തിരുവനന്തപുരം: സിപിഎമ്മുകാരനും ബിജെപിക്കാരനും കോണ്‍ഗ്രസുകാരനും ഒരു പോലെ ക്ഷേമ പെന്ഷന് കിട്ടിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തുല്യ നീതി ഉറപ്പാക്കുന്ന സര്‍ക്കാര്‍ കേരളത്തിലുണ്ടെന്നും കോടിയേരി പറഞ്ഞു.
മുന്‍പ് 600 രൂപ മാത്രമായിരുന്ന ക്ഷേമ പെന്ഷന് ഇന്ന് 1100 രൂപയാണ്. കേരളത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് ക്ഷേമ പെന്ഷന് വര്‍ധിച്ചതും അത് കൃത്യമായി വീടുകളിലെത്തി തുടങ്ങിയതെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.ദിവാകരന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജനങ്ങള്‍ക്കും മികച്ച ജീവിത നിലവാരം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Read More: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം; പരാജയഭീതിയെന്ന് കോടിയേരി ബാലകൃഷ്ണൻ
കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുകയാണ്. ആരാണ് കൂടുതല്‍ ഹിന്ദുത്വം പറയുന്നത് എന്ന കാര്യത്തിലാണ് ഇരുവരും മത്സരിക്കുന്നത്. വര്‍ഗീയതയ്ക്ക് വളം വച്ചുകൊടുക്കാനുള്ള കാര്യങ്ങളാണ് ഇരു പാര്‍ട്ടികളും ചെയ്യുന്നത്. ബിജെപി എന്ത് പറയുന്നോ അതാണ് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. അതുകൊണ്ട് രാജ്യത്ത് ഒരു മതനിരപേക്ഷ ബദല്‍ സര്‍ക്കാരാണ് അധികാരത്തിലെത്തേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന് തിരുവനന്തപുരത്ത് പറഞ്ഞു.