Lok Sabha Elections 2019: Kerala Parliamentary Constituencies List: നിര്‍ണായകമായ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും അരങ്ങേറിയത് വാശിയേറിയ പോരാട്ടങ്ങളാണ്. സ്ഥാനാര്‍ത്ഥികളുടെ പ്രചരണവും വിവാദവുമെല്ലാം കൊണ്ട് ചൂടേറിയ തിരഞ്ഞെടുപ്പ് കാലത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ 23 നായിരുന്നു കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
രാഹുല്‍ ഗാന്ധിയുടെ വരവോടെ രാജ്യ ശ്രദ്ധയിലേക്ക് എത്തിയ കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും പ്രചരണം ആവേശകരമായിരുന്നു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ മുതല്‍ തന്നെ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലുമായി 77.68 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 83.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ കണ്ണൂരാണ് മുന്നില്‍. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തായിരുന്നു, 73.45 ശതമാനം.
Read More: സംഭവബഹുലമായ തിരഞ്ഞെടുപ്പ് കാലം; കേരളത്തിലെ പ്രധാന സംഭവങ്ങള്‍
കേരളത്തില്‍ 20 ലോകസഭാ മണ്ഡലങ്ങളാണുള്ളത്. 2014 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ട് സീറ്റില്‍ ജയിച്ചു. രണ്ടാമതുള്ള സിപിഎം അഞ്ച് സീറ്റിലും ജയിച്ചു. രണ്ടിടത്ത് ലീഗും രണ്ടിടത്ത് സ്വതന്ത്ര്യരും ജയിച്ചപ്പോള്‍ ഒരു സീറ്റ് വീതം സിപിഐയും കേരളാ കോണ്‍ഗ്രസും ആര്‍എസ്പിയും നേടി. സീറ്റൊന്നും ഇല്ലാത്ത ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമോ എന്നതാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ബിജെപിക്ക് കേരളത്തില്‍ ലോകസഭാ എംപിമാരില്ല. 282 സീറ്റുകള്‍ നേടിയാണ് ബിജെപി 2014ല്‍ അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസിന് 44 സീറ്റുകള്‍ മാത്രമേ നേടാനായുളളൂ. 2004 ലെ പരാജയത്തിന് ശേഷമുള്ള ബിജെപിയുടെ വന്‍ തിരിച്ചുവരവായിരുന്നു കഴിഞ്ഞ തവണത്തേത്.
ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമായ രാജ്മോഹന്‍ ഉണ്ണിത്താനാണ് കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ഥി. തുടര്‍ച്ചയായി രണ്ട് വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച പി.കരുണാകരനെ മാറ്റി സതീഷ് ചന്ദ്രനെയാണ് എല്‍ഡിഎഫ് ഇത്തവണ നിര്‍ത്തിയത്. മുന്‍ എംഎല്‍എയായ സതീഷ് ചന്ദ്രയുടെ ജനപ്രീതിയും കാലങ്ങളായി ഒപ്പം നില്ക്കുന്ന ജനവിധിയുമാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. അതേസമയം, പെരിയ കൊലപാതകത്തെ മുഖ്യ തിരഞ്ഞെടുപ്പ് ആയുധമാക്കിയായിരുന്നു യുഡിഎഫിന്റെ പ്രചാരണം. ഇത് വിജയം കാണുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണ കെ.സുരേന്ദ്രന് ഒന്നര ലക്ഷത്തില്‍ പരം വോട്ട് നേടിയ മണ്ഡലമാണ് കാസര്‍കോട്. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ രവീശ തന്ത്രി കുണ്ടാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും ഹിന്ദുഐക്യവേദി നേതാവുമാണ് രവീശ തന്ത്രി കുണ്ടാര്‍.
46 ശതമാനം വോട്ടോടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് വിജയിക്കുമെന്നാണ് മാതൃഭൂമി സര്‍വേ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന് 33 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വേയില്‍ പറയുന്നു. ബിജെപിക്ക് 18 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നുണ്ട്.
2014 ലെ വോട്ടുനില
പി.കരുണാകരന് (സിപിഎം) -3,84,964
ടി.സിദ്ദിഖ് (കോണ്‍ഗ്രസ്) -3,78,043
കെ.സുരേന്ദ്രന് (ബിജെപി) -1,72,826
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാണ് കണ്ണൂരിലരങ്ങേറിയത്. സിറ്റിങ് എംപി പി.കെ.ശ്രീമതിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2014 ല്‍ ശ്രീമതിയോട് പരാജയപ്പെട്ട കെ.സുധാകരനെ യുഡിഎഫ് വീണ്ടും കണ്ണൂരില്‍ നിര്‍ത്തി. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമാണ് ഇത്തവണ കണ്ണൂരിലെ സാഹചര്യം. പ്രധാന നേതാക്കളിലൊരാളായ പി.ജയരാജന് പ്രചാരണ രംഗത്ത് ഇല്ലാത്തതു മുതല്‍ വലിയ വികസ പദ്ധതികളുടെ അഭാവം വരെ സിപിഎമ്മിന് തിരിച്ചടിയായേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷത്തിലാണ് സിപിഎം പ്രതീക്ഷ. ഒപ്പം ശബരിമലയടക്കം കണ്ണൂരില്‍ ചര്‍ച്ചയാകും. ശബരിമല വിഷയത്തിലെ കെ.സുധാകരന്റെ സമീപനം ആര്‍ക്കായിരിക്കും ഗുണമാകുക എന്നത് നിര്‍ണായകമാകും. എന്‍ഡിഎയുടെ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥികളിലൊരാളാണ് സി.കെ.പത്മനാഭന്. വിജയം പ്രതീക്ഷയ്ക്കും അപ്പുറത്താകുമ്പോഴും വോട്ട് നില മെച്ചപ്പെടുത്തുകയാകും ബിജെപിയുടെ ലക്ഷ്യം. അതേസമയം, ബിജെപി ഉന്നം വയ്ക്കുന്ന വിശ്വാസി വോട്ട് ഇത്തവണ സുധാകരനിലേക്ക് മറിയുമോ എന്നതും കണ്ടറിയേണ്ടതാണ്.
