Kerala Lok Sabha Election 2019 Results: കൊച്ചി: കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോൾ ഒരു ലക്ഷം ഭൂരിപക്ഷം കടന്നത് ഒൻപത് പേർക്കാണ്. വയനാട്, ഇടുക്കി, മലപ്പുറം, പൊന്നാനി,ചാലക്കുടി, കോട്ടയം, ആലത്തൂര്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട് മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 4,31,770 ആണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.
Read More: Kerala Lok Sabha Election Results 2019 Live: ചരിത്രം കുറിച്ച് രാഹുല്‍, ലീഡ് രണ്ട് ലക്ഷം കടന്നു
മലപ്പുറത്തും പൊന്നാനിയിലും മുസ്ലീം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് ലക്ഷാധിപതികളായത്. കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 2,60,153 ആണെങ്കില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ ലീഡ് 1,93,273 ആണ്.
സിപിഎമ്മിന്റെ സിറ്റിങ് മണ്ഡലമായ ആലത്തൂര് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് അട്ടിമറി വിജയമാണ് നേടിയിരിക്കുന്നത്. രണ്ട് തവണ ആലത്തൂര് എംപിയായി തിരഞ്ഞെടുക്കപ്പെട്ട പി.കെ ബിജുവിനെതിരെ 1,58,968 വോട്ടിന്റെ ലീഡാണ് രമ്യാ ഹരിദാസിനുള്ളത്.
വിവാദം നിറഞ്ഞ് നിന്ന മണ്ഡലമായിരുന്നു ആലത്തൂരിലേത്. ആലത്തൂരിൽ പികെ ബിജുവിനെ നേരിടാൻ തക്ക കരുത്തുള്ളയാളാണ് ഈ കുന്ദമംഗലത്തുകാരിയെന്ന് കോൺഗ്രസ്സ് ക്യാമ്പിന് ആത്മവിശ്വാസമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രമ്യാ ഹരിദാസ് പാട്ട് പാടി വോട്ട് തേടിയത് എല്‍ഡിഎഫ് ആയുധമാക്കിയിരുന്നു. എന്നാല്‍ പാട്ട് തന്നെയാണ് തന്റെ ആയുധമെന്ന് രമ്യ വ്യക്തമാക്കുകയും ചെയ്തു.
യുഡിഎഫ് ഒരു ലക്ഷത്തിന് മുകളില്‍ ലീഡ് നേടിയ മറ്റ് രണ്ട് മണ്ഡലങ്ങള്‍ എറണാകുളവും ഇടുക്കിയുമാണ്. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.രാജീവിനെ പിറകിലാക്കി 1,69,153 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ വിജയിച്ചത്. ഇടുക്കിയില്‍ 1,71,053 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്.
കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രനും ഒരു ലക്ഷത്തിന്റെ മുകളിൽ ലീഡ് നേടിയിട്ടുണ്ട്. 1,48,856 വോട്ടുകൾക്കാണ് എ.കെ പ്രേമചന്ദ്രൻ വിജയിച്ചത്. ചാലക്കുടിയില്‍ ബെന്നി ബെഹ്നാന്‍ 1,32,274 വോട്ടിന് വിജയിച്ചു. കോട്ടയത് തോമസ് ചാഴിക്കാടന്‍ 1,06,259 വോട്ടുകള്‍ക്കാണ് വിജയിച്ചത്.