തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്ന മേയ് 23 ന് രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സംസ്ഥാനത്ത് വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്താകെ 29 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഔദ്യോഗിക ക്യാമറകള്‍ സ്ഥാപിക്കും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. രാവിലെ എട്ട് വരെ ലഭിക്കുന്ന എല്ലാ പോസ്റ്റല്‍ വോട്ടുകളും എണ്ണും. ഞായറാഴ്ച നടക്കുന്ന റീപോളിങിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഇവിഎം വോട്ടെണ്ണല്‍ അവസാനിച്ച ശേഷമേ വിവിപാറ്റുകള്‍ എണ്ണുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.
Read More: ‘റീപോളിങ് പ്രഖ്യാപിച്ചത് മുന്നൊരുക്കങ്ങളില്ലാതെ’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിപാറ്റുകള്‍ കൂടി എണ്ണേണ്ട സാഹചര്യം ഉള്ളതിനാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നും രാത്രി വരെ നീളാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നാളെ റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. വോട്ടിങിന് വരുന്നവർ നിർബന്ധമായും ഐഡി കാർഡ് കാണിക്കണമെന്നും ഡി.സജിത് ബാബു കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഏഴ് ബൂത്തുകളിലാണ് നാളെ റീപോളിങ് നടക്കുന്നത്. കള്ളവോട്ട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് റീപോളിങ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പരസ്യ പ്രചരണത്തിന് സമയം അനുവദിച്ചിരുന്നു. ഇന്നാണ് ഏഴ് മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണം.
കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. കള്ളവോട്ട് തെളിഞ്ഞ കണ്ണൂരിലെ നാലും കാസർകോട്ടെ മൂന്നും ബൂത്തുകളിലാണ് റീപോളിങ്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തിൽ കനത്ത സുരക്ഷയിലായിരിക്കും റീ പോളിങ്. കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്കൂളിലെ 19-ാം ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 69, 70 ബൂത്തുകള്‍, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി.എസിലെ 166-ാം ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടത്താന്‍ വ്യാഴാഴ്ച തീരുമാനിച്ചത്. ഇതില്‍ കല്യാശ്ശേരിയിലെ മൂന്നു ബൂത്തുകള്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലാണ്.