കണ്ണൂരില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് മാതൃഭൂമി സര്‍വേ ഫലം. യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന് 43 ശതമാനം വോട്ടുമായി വിജയിക്കുമെന്നും സിറ്റിങ് എംപിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.കെ.ശ്രീമതി 41 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നും മാതൃഭൂമി സര്‍വേ ഫലം. എന്‍ഡിഎ സ്ഥാനാര്‍ഥി സി.കെ.പത്മാനാഭന് 13 ശതമാനം വോട്ട് നേടുമെന്നും സര്‍വേയില്‍ പറയുന്നു.
2014 ലെ വോട്ടുനില
പി.കെ.ശ്രീമതി (സിപിഎം) -4,27,622
കെ.സുധാകരന് (കോണ്‍ഗ്രസ്) -4,21,056
പി.സി.മോഹനന് (ബിജെപി) -51,636
ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. സിപിഎമ്മിന്റെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളായ പി.ജയരാജനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അവസാന ഘട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കെ.മുരളീധരന്റെ അപ്രതീക്ഷിത സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ വടകര ചൂടുപിടിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിലവില്‍ വടകരയിലെ എംപി. 3306 വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു 2014 ല്‍ സിപിഎമ്മിന്റെ അഡ്വ. എ.എന്‍.ഷംസീറിനെ മുല്ലപ്പള്ളി പരാജയപ്പെടുത്തിയത്.
ഇത്തവണ പി.ജയരാജനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ വമ്പന്‍ പ്രതീക്ഷയിലായിരുന്നു സിപിഎം. എന്നാല്‍ മുരളീധരന്റെ വരവോടെ ചിത്രം മാറി. ജയിക്കുക രണ്ടു കൂട്ടര്‍ക്കും ഒരുപോലെ നിര്‍ണ്ണായകവും കഠിനവുമാണ് വടകരയില്‍. പി.ജയരാജനെതിരെ അക്രമരാഷ്ട്രീയത്തിന്റെ ആരോപണമുയര്‍ത്തി ആര്‍എംപിയും കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചതോടെ വടകര പോരാട്ടം ശക്തം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ഏറ്റവും ശക്തമായി വിധിക്കെതിരേയും കേരള സര്‍ക്കാരിനെതിരേയും ശബ്ദമുയര്‍ത്തിയത് മുരളീധരനായിരുന്നു. ഇതോടെ വിശ്വാസി സമൂഹത്തിന്റെ വോട്ട് മുരളീധരന് നേടാനാകുമോ എന്നും നോക്കി കാണേണ്ടതാണ്. ബിജെപിയുടെ വി.കെ.സജീവനാണ് വടകരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി.
വടകര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന് 47 ശതമാനം വോട്ട് നേടി വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന് 42 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി വി.കെ.സജീവന് ഒന്‍പത് ശതമാനം നേടി മൂന്നാം സ്ഥാനത്തെത്തുമെന്നും മാതൃഭൂമി ന്യൂസ് എക്സിറ്റ് പോള്‍ സര്‍വേ ഫലം.
2014 ലെ വോട്ടുനില
മുല്ലപ്പള്ളി രാമചന്ദ്രന് (കോണ്‍ഗ്രസ്) -4,16,479
എ.എന്‍.ഷംസീര്‍ (സിപിഎം) -4,13,173
വി.കെ.സജീവന് (ബിജെപി) -76,313
Also Read: ‘വെല്ലുവിളിച്ചവര്‍ വാക്ക് പാലിക്കുമോ?’; വോട്ടെണ്ണലിനൊപ്പം ചങ്കിടിപ്പും
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ ഒട്ടാകെ ശ്രദ്ധാകേന്ദ്രമായിരിക്കുന്ന മണ്ഡലമാണ് വയനാട്. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാര്ഥിത്വത്തിലൂടെയാണ് വയനാട് ശ്രദ്ധേയ മണ്ഡലമായി മാറുന്നത്. ഏറെ അനശ്ചിതത്വം നിറഞ്ഞതായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖായിരുന്നു ആദ്യ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടത്. പിന്നീട് രാഹുലിന്റെ പേര് കടന്നു വരികയായിരുന്നു. രാഹുലിന് എതിരെ എല്‍ഡിഎഫ് നിര്‍ത്തിയിരിക്കുന്നത് സിപിഐയുടെ പി.പി.സുനീറിനെയാണ്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പല തരത്തിലുള്ള ചര്‍ച്ചകള്‍ക്കും കാരണമായി മാറി. അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത്. അമേഠിയില്‍ ജയിച്ചാല്‍ രാഹുല്‍ വയനാടിന്റെ എംപി സ്ഥാനം രാജിവയ്ക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി.
വയനാട്ടില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നാണ് എക്സിറ്റ് പോളുകള്‍ നല്കുന്ന സൂചന. രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന് എക്സിറ്റ് പോളുകള്‍ പറയുന്നു. 51 ശതമാനം വോട്ട് രാഹുല്‍ ഗാന്ധി നേടുമെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ ഫലം. രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 33 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ എന്നും എക്സിറ്റ് പോള്‍ സര്‍വേയില്‍ പറയുന്നു.
2014 ലെ വോട്ടുനില
എം.ഐ.ഷാനവാസ് (കോണ്‍ഗ്രസ്)- 3,77,035
സത്യന് മൊകേരി (സിപിഐ)- 3,56,165
പി.ആര്.രശ്മില്‍നാഥ് (ബിജെപി)- 80,752
എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് കോഴിക്കോട്. ഹാട്രിക് നേട്ടം ലക്ഷ്യമിട്ടാണ് എം.കെ.രാഘവന് എംപിയെ തന്നെ കോണ്‍ഗ്രസ് ഇത്തവണയും കളത്തിലിറങ്ങിയത്. കോഴിക്കോട്ടുകാര്‍ക്ക് ഏറെ സുപരിചിതനും ജനകീയ മുഖമുള്ള എംഎല്‍എയുമായ എ.പ്രദീപ് കുമാറിനെയാണ് രാഘവനെതിരെ എല്‍ഡിഎഫ് കളത്തിലിറക്കിയത്. ബിജെപിയുടെ കെ.പി.പ്രകാശ് ബാബുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ശക്തമായ പോരാട്ടത്തോടൊപ്പം വിവാദവും കോഴിക്കോടിന്റെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളെ സജീവമാക്കി. എംകെ രാഘവനെതിരായ കോഴ വിവാദം എല്‍ഡിഎഫിന് അനുകൂലമായി മാറുമോ എന്നതും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും.
