തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റീപോളിങ് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് കമ്മീഷന്റെ ഈ നടപടി. വേണ്ടത്ര ഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ടിങിന് അവസരം നിഷേധിച്ചെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
Read More: കള്ളവോട്ട് നടന്ന ഏഴ് ബൂത്തുകളില്‍ ഞായറാഴ്ച റീ പോളിംഗ്; ഇന്ന് നിശബ്ദ പ്രചാരണം
സംസ്ഥാനത്തെ ഏഴ് ബൂത്തുകളിലാണ് നാളെ റീപോളിങ് നടക്കുന്നത്. കള്ളവോട്ട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പരസ്യ പ്രചരണത്തിന് സമയം അനുവദിച്ചിരുന്നു.
കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. കള്ളവോട്ട് തെളിഞ്ഞ കണ്ണൂരിലെ നാലും കാസർകോട്ടെ മൂന്നും ബൂത്തുകളിലാണ് റീപോളിങ്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തിൽ കനത്ത സുരക്ഷയിലായിരിക്കും റീ പോളിങ്. കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്‌കൂളിലെ 19-ാം ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69, 70 ബൂത്തുകള്‍, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി.എസിലെ 166-ാം ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടത്താന്‍ വ്യാഴാഴ്ച തീരുമാനിച്ചത്. ഇതില്‍ കല്യാശ്ശേരിയിലെ മൂന്നു ബൂത്തുകള്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഏഴം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 59 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തിൽ പോളിങ് നടക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് ഏഴാം ഘട്ടത്തിൽ വിധിയെഴുതുന്നത്. ബിഹാറിലെ എട്ട് മണ്ഡലങ്ങൾ, ജാർഖണ്ഡിലെ മൂന്ന് മണ്ഡലങ്ങൾ, ഹിമചാൽ പ്രദേശിലെ നാല് മണ്ഡലങ്ങൾ, മധ്യപ്രദേശിലെ എട്ട് മണ്ഡലങ്ങൾ, പഞ്ചാബിലെ 13 മണ്ഡലങ്ങൾ, പശ്ചിമ ബംഗാളിലെ ഒമ്പത് മണ്ഡലങ്ങൾ, ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങൾ, ഛണ്ഡിഘട്ടിലെ ഒരു മണ്ഡലം എന്നിവയാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.