞ്ഞത്. “ജയിക്കില്ലല്ലോ, ജയിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലല്ലോ,” എന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. തിരുവനന്തപരം ലോക്‌സഭാ മണ്ഡലത്തില്‍ താന്‍ വിജയിക്കുമെന്നും കുമ്മനം പറഞ്ഞു.
വടകരയില്‍ കെ.മുരളീധരനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വടകരയില്‍ കോണ്‍ഗ്രസ് – ബിജെപി അവിശുദ്ധ കുട്ടുക്കെട്ട് ഉണ്ടെന്നും ജയരാജനെ തോല്‍പ്പിക്കാന്‍ ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുരളീധരനെ പിന്തുണക്കാന്‍ ധാരണയായിട്ടുണ്ടെന്നും എല്‍ഡിഎഫ് ആരോപിച്ചിരുന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കാനോ പോകുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരും സിപിഐ സ്ഥാനാര്‍ഥി സി.ദിവാകരനുമാണ് കുമ്മനം രാജശേഖരന്റെ മുഖ്യ എതിരാളികള്‍.