ഇടത് സ്ഥാനാര്‍ഥി എ.പ്രദീപ് കുമാര്‍ 42 ശതമാനം വോട്ട് നേടുമെന്നും രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ എം.കെ.രാഘവന് 41 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മാതൃഭൂമി എക്സിറ്റ് പോള്‍ സര്‍വേ പറയുന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന് വിജയിച്ചത് 16,883 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എംഎല്‍എയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.പ്രദീപ്കുമാര്‍.
2014 ലെ വോട്ടുനില
എം.കെ.രാഘവന് (കോണ്‍ഗ്രസ്)- 3,97,615
എ.വിജയരാഘവന് (സിപിഎം)- 3,80,732
സി.കെ.പത്മനാഭന് (ബിജെപി)- 1,15,760
മുസ്ലിം ലീഗിന്റേയും യുഡിഎഫിന്റേയും ഏറ്റവും ശക്തനായ നേതാക്കളിലൊരാളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായ വി.പി.സാനുവും നേര്‍ക്കുനേര്‍ വന്ന മണ്ഡലമാണ് മലപ്പുറം. 2014 ല്‍ ഇ.അഹമ്മദായിരുന്നു മലപ്പുറത്തു നിന്നും വിജയിച്ചത്. 2009 ലും അദ്ദേഹം തന്നെയായിരുന്നു ഇവിടുത്തെ എംപി. ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ആ സ്ഥാനത്തേക്ക് എത്തുകയായിരുന്നു. 2017 ല്‍ വോട്ട് നിലയില്‍ വന്‍ മുന്‍തൂക്കം നേടിയാണ് കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
അട്ടിമറി മോഹങ്ങളുമായാണ് സാനു കുഞ്ഞാലിക്കുട്ടിക്കെതിരെ ഇറങ്ങിയത്. മാറ്റത്തിനും യുവത്വത്തിനും ഒപ്പം മലപ്പുറം എന്നായിരുന്നു സാനുവിന്റെ പ്രചരണം. പ്രചരണ രംഗത്ത് ശക്തമായ പോരാട്ടമാണ് സാനു കാഴ്ചവച്ചത്. അതേസമയം, മലപ്പുറത്തെ കണക്കുകള്‍ എല്‍ഡിഎഫിന് അനുകൂലമല്ല. ഉണ്ണികൃഷ്ണനാണ് മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി. മലപ്പുറത്ത് 49 ശതമാനം വോട്ടുമായി പി.കെ.കുഞ്ഞാലിക്കുട്ടി വിജയിക്കുമെന്നാണ് മാതൃഭൂമി ന്യൂസ് സര്‍വേയില്‍ പറയുന്നത്.
2017 ലെ ഉപതിരഞ്ഞെടുപ്പിലെ ഫലം ഇങ്ങനെ
പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) -5,15,330
എം.ബി.ഫൈസല്‍ (സിപിഎം) -3,44,307
എന്‍.ശ്രീപ്രകാശ് (ബിജെപി)-65,675
മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് പൊന്നാനി. കഴിഞ്ഞ രണ്ട് തവണയും പൊന്നാനിയില്‍ നിന്നും ജയിച്ച് ലോക്സഭയിലെത്തിയ മുസ്ലിം ലീഗിന്റെ ഇ.ടി.മുഹമ്മദ് ബഷീറാണ് ഇത്തവണയും പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി. 2014 ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വി.അബ്ദുറഹ്മാനെ 25410 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ പരാജയപ്പെടുത്തിയത്.
ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ എല്‍ഡിഎഫ് ഇക്കൊല്ലം നിര്‍ത്തിയിരിക്കുന്നത് നിലമ്പൂര്‍ എംഎല്‍എയായ പി.വി.അന്‍വറാണ്. യുഡിഎഫിന്റേയും മുസ്ലിം ലീഗിന്റേയും ശക്തി ഇ.ടി.മുഹമ്മദ് ബഷീറിന് അനുകൂലമാണ്. പൊന്നാനിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി.ടി.രമയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് നില മെച്ചപ്പെടുത്തുകയാകും വി.ടി.രമയുടെ ലക്ഷ്യം. എക്സിറ്റ് പോള്‍ സര്‍വ്വെ പ്രകാരം ജനവിധി ലീഗിന് അനുകൂലമായിരിക്കും. പൊന്നാനിയില്‍ 48 ശതമാനം വോട്ടുമായി ഇ.ടി.മുഹമ്മദ് ബഷീര്‍ വിജയിക്കുമെന്നാണ് മാതൃഭൂമി ന്യൂസ് സര്‍വേയില്‍ പറയുന്നത്.
2014 ലെ വോട്ടുനില
ഇ.ടി.മുഹമ്മദ് ബഷീര്‍ (മുസ്ലിം ലീഗ്) -3,78,503
വി.അബ്ദുറഹ്മാന് (സിപിഎം സ്വതന്ത്രന്) -3,53,093
കെ.നാരായണന് മാസ്റ്റര്‍ (ബിജെപി)-75,212
എല്‍ഡിഎഫിന്റെ ശക്തനായ സ്ഥാനാര്‍ഥിയായ എം.ബി.രാജേഷ് മൂന്നാം വട്ടം ജനവിധി തേടുന്ന മണ്ഡലമാണ് പാലക്കാട്. വന്‍ ഭൂരിപക്ഷത്തിലായിരുന്നു 2014 ല്‍ രാജേഷ് ഇവിടെ നിന്നും ജയിച്ചത്. യുഡിഎഫിന്റെ എം.പി.വീരേന്ദ്രകുമാറിനെതിരെ 105300 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു 2014 ല്‍ രാജേഷ് പാലക്കാടു നിന്നും വിജയിച്ചത്.
