കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം അവസാനിച്ചു.ശനിയാഴ്ച വൈകീട്ട് ആറ് മണിക്കാണ് പരസ്യ പ്രചാരണം അവസാനിച്ചത്. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരുഷന്മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍സ്ജെന്റേഴ്സും അടക്കം 89,74,993 വോട്ടര്‍മാരാണ് അവസാനഘട്ടത്തിലുള്ളത്. ഇതില്‍ 71,906 കന്നി വോട്ടര്‍മാരും 1,747 പ്രവാസി ഭാരതീയ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.
10,842 പോളിംഗ് ബൂത്തുകളാണ് മൂന്നാം ഘട്ടത്തിലേക്കായി സജ്ജീകരിച്ചിരിക്കുന്നത്. 1,105 പ്രശ്നബാധിത പോളിംഗ് ബൂത്തുകളിവെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 52,285 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാ മപഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍(11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി(7) എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു.
ഞായറാഴ്ചവൈകിട്ട് മൂന്ന് മുതല്‍ തിങ്കളാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ പ്രവേശിക്കുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ നല്കുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം. പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടേയും സാമഗ്രികളുടെയും വിതരണം ഞായറാഴ്ച രാവിലെ എട്ടു മുതല്‍ നടക്കും.
വിതരണ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് നിര്‍ദ്ദേശം നല്കി. നാല് ജില്ലകളിലായി 76 വിതരണ, സ്വീകരണ കേന്ദ്രങ്ങളാണുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പുകളിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. 76.78 ശതമാനം പോളിങ്ങാണ് രണ്ടാം ഘട്ടത്തിൽ ആകെ രേഖപ്പെടുത്തിയത്.16നാണ് വോട്ടെണ്ണൽ
മൂന്നാംഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിവിധ ജില്ലാ കലക്ടർമാർ അറിയിച്ചു. ഡിസംബര്‍ 14 ന് രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറ് വരെയാണ് പോളിംഗ്. പോളിംഗ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കും.
ഡിസംബര്‍ 13ന് വൈകുന്നേരം മൂന്ന് മണി വരെയാണ് പ്രത്യേക ബാലറ്റ് വിതരണം ചെയ്യുന്നത്. കോവിഡ് സുരക്ഷക്കാവശ്യമായ പി.പി.കിറ്റ്, സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്ക്, ഫേസ് ഷീല്‍ഡ് എന്നിവ വിതരണം ചെയ്യുന്നതിനായി കൈമാറിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്തും. പോളിങ് ദിവസം മോക്പോളിങ് ആരംഭിക്കുന്നത് മുതല്‍ പോളിങ് അവസാനിക്കുന്നതു വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും വെബ്കാസ്റ്റിംഗ് നിരീക്ഷണത്തില്‍ ആയിരിക്കും.
പോളിങ് ദിനത്തിലേക്കായി വിപുലമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വിവിധ ജില്ലാ അതിര്‍ത്തികളില്‍ വാഹനപരിശോധനയ്ക്കും മറ്റുമായി ബോര്‍ഡര്‍ സീലിംങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലിസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പിക്കറ്റു പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി.
പോളിംങ് ബൂത്തുകളിലും പൊലിസ്/സ്പെഷ്യല്‍ പൊലിസ് ഉദ്യോഗസ്ഥരെയും, പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലിസിനെയും നിയോഗിച്ചതായി വിവിധ ജില്ലാ പൊലീസ് യൂണിറ്റുകൾ അറിയിച്ചു. വോട്ടിംങ് മെഷനുകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ സായുധ പോലിസ് ഗാര്‍ഡിനെ ചുമതല ഏര്‍പ്പെടുത്തി.
Read More: കള്ളവോട്ടിനു സാധ്യത; കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ തിരഞ്ഞെടുപ്പ് ദിവസം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാൻ കോടതി നിർദേശം
അതേസമയം, കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ തിരഞ്ഞെടുപ്പ് ദിവസം ക്രമസാധാന പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാൻ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർഥികൾക്കും പോളിങ് ഏജന്റുമാർക്കും എതിർ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ഭീഷണി ഉണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഇവർക്ക് ഒത്താശയുണ്ടെന്നും വൻതോതിൽ കള്ളവോട്ടിനും ആൾമാറാട്ടത്തിനും സാധ്യതയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിലാണ് കോടതിയുടെ ഉത്തരവ്.
1,800 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നും ഇവിടങ്ങളിൽ മതിയായ സുരക്ഷയും ബൂത്തുകളിൽ വീഡിയോ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഭീഷണിയുണ്ടെങ്കിൽ ഹർജിക്കാരോട് പൊലീസിനെ സമീപിക്കാനും കോടതി നിർദേശിച്ചു.
പോളിംഗ് ഉദ്യോഗസ്ഥർക്ക് കോവിഡ് ടെസ്റ്റ് നിർദ്ദേശിച്ചിട്ടില്ല
പോളിംഗ് ഉദ്യോഗസ്ഥർക്കും ഏജൻ്റ്മാർക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വോട്ടർമാർക്ക് ബൂത്തിൽ ശരീര ഊഷ്മാവ് അളക്കുന്നതുൾപ്പെടെയുള്ള പരിശോധനകൾ നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.പോളിംഗ് ബൂത്തിൽ വോട്ടർമാർ മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.