തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ഭയമുണ്ടാക്കുന്നില്ലെന്ന് സിപിഎം കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎം മികച്ച പോരാട്ടം കാഴ്ചവയ്ക്കും. ബിജെപി സ്ഥാനാര്‍ഥി പോലും മത്സരിക്കാത്ത മണ്ഡലത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കാന്‍ എത്തുന്നതെന്നും കോടിയേരി പറഞ്ഞു.

2004 ന് സമാനമായ സാഹചര്യം കേരളത്തില്‍ ഉണ്ടാകും. ഇടതുപക്ഷം കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കും. സിപിഎം മികച്ച രീതിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ തോല്‍പ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

Read More: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്ന് ആവശ്യം

നിലവില്‍ ബിഡിജെഎസാണ് വയനാട് സീറ്റില്‍ മത്സരിക്കുന്നത്. ബിഡിജെഎസിന്റെ പൈലി വാദ്യാട്ടാണോ ഇടതുപക്ഷമാണോ കോണ്‍ഗ്രസിന്റെ എതിരാളികള്‍ എന്ന് വ്യക്തമാക്കണം. 2014 ല്‍ ഇരുപതിനായിരം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് വയനാട്ടില്‍ തോറ്റത്. എന്നാല്‍, ഇത്തവണ ഇടതുപക്ഷം വയനാട്ടില്‍ വിജയിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Read More: ‘കേരളത്തില്‍ നിന്ന് മത്സരിച്ചാല്‍ അത് ബിജെപിക്കെതിരായ മത്സരമാണെന്ന് ആരെങ്കിലും പറയുമോ?’: പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയനും രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. കേരളത്തില്‍ നിന്ന് മത്സരിക്കുമ്പോള്‍ അത് ഇടതുപക്ഷത്തിനെതിരായ മത്സരമാകും. ബിജെപിയല്ല വയനാട്ടില്‍ എതിരാളി. ബിജെപിക്കെതിരായ പോരാട്ടമാണ് ഉദ്ദേശിക്കുന്നെങ്കില്‍ അത് ബിജെപി മത്സരിക്കുന്ന മണ്ഡലത്തില്‍ നിന്ന് ആകാമല്ലോ. ഇക്കാര്യം നേരത്തെയും താന്‍ ചൂണ്ടിക്കാട്ടിയതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ പോരാടാനുള്ള കരുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. വയനാട്ടില്‍ രാഹുലിനെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷം ശ്രമിക്കും. ആത്മവിശ്വാസത്തോടെ പോരാടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.