എംപി എന്ന നിലയിലെ രാജേഷിന്റെ പാര്‍ലമെന്റിലെ ഇടപെടലുകളും സിപിഎമ്മിന്റെ സംഘടനാ ശക്തിയുമാണ് എല്‍ഡിഎഫിന്റെ ശക്തി. കോണ്‍ഗ്രസിന്റെ വി.കെ.ശ്രീകണ്ഠനാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ‘ജയ്ഹോ’ പദയാത്രയിലൂടെ ഉണ്ടാക്കിയെടുത്ത ഊര്‍ജമാണ് ശ്രീകണ്ഠന്റെ കരുത്ത്. സിപിഎമ്മിലുണ്ടായ പീഡന വിവാദങ്ങളും യുഡിഎഫ് പ്രചരണത്തിനുള്ള ആയുധമാക്കിയിരുന്നു. സി.കൃഷ്ണകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അസ്വാരസ്യം നിറഞ്ഞതായിരുന്നു എന്‍ഡിഎയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. എങ്കിലും മണ്ഡലത്തിലെ സംഘപരിവാര്‍ സംഘടനകളുടെ കരുത്തില്‍ വോട്ട് നില ഉയര്‍ത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷ.
അതേസമയം, എക്സിറ്റ് പോളുകള്‍ യുഡിഎഫിന് നിരാശ പകരുന്നതല്ല. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നേറ്റമാണ് പ്രവചിക്കുന്നത്. 41 ശതമാനം വോട്ടുമായി സിറ്റിങ് എംപിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ എംബി രാജേഷ് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ ഫലം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ ഫലം. ബിജെപി 29 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തും യുഡിഎഫ് 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തും എത്തുമെന്നും സര്‍വേ ഫലം.
2014 ലെ വോട്ടുനില
എം.ബി.രാജേഷ് (സിപിഎം)- 4,12,899
എം.പി.വീരേന്ദ്രകുമാര്‍ (ജനതാദള്‍ യു)- 3,07,597
ശോഭ സുരേന്ദ്രന് (ബിജെപി)- 1,36,587
പി.കെ.ബിജു എന്ന സിപിഎം ഇടത് സ്ഥാനാര്‍ഥി മൂന്നാം വട്ടം പര്ലമെന്റിലേക്ക് വോട്ട് തേടിയ മണ്ഡലമാണ് ആലത്തൂര്‍. 2008ല്‍ മണ്ഡല പുഃനക്രമീകരണത്തിലൂടെ രൂപീകൃതമായതിന് ശേഷം സിപിഎമ്മിന്റെ ഉറച്ച മണ്ഡലമാണ് ആലത്തൂര്‍. പട്ടികജാതി സംവരണ മണ്ഡലം കൂടിയാണ് ആലത്തൂര്‍. 2009ലും 2014ലും മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തിയത് പി.കെ.ബിജുവായിരുന്നു. ഇത്തവണയും വിജയം ആവര്‍ത്തിക്കാനാണ് സിപിഎം ബിജുവിന് മൂന്നാം വട്ടവും അവസരം നല്‍കിയിരിക്കുന്നത്.
യുഡിഎഫ് ആകട്ടെ ഇത്തവണ ഇറക്കിയത് യുവമുഖമായ രമ്യ ഹരിദാസിനെയാണ്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ രമ്യ ഹരിദാസിലൂടെ ആലത്തൂര്‍ മണ്ഡലത്തില്‍ ആദ്യ കോണ്‍ഗ്രസ് പ്രതിനിധിയെ പാര്‍ലമെന്റിലെത്തിക്കുക എന്ന ലക്ഷ്യമാണ് യുഡിഎഫിന് മുന്നിലുള്ളത്. ബിഡിജെഎസിന്റെ ടി.വി.ബാബുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
രണ്ട് തവണ എംപിയായി പരിചയമുള്ള പി.കെ.ബിജുവിന്റെ അനുഭവ സമ്പത്തും രമ്യ ഹരിദാസിന്റെ ജനപ്രീതിയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ശക്തമായ മത്സരത്തിനാണ് ആലത്തൂര്‍ വേദിയായത്. രമ്യ ഹരിദാസ് പി.കെ.ബിജുവിനെ അട്ടിമറിക്കുമെന്ന് മാതൃഭൂമി സര്‍വേ ഫലം പറയുന്നത്. 48 ശതമാനം വോട്ട് രമ്യ ഹരിദാസ് നേടുമെന്നും പി.കെ.ബിജു 37 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നുമാണ് മാതൃഭൂമി ന്യൂസ് സര്‍വേയില്‍ പറയുന്നത്.
2014 ലെ വോട്ടുനില
പി.കെ.ബിജു (സിപിഎം) – 4,11,808
ഷീബ (കോണ്‍ഗ്രസ്) – 3,74,4496
ഷാജുമോന്‍ വട്ടേക്കാട് (ബിജെപി) – 87,803
Read More: Elections 2019, Exit Polls: കേരളത്തിലെ എക്സിറ്റ് പോള്‍ ഫലങ്ങളും അഭിപ്രായ സര്‍വേ ഫലങ്ങളും
കഴിഞ്ഞ നാല് ലോക്സഭാ തിരഞ്ഞെടുപ്പുകളിലായി പൂരനഗരി ഒരു മുന്നണിക്കും തുടര്‍ച്ച നല്‍കിയിട്ടില്ല. മുന്നണികളെ മാറി മാറി പരീക്ഷിക്കുകയാണ് തൃശൂര്‍ കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലായി. നിലവില്‍ സീറ്റ് എല്‍ഡിഎഫിനൊപ്പമാണ്. സിപിഐയുടെ സി.എന്‍.ജയദേവനാണ് സിറ്റിങ് എംപി. ഏഴ് നിയമസഭാ മണ്ഡലങ്ങളും 2016 ല്‍ ഇടതിന് അനുകൂലമായിരുന്നു.
ജയദേവന് പകരം സിപിഐ കളത്തിലിറക്കിയിരിക്കുന്നത് ഒല്ലൂര്‍ മുന്‍ എംഎല്‍എയായ രാജാജി മാത്യു തോമസിനെയാണ്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യം യുഡിഎഫ് നല്‍കിയിരിക്കുന്നത് മുന്‍ എംഎല്‍എയായ ടി.എന്‍.പ്രതാപനാണ്. ബിജെപി എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മണ്ഡലമാണ് തൃശൂര്‍. ഘടകക്ഷിയായ ബിഡിജെഎസിനാണ് സീറ്റ് ആദ്യം നല്‍കിയിരുന്നതെങ്കിലും പിന്നീട് ബിജെപി ഏറ്റെടുത്തു. സുരേഷ് ഗോപിയുടെ താരപദവി കൂടി ഉപയോഗിച്ച് തൃശൂരില്‍ ശക്തമായ പോരാട്ടമാണ് ബിജെപി കാഴ്ചവച്ചത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ പ്രതിഷേധ സമരങ്ങളാണ് ബിജെപി തൃശൂരില്‍ നടത്തിയത്. ഇത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതേസമയം, തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിനായിരിക്കും മേല്‍ക്കെ എന്നാണ് മാതൃഭൂമി ന്യൂസ് സര്‍വേ പറയുന്നത്. 38 ശതമാനം വോട്ട് നേടി യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന് വിജയിക്കുമെന്നും 35 ശതമാനം വോട്ടുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് രണ്ടാം സ്ഥാനത്തെത്തുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകുമെന്നും സര്‍വേ പ്രവചിക്കുന്നു.
