ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പുറത്തുനിന്ന് ഗുണ്ടകളെ കൊണ്ടുവന്നാണ് ബംഗാളില്‍ ബിജെപി അക്രമങ്ങള്‍ നടത്തിയതെന്ന് മമത ബാനർജി പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഉള്ളതിന് സമാനമായ ആക്രമങ്ങളാണ് ബിജെപി ബംഗാളില്‍ നടത്തുന്നതെന്നും മമത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലുണ്ടായ ആക്രമണങ്ങള്‍ കരുതിക്കൂട്ടിയുള്ള പദ്ധതിയാണെന്ന് മമത പറഞ്ഞു. ആക്രമണങ്ങളുടെ പേരില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും മമത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Read More: ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂക്കുകയര്‍; പരസ്യ പ്രചാരണം വെട്ടിക്കുറച്ചു

കഴിഞ്ഞ ദിവസം ബംഗാളിലുണ്ടായ എല്ലാ ആക്രമണങ്ങള്‍ക്കും കാരണക്കാരന്‍ അമിത് ഷായാണ്. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അമിത് ഷായ്ക്ക് ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും അയച്ചിട്ടില്ല. മോദിക്കെതിരെ സംസാരിക്കുന്നതുകൊണ്ട് ബംഗാളിനെ ഉന്നം വച്ചിരിക്കുകയാണെന്നും മമത പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മമത വിമര്‍ശനമുന്നയിച്ചു. കമ്മീഷന്‍ രാഷ്ട്രീയ പ്രേരിതമായാണ് പ്രവര്‍ത്തിക്കുന്നത്. കമ്മീഷന്റെ നടപടികള്‍ അധാര്‍മികവും അന്യായവുമാണ്. അടുത്ത ദിവസം നടക്കേണ്ട പ്രധാനമന്ത്രിയുടെ രണ്ട് തിരഞ്ഞെടുപ്പ് റാലികള്‍ പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവാദം നല്‍കിയെന്നും മമത കുറ്റപ്പെടുത്തി.

Read More: അമിത് ഷായുടെ റാലിക്കെതിരായ ആക്രമണം ബിജെപിയോടുള്ള മമതയുടെ പ്രതികാരം: നരേന്ദ്രമോദി

ബിജെപിയുടെ ഉത്തരവുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാലിക്കുന്നതും നടപ്പിലാക്കുന്നതും. ബംഗാളില്‍ കലാപം ഉണ്ടാക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ബംഗാളിലെ ജനങ്ങളെ മോദിക്ക് ഭയമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

ബിജെപി – തൃണമൂൽ ഏറ്റുമുട്ടലിനെ തുടർന്ന് പശ്ചിമ ബംഗാളിനെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടിയാണ് ബംഗാളിലുണ്ടായിരിക്കുന്നത്. ബംഗാളില്‍ തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഒരു ദിവസത്തേക്കാണ് വെട്ടിക്കുറച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് – ബിജെപി ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചത്. ഏഴാം ഘട്ടത്തില്‍ വിധിയെഴുതാന്‍ പോകുന്ന പശ്ചിമ ബംഗാളിലെ ഒന്‍പത് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള പരസ്യ പ്രചാരണം നാളെ രാത്രിയോടെ അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

Read More Election News: 

നാളെ രാത്രി പത്ത് വരെ മാത്രമേ ബംഗാളില്‍ പരസ്യ പ്രചാരണത്തിന് അനുവാദമുള്ളൂ. പരസ്യ പ്രചാരണം വെള്ളിയാഴ്ചയാണ് അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍, പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കമ്മീഷന്‍ പരസ്യ പ്രചാരണത്തിന് നിയന്ത്രണം കൊണ്ടുവന്നത്. ആർട്ടിക്കൾ 324 ന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാജ്യത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യ പ്രചാരണം വെട്ടിക്കുറയ്ക്കുന്നത്. വിദ്യാസാഗർ പ്രതിമ തകർക്കപ്പെട്ട സംഭവത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അപലപിച്ചു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.