കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന്റെ രാഷ്ട്രീയ നയത്തിന് ലഭിച്ച അംഗീകാരമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരായ ആക്രമണങ്ങൾക്ക് ജനങ്ങൾ തക്കതായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനെ താറടിച്ച് കാണിക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് ഇതെന്നും യെച്ചൂരി പറഞ്ഞു.
ചരിത്രവിജയമാണ് ഇടതുപക്ഷം സ്വന്തമാക്കിയതെന്നും യെച്ചൂരി പറഞ്ഞു. “ഇതുപക്ഷത്തിന് മുൻ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ നേട്ടമുണ്ടാക്കാൻ സാധിച്ചു. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഉയർന്ന രാഷ്ട്രീയത്തിനു ലഭിച്ച അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയം. സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകരമാണിത്. കേരളത്തിലെ ഇടത് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ടുള്ള ബിജെപിയുടെയും കോൺഗ്രസിന്റെ വ്യാജ പ്രചരണങ്ങൾക്ക് ജനങ്ങൾ മറുപടി നൽകി. കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു,” യെച്ചൂരി ഡൽഹിയിൽ പറഞ്ഞു.
Read More: സംസ്ഥാനത്ത് ഇടത് തരംഗം; പുതുപ്പള്ളിയിൽ ചരിത്ര വിജയം
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ പ്രകടനത്തിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളും വികസനവും ജനങ്ങള്‍ വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഏജൻസികളെ ഇറക്കിയുള്ള കേന്ദ്രസർക്കാരിൻ്റെ കുത്തിത്തിരിപ്പ് ശ്രമം പൊളിഞ്ഞെന്നും ഒരു വിഭാഗം മാധ്യമങ്ങൾ പാർട്ടിക്കും സർക്കാരിനുമെതിരെ നടത്തിയ പ്രചാരണവേല പരാജയപ്പെട്ടെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. എൽഡിഎഫ് സ്വീകരിച്ച രാഷ്ട്രീയ നിലപാടിൻ്റേയും സർക്കാരിൻ്റെ പ്രവർത്തനത്തിൻ്റേയും ഫലമാണ് ഇപ്പോൾ ലഭിച്ച മികച്ച വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.