മലപ്പുറം: തിരൂരിന് സമീപമുള്ള തലേക്കാട് പഞ്ചായത്തിൽ വോട്ടെണ്ണലിന്റെ തലേ ദിവസം മരണപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ജയം. തലേക്കാട് ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഇരഞ്ഞിക്കൽ സഹീറ ബാനുവാണ്(50) 248 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഈ മാസം 10ന് ഒരു വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ മരണപ്പെട്ടിരുന്നു.

പഞ്ചായത്തിലെ 15-ാം വാര്‍ഡായ പാറശ്ശേരി വെസ്റ്റിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സഹീറ ബാനു 484 വോട്ടാണ് നേടിയത്. എതിർ സ്ഥാനാർത്ഥി സുലേഖ ബീവിക്ക് 236 വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്. തലക്കാട് പ‍ഞ്ചായത്ത് പ്രസിഡൻഡ് സ്ഥാനത്തേക്കു എൽഡിഎഫ് പരിഗണിച്ചിരുന്ന നേതാക്കളിൽ ഒരാളായിരുന്നു സഹീറ ബാനു.

CPIM തലക്കാട് ലോക്കല്‍ കമ്മിറ്റി അംഗം സ: സഹീറാ ബാനു അന്തരിച്ചു.
ആദാരാഞ്ജലികള്‍..
CPIM തലക്കാട് LC

Posted by CPI-M തലക്കാട് LC on Tuesday, 15 December 2020

ഈ മാസം 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. സഹോദരെൻറ മകനുമൊത്ത് ബൈക്കിൽ ബാങ്കിൽ പോയി തിരിച്ചു വരുന്നതിനിടെ ഒരു കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിനു മുമ്പുവരെ സഹീറ ബാനു സജീവമായി പ്രചരണത്തിലുണ്ടായിരുന്നു.

Read More: സംസ്ഥാനത്ത് ഇടത് തരംഗം; പുതുപ്പള്ളിയിൽ ചരിത്ര വിജയം

സിപിഎം തലക്കാട് ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രാദേശിക ഭാരവാഹിയുമായിരുന്നു. 2000 ലും 2010ലും പഞ്ചായത്ത് മെമ്പറായിരുന്നു. കഴിഞ്ഞ തവണ യുഡിഎഫ് കോട്ടയായ പൂക്കൈത വാർഡിൽ നിന്നും മത്സരച്ച സഹീറ ബാനു എട്ട് വോട്ടിന് പരാജയപ്പെട്ടിരുന്നു.

തൈവളപ്പിൽ സൈയ്താലി എന്ന മമ്മിക്കുട്ടിയാണ് സഹീറ ബാനുവിന്റെ ഭര്‍ത്താവ്. മക്കൾ: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, , റുബീന. മരുമകന്‍ ഷഫ്നീദ്. ഭൗതിക ശരീരം കോവിഡ് പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബിപി അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിക്കും.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.