തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭയിലെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. പത്മഭൂഷണ്‍ പുരസ്കാരം നേടിയ മോഹന്‍ലാലിനെ സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചതായും തന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നതായും കുമ്മനം പറഞ്ഞു. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ കുമ്മനം തന്നെയാണ് സന്ദര്‍ശന വിവരം പങ്കുവച്ചത്.

Read: തനി നാടന്‍ ലുക്കില്‍ കുമ്മനം: പ്രചാരണ പരിപാടി ആരംഭിച്ചത് കുളം വൃത്തിയാക്കിക്കൊണ്ട്

കേരളത്തിൽ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാർഥിയായി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശക്തമായ സമ്മർദം ചെലുത്തിയിരുന്നുവെങ്കിലും രാഷ്ട്രീയം തന്‍റെ തട്ടകമല്ലെന്ന നിലപാടാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്.

പിന്നീട് മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചാണ് കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് സ്ഥാനാർഥിയായത്. 2014 ൽ നേരിയ ഭൂരിപക്ഷത്തിൽ കൈവിട്ട മണ്ഡലം ഏതുവിധേനയും പിടിച്ചെടുക്കാനാണ് ബിജെപിയുടെ ലക്ഷ്യം. യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും ഇടതുപക്ഷ സ്ഥാനാർഥി സി.ദിവാകരനും കുമ്മനത്തിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.