2014 ലെ വോട്ടുനില
സി.എന്‍.ജയദേവന് (സിപിഐ)- 3,89,209
കെ.പി.ധനപാലന് (കോണ്‍ഗ്രസ്)- 3,50,983
കെ.പി.ശ്രീശന് (ബിജെപി)- 1,20,681
കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരത്തിന് ഇറങ്ങിയ മണ്ഡലമാണ് ചാലക്കുടി. അതുകൊണ്ടു തന്നെ ഇന്നസെന്റിനെ ജയിപ്പിക്കേണ്ടത് എല്‍ഡിഎഫിന് ഏറെ നിര്‍ണായകമാണ്. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ചപ്പോള്‍ താരമായിരുന്നു ഇന്നസെന്റ്. രണ്ടാം വട്ടം വരുമ്പോള്‍ രാഷ്ട്രീയക്കാരനായിരിക്കുന്നു. ആ മാറ്റത്തെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുമെന്നാണ് ചാലക്കുടിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
ഇന്നസെന്റിന് എതിരെ മത്സരിച്ചത് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുള്ള നേതാവെന്ന നിലയില്‍ തന്നെ യുഡിഎഫിനും ബെന്നിയുടെ വിജയം നിര്‍ണായകമാണ്. കോണ്‍ഗ്രസിനോട് ചാലക്കുടി മുമ്പും കാണിച്ചിട്ടുള്ള ചായ്വും അടിത്തട്ടിലെ ബന്ധങ്ങളുമാണ് ബെന്നിയുടെ കരുത്ത്. ചാലക്കുടിയില്‍ ജനവിധി യുഡിഎഫിന് അനുകൂലമാകുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.
2014 ലെ വോട്ടുനില
ഇന്നസെന്റ് (സിപിഎം സ്വതന്ത്രന്) -3,58,440
പി.സി.ചാക്കോ (കോണ്‍ഗ്രസ്) -3,44,556
അഡ്വ. ബി.ഗോപാലകൃഷ്ണന് (ബിജെപി) -92,848
എറണാകുളം
എറണാകുളം ലോക്സഭാ മണ്ഡലം കൂടുതല്‍ പിന്തുണച്ചിട്ടുള്ളത് കോണ്‍ഗ്രസിനെയാണ്. യുഡിഎഫിന് മികച്ച വോട്ട് ബാങ്കുള്ള മണ്ഡലം. എന്നാല്‍, ഇത്തവണ കോണ്‍ഗ്രസ് – സിപിഎം സ്ഥാനാര്‍ഥികള്‍ മികച്ച ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. സിറ്റിംഗ് എംപിയായ കെ.വി.തോമസിനെ ഒഴിവാക്കിയാണ് യുഡിഎഫ് ഇത്തവണ എറണാകുളത്ത് പുതിയ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. എറണാകുളം എംഎല്‍എയായ കോണ്‍ഗ്രസിന്റെ ഹൈബി ഈഡനാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി.
സിപിഎം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി.രാജീവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുവ വോട്ടുകളാണ് ഇരുവരുടെയും സ്ഥാനാര്‍ഥിത്വത്തിലൂടെ മുന്നണികള്‍ പ്രതീക്ഷിക്കുന്നത്. എംഎല്‍എ എന്ന നിലയില്‍ ഹൈബിക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് യുഡിഎഫ് പ്രചാരണ വിഷയമാക്കുന്നത്. രാജ്യസഭാ മുന്‍ എംപി കൂടിയായിരുന്ന രാജീവിന്റെ പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്. അതേസമയം, കേന്ദ്രമന്ത്രിയെ കളത്തിലിറക്കിയാണ് എന്‍ഡിഎ എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്നത്. കേന്ദ്ര മന്ത്രിയും മലയാളിയുമായ അല്‍ഫോണ്‍സ് കണ്ണന്താനമാണ് എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി. 2014 ല്‍ ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി നേടിയിരുന്നു. ഈ വോട്ട് ഷെയര്‍ വര്‍ദ്ധിപ്പിക്കാന്‍ കണ്ണന്താനത്തിന് സാധിക്കുമെന്ന് എന്‍ഡിഎ വിലയിരുത്തുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഹൈബി ഈഡന് അനുകൂലമാണ്.
2014 ലെ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
കെ.വി.തോമസ് (യുഡിഎഫ്) 3,53,843 വോട്ടുകള്‍
ക്രിസ്റ്റി ഫെര്‍ണാണ്ടസ് (സ്വതന്ത്രന്) 2,66,794 വോട്ടുകള്‍
എ.എന്‍.രാധാകൃഷ്ണന് (എന്‍ഡിഎ) 99,003 വോട്ടുകള്‍
ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ഇടുക്കി. ജോയ്സ് ജോര്‍ജിന് രണ്ടാം തവണയും ഇടതുപക്ഷം അവസരം നല്കിയപ്പോള് യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനും ഇത് രണ്ടാം അവസരമാണ്. എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്നത് ബിഡിജെഎസ് സ്ഥാനാര്‍ഥി ബിജു കൃഷ്ണനാണ്.
ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വലിയ അനിശ്ചിതത്വമാണ് തുടക്കം മുതല്‍ നിലനിന്നിരുന്നത്. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയുടെ പേരാണ് ആദ്യ ഘട്ടത്തില്‍ സജീവമായിരുന്നത്. താന്‍ വരുന്നില്ല എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയതോടെ രണ്ടാം സീറ്റില്‍ കേരള കോണ്‍ഗ്രസ് ഇടുക്കി എന്ന വാദമുയര്‍ത്തി. എംഎല്‍എ കൂടിയായ കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.ജെ.ജോസഫിന്റെ പേരാണ് സ്ഥാനാര്‍ഥി സാധ്യത പട്ടികയില്‍ മുന്നിട്ട് നിന്നത്. എന്നാല്‍ കോണ്‍ഗ്രസിന് നിയമസഭയിലേക്കും ലോക്സഭയിലേക്കും പ്രതിനിധികള്‍ ഇല്ലാത്ത മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് തന്നെ മത്സരിക്കട്ടെ എന്ന ധാരണയില്‍ എത്തിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഡീന്‍ കുര്യാക്കോസിന് രണ്ടാം വട്ടവും നറുക്ക് വീണത്.
വൈദികര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് വിലക്കി ഇടുക്കി രൂപത സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പരസ്യ പിന്തുണ ജോയ്സ് ജോര്‍ജിനുണ്ട്. രാഹുല്‍ തരംഗം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഡീന്‍ കുര്യാക്കോസ്. മാതൃഭൂമി ന്യൂസിന്റെ എക്സിറ്റ് പോള്‍ സര്‍വ്വേയില്‍ ജനവിധി യുഡിഎഫിന് അനുകൂലമായിരിക്കുമെന്നാണ് പ്രവചനം.
2014ലെ വോട്ടുനില
ജോയ്സ് ജോര്‍ജ് (സിപിഎം സ്വതന്ത്രന്) – 3,82,019
ഡീന്‍ കുര്യാക്കോസ് (കോണ്‍ഗ്രസ്) – 3,31,477
സാബു വര്‍ഗീസ് (ബിജെപി) – 50,438
കേരളാ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ ഇത്തവണ വലിയ പൊട്ടിത്തെറികള്‍ ഉണ്ടായെങ്കിലും ഒടുവില്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി. കോട്ടയം സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസിലെ കെ.എം.മാണി വിഭാഗവും പി.ജെ.ജോസഫ് വിഭാഗവും തമ്മില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. സീറ്റ് വേണമെന്ന പി.ജെ.ജോസഫിന്റെ ആവശ്യം തള്ളി ഒടുവില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായത് കേരളാ കോണ്‍ഗ്രസിലെ തോമസ് ചാഴിക്കാടന്. മുന്‍ എംഎല്‍എ എന്ന നിലയില്‍ തോമസ് ചാഴിക്കാടന് മണ്ഡലത്തിന് സുപരിചിതനാണ്. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് ജനവികാരവും ചാഴിക്കാടന് അനുകൂലമായി മാറുമെന്നാണ് കേരളാ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
കേരളാ കോണ്‍ഗ്രസിലെ ഭിന്നത പ്രചാരണ ആയുധമാക്കി കോട്ടയം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഇടതുമുന്നണി ഇത്തവണ. കഴിഞ്ഞ തവണ ഘടകക്ഷിക്ക് നല്കിയ സീറ്റ് ഇത്തവണ സിപിഎം പിടിച്ചെടുത്തു. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി വോട്ടുകള്‍ സ്വന്തമാക്കാന്‍ വി.എന്‍.വാസവന് സാധിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. എന്‍ഡിഎയില്‍ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസ് തോമസ് വിഭാഗത്തിനാണ് നല്‍കിയിരിക്കുന്നത്. പി.സി.തോമസാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മുന്‍ കേന്ദ്രമന്ത്രി, എംപി എന്നീ നിലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച പി.സി.തോമസ് എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വച്ചാണ് പി.സി.തോമസിനെ തന്നെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
2014 ലെ വോട്ടുനില
ജോസ് കെ.മാണി (കേരള കോണ്‍ഗ്രസ് എം)- 4,24,194
മാത്യു ടി തോമസ് (ജനതാദള്‍ എസ്)- 3,03,595
നോബിള്‍ മാത്യു (സ്വതന്ത്രന്) -44,357
ആലപ്പുഴയില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും സ്ഥാനാര്‍ഥിയായിരുന്ന കെ.സി.വേണുഗോപാല്‍ സംഘടന ചുമതലകളിലേക്ക് തിരിഞ്ഞതോടെ പുത്തന്‍ സ്ഥാനാര്‍ഥിയെയാണ് കോണ്‍ഗ്രസ് ഇറക്കിയത്. കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനാണ് ആലപ്പുഴയിലെ വലത് സ്ഥാനാര്‍ഥി. മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ് ഇറക്കിയതാകട്ടെ എംഎല്‍എ കൂടിയായ എ.എം.ആരിഫിനെ.
എം.എ.ബേബി മുതല്‍ തുടങ്ങി സി.എസ്.സുജാത വരെ പല സീനിയര്‍ നേതാക്കളുടേയും പ്രാദേശിക നേതാക്കളുടേയും പേരുകള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ആലപ്പുഴ പിടിക്കാന്‍ ആരിഫിനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിശ്ചയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തുന്നത് ഡോ. കെ.എസ്.രാധകൃഷ്ണനാണ്. പിഎസ്സി ചെയര്മാന്, കാലടി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാധാകൃഷ്ണനെ മുന്‍നിര്‍ത്തി ഭൂരിപക്ഷ സമുദായ വോട്ടുകളാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫ് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ പറയുന്നത്. ആരിഫ് 45 ശതമാനം വോട്ട് നേടി വിജയിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് 42 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മാതൃഭൂമി ന്യൂസ് എക്സിറ്റ് പോള്‍ സര്‍വേ.
