തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സിപിഎമ്മും ഇടതുപക്ഷ സര്‍ക്കാരും എടുത്ത നിലപാട് തെറ്റല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശരിയായ നിലപാടാണ് സര്‍ക്കാരും സിപിഎമ്മും എടുത്തത്. ഭരണഘടനയെ അംഗീകരിക്കുന്ന, പുരോഗമനവാദം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവര്‍ക്കും സുപ്രീം കോടതി വിധി അനുസരിക്കാനും നടപ്പിലാക്കാനും മാത്രമേ സാധിക്കൂ. അത് മാത്രമാണ് ശബരിമല വിഷയത്തിലും സര്‍ക്കാര്‍ എടുത്ത നിലപാടെന്ന് കോടിയേരി പറഞ്ഞു.

Read More: പിണറായി വിജയന്‍ സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്

സുപ്രീം കോടതി വിധി അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ചിലര്‍ അതിനെ വര്‍ഗീയമായി ഉപയോഗിച്ചു. സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് പറഞ്ഞവര്‍ക്ക് സുപ്രീം കോടതി വിധി തിരുത്തിക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. സ്ത്രീ പുരുഷ സമത്വം ഭരണഘടനയിലുള്ളതാണ്. വിശ്വാസികളെല്ലാം സിപിഎമ്മിനെതിരായി വോട്ട് ചെയ്തു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. അങ്ങനെയാണെങ്കില്‍ ഇടതുപക്ഷത്തിന് ഇനിയും വോട്ട് കുറഞ്ഞേനെ. ബഹുഭൂരിപക്ഷം വിശ്വാസികള്‍ തന്നെയാണ് ഇടതുപക്ഷത്തിന് ഇത്തവണ വോട്ട് ചെയ്തിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ അപ്പാടെ ഇടതുപക്ഷത്തിനെതിരായി വോട്ട് ചെയ്തു എന്ന് പറയുന്നതും ശരിയല്ല. ആലപ്പുഴയില്‍ വിജയിച്ചത് ന്യൂനപക്ഷ വോട്ടുകള്‍ കൂടി ലഭിച്ചതിനാലാണ്. വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പലരും ശ്രമിച്ചത്. അതുകൊണ്ടാണ് ഇടതുപക്ഷത്തിന് ഗണ്യമായ രീതിയില്‍ വോട്ട് കുറഞ്ഞതെന്നും കോടിയേരി പറഞ്ഞു.

Read More: തോൽവിക്ക് കാരണം ശബരിമലയും

പരമ്പരാഗത വോട്ടുകളില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് പരിശോധിക്കും. ബൂത്ത് തലം മുതല്‍ പരിശോധന നടത്തും. ഏപ്രില്‍ 31, മേയ് 1 ദിവസങ്ങളില്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് തോല്‍വിയെ കുറിച്ച് പരിശോധന നടത്തും. അതിനു ശേഷം മാധ്യമങ്ങളെ അറിയിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിരഞ്ഞെടുപ്പിലെ തോല്‍വി മുഖ്യമന്ത്രിയെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 20 ലോക്‌സഭാ സീറ്റുകളില്‍ 19 ഇടത്തും ഇടതുമുന്നണി പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.