2014 ലെ വോട്ടുനില
കെ.സി.വോണുഗോപാല്‍ (കോണ്‍ഗ്രസ്) -4,62,525
സി.ബി.ചന്ദ്രബാബു (സിപിഎം) – 4,43,118
എ.വി.താമരാക്ഷന്‍ (ആര്‍എസ്പി) – 43,051
മൂന്ന് ജില്ലകളിലായി പടര്‍ന്നു കിടക്കുന്ന ലോക്സഭ മണ്ഡലമാണ് മാവേലിക്കര. കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ മൂന്ന് ജില്ലകളിലെ ഏഴ് നിയോജക മണ്ഡലങ്ങളാണ് മാവേലിക്കര നിയോജക മണ്ഡലത്തിന്റെ ഭാഗമായി വരുന്നത്. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ മണ്ഡലം പിടിച്ചെടുക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും മുന്നിലുള്ളത്. ഹാട്രിക് വിജയം തേടിയിറങ്ങുന്ന കൊടിക്കുന്നില്‍ സുരേഷാണ് മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. എംപി എന്ന നിലയ്ക്കുള്ള പരിചയ സമ്പത്തും ജനപിന്തുണയും ഒരിക്കല്‍ കൂടി ഉറപ്പിക്കാനായാല്‍ മൂന്നാം വട്ടവും കൊടിക്കുന്നില്‍ സുരേഷ് പര്‍ലമെന്റില്‍ മാവേലിക്കരയെ പ്രതിനിധികരിക്കും. എന്നാല്‍ കൊടിക്കുന്നലിനെ വീഴ്ത്താന്‍ ഇടതുപക്ഷം ഇറക്കിയിരിക്കുന്നത് സിപിഐയുടെ സിറ്റിങ് എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാറിനെയാണ്. സ്ഥിരം ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന ചിറ്റയം ഗോപകുമാര്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു.
നിലവില്‍ ആറ് നിയോജക മണ്ഡലങ്ങളും എല്‍ഡിഎഫിനാണ് എന്നത് ഇടതുപക്ഷ ക്യാമ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ബിഡിജെഎസിന്റെ താഴവ സഹദേവനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം വര്‍ധിപ്പിക്കാന്‍ സാധിച്ചതും ശബരിമല വിഷയത്തിലെ നിലപാടും അനുകൂലമാകുമെന്നാണ് എന്‍ഡിഎ കണക്ക് കൂട്ടുന്നത്. മാവേലിക്കരയിലും യുഡിഎഫ് എന്ന് മാതൃഭൂമി ന്യൂസ് സര്‍വേ. കൊടിക്കുന്നില്‍ സുരേഷ് വിജയം ആവര്‍ത്തിക്കുമെന്നാണ് സര്‍വേ പറയുന്നത്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ്.
2014 ലെ വോട്ടുനില
കൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്) – 3,89,060
ചെങ്ങറ സുരേന്ദ്രന് (സിപിഐ) – 3,69,695
പി.സുധീര്‍ (ബിജെപി) – 79,743
പത്തനംതിട്ട
ബിജെപി എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മണ്ഡലം. ശബരിമല സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട മണ്ഡലത്തിലാണ്. ശബരിമല യുവതീ പ്രവേശന വിഷയവും പ്രക്ഷോഭങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയാണ് സിറ്റിങ് എംപി. 2014 ല്‍ 56,191 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാല്‍, ഇത്തവണ അനായാസം ആര്‍ക്കും പത്തനംതിട്ട പിടിക്കാന്‍ പറ്റില്ലെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ഇത്തവണയും ആന്റോ ആന്റണിയെ തന്നെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ ജനകീയ പരിവേഷമാണ് ആന്റോ ആന്റണിക്ക് മുതല്‍ക്കൂട്ട്. ആറന്മുള എംഎല്‍എയായ വീണ ജോര്‍ജാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ന്യൂനപക്ഷ വോട്ടുകളാണ് എല്‍ഡിഎഫും സിപിഎമ്മും ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീ വോട്ടുകളും വീണ ജോര്‍ജിലൂടെ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് ഇടത് മുന്നണി പ്രതീക്ഷിക്കുന്നു. ബിജെപിയാകട്ടെ ശബരിമല തന്നെയാണ് മുഖ്യ തിരഞ്ഞെടുപ്പ് വിഷമായി ഉന്നയിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല പ്രക്ഷോഭങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്ത കെ.സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ ആന്റോ ആന്റണി വിജയം ആവര്‍ത്തിക്കുമെന്ന് മാതൃഭൂമി ന്യൂസ് എക്സിറ്റ് പോള്‍ സര്‍വേ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും എക്സിറ്റ് പോള്‍ സര്‍വേയില്‍ പറയുന്നു. യുഡിഎഫ് 34 ശതമാനം വോട്ടുമായി വിജയിക്കുമ്പോള്‍ ബിജെപി 31 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തുമെന്നും 29 ശതമാനം വോട്ട് മാത്രം നേടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മാതൃഭൂമി സര്‍വേയില്‍ പറയുന്നു.
2014 ലെ വോട്ടുനില
ആന്റോ ആന്റണി (കോണ്‍ഗ്രസ്) -3,58,842
പീലിപ്പോസ് തോമസ് (സിപിഎം സ്വതന്ത്രന്) -3,02,651
എം.ടി.രമേശ് (ബിജെപി) -1,38,954
കഴിഞ്ഞ തവണത്തെ തോല്‍വിക്ക് പകരം വീട്ടുകയാണ് സിപിഎം കൊല്ലം മണ്ഡലത്തില്‍ ഇത്തവണ ലക്ഷ്യം വച്ചിട്ടുള്ളത്. യുഡിഎഫിനായി ആര്‍എസ്പിയുടെ എന്‍.കെ.പ്രേമചന്ദ്രനാണ് കൊല്ലം മണ്ഡലത്തില്‍ നിന്ന് 2014 ല്‍ പാര്‍ലമെന്റിലെത്തിയത്. ഇടതു മുന്നണിയില്‍ നിന്ന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് വഴക്കിട്ട് ഇറങ്ങിവന്ന പ്രേമചന്ദ്രന് യുഡിഎഫ് സ്ഥാനാര്‍ഥിയായി. പ്രേമചന്ദ്രനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളടക്കം ഉന്നയിച്ച് ഇടത് മുന്നണി കളം നിറഞ്ഞു. എം.എ.ബേബിയെ പോലൊരു ശക്തനായ നേതാവിനെയാണ് പ്രേമചന്ദ്രനെതിരെ സിപിഎം രംഗത്തിറക്കിയത്. എന്നാല്‍, ഫലം വന്നപ്പോള്‍ ബേബിയും സിപിഎമ്മും നാണംകെട്ടു. 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രന് കൊല്ലത്ത് നിന്ന് ജയിച്ചത്.
2014 ന് പകരംവീട്ടുകയാണ് ഇത്തവണ ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യം. യുഡിഎഫിനായി എന്‍.കെ.പ്രേമചന്ദ്രന് തന്നെയാണ് മത്സരരംഗത്ത്. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി പാര്‍ട്ടിയുടെ താഴെതട്ടില്‍ വരെ സ്വാധീനമുള്ള കെ.എന്‍.ബാലഗോപാലിനെയാണ് സിപിഎം പ്രേമചന്ദ്രനെതിരെ കളത്തിലിറക്കിയിരിക്കുന്നത്. രാജ്യസഭാ മുന്‍ എംപി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള നേതാവാണ് ബാലഗോപാല്‍. എന്നാല്‍, എന്‍.കെ.പ്രേമചന്ദ്രന് എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ സംശയമുണ്ട്. പ്രേമചന്ദ്രന്റെ ജനകീയ മുഖമാണ് സിപിഎമ്മിനും ബാലഗോപാലിനും ഏറ്റവും വലിയ വെല്ലുവിളി. ബിജെപിയുടെ സാബു വര്‍ഗീസാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പോരാട്ടം നടക്കുമ്പോള്‍ ബിജെപി വോട്ടുകളായിരിക്കും വിജയിയെ തീരുമാനിക്കുക.
കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ആകെയുള്ളത് ഏഴ് നിയമസഭാ മണ്ഡലങ്ങളാണ്. ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നു. ഒരു സീറ്റ് പോലും യുഡിഎഫിന് ലഭിച്ചില്ല. 1,76,040 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി 2016 ല്‍ എല്‍ഡിഎഫിന് ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ പ്രകടനം കാഴ്ചവയ്ക്കാനായാല്‍ മണ്ഡലം എല്‍ഡിഎഫിനൊപ്പം നില്ക്കും.
2014 ലെ വോട്ടുനില
എന്‍.കെ.പ്രേമചന്ദ്രന് (ആര്‍എസ്പി)- 4,08,528
എം.എ.ബേബി (സിപിഎം)- 3,70,879
പി.എം.വേലായുധന് (ബിജെപി)- 58,671
ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലം. നാലം തവണ വിജയം സ്വന്തമാക്കാന്‍ സിപിഎമ്മിന്റെ എ.സമ്പത്ത് തന്നെ ഇക്കുറിയും ഇടതുപക്ഷത്തിനായി രംഗത്ത്. തുടര്‍ച്ചയായി മൂന്ന് തവണ ആറ്റിങ്ങലിനെ പ്രതിനിധീകരിച്ച പാര്‍ലമെന്റേറിയനാണ് എ.സമ്പത്ത്. 2014 ല്‍ ആറ്റിങ്ങലില്‍ നിന്ന് സമ്പത്ത് വിജയിച്ചത് 69,378 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. എല്‍ഡിഎഫ് കുത്തകയാക്കിയ മണ്ഡലം എന്തു വിലകൊടുത്തും തിരിച്ചുപിടിക്കുകയാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യം. കോന്നി എംഎല്‍എയായ അടൂര്‍ പ്രകാശിനെയാണ് കോണ്‍ഗ്രസ് ഇത്തവണ സമ്പത്തിനെതിരെ കളത്തിലിറക്കിയത്. തിരഞ്ഞെടുപ്പുകളില്‍ മികച്ച ഫലം നല്കാന് കഴിവുള്ള നേതാവ് എന്ന ഖ്യാതിയാണ് അടൂര്‍ പ്രകാശിനുള്ളത്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറിടത്ത് എല്‍ഡിഎഫ് ജയിച്ചപ്പോള്‍ ഒരിടത്ത് മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 49,843 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി എല്‍ഡിഎഫിനുള്ളത്. ഇത്തവണയും മണ്ഡലം നിലനിര്‍ത്തുമെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം. ശബരിമല വിഷയം എടുത്തുകാണിച്ച് ഹൈന്ദവ വോട്ടുകളുടെ ഏകീകരണം സാധ്യമാക്കിയാല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന് ബിജെപിയും വിശ്വസിക്കുന്നു. ശോഭാ സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.സമ്പത്ത് വിജയം ആവര്‍ത്തിക്കുമെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ ഫലം പറയുന്നു. യുഡിഎഫ് രണ്ടാം സ്ഥാനത്താകുമെന്നും സര്‍വേ ഫലം.
2014 ലെ വോട്ടുനില
എ.സമ്പത്ത് (സിപിഎം) – 3,92,478
ബിന്ദു കൃഷ്ണ (കോണ്‍ഗ്രസ്) – 3,23,100
എസ്.ഗിരിജാകുമാരി (ബിജെപി)- 90,528
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് തിരുവനന്തപുരം. ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്താണ് തിരുവനന്തപുരം. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനായാസ വിജയം സ്വന്തമാക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ 2014 ല്‍ കടന്നുകൂടിയത് ഏറെ ബുദ്ധിമുട്ടിയാണ്. ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ 2014 ല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പേയ്മെന്റ് സീറ്റ് വിവാദം സിപിഐക്ക് വലിയ തിരിച്ചടിയായി. 2014 ലെ ചീത്ത പേര് മാറ്റാന്‍ ഇത്തവണ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചത് എല്‍ഡിഎഫാണ്. സിപിഐയുടെ സി.ദിവാകരനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ശശി തരൂര്‍ ഹാട്രിക് നേട്ടം ലക്ഷ്യമിട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമ്പോള്‍ മിസോറാം മുന്‍ ഗവര്‍ണറും ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന് എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു.
കേരളത്തില്‍ ബിജെപി ജയിക്കുമെന്ന് പറഞ്ഞ എക്സിറ്റ് പോളുകളിലെല്ലാം വിജയ പ്രവചിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് എക്സിറ്റ് പോള്‍ പറയുന്നു. രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ ആയിരിക്കുമെന്നും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മാതൃഭൂമി സര്‍വേ ഫലം. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 15,470 വോട്ടുകള്‍ക്കാണ് ശശി തരൂര്‍ വിജയിച്ച് കയറിയത്. എന്നാല്‍, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ.
2014 ലെ വോട്ടുനില
ശശി തരൂര്‍ (കോണ്‍ഗ്രസ്)- 2,97,806
ബെന്നറ്റ് എബ്രഹാം (സിപിഐ)- 2,489,41
ഒ.രാജഗോപാല്‍ (ബിജെപി)- 2,82,336