സംസ്ഥാനത്ത് ഡിസംബര്‍ എട്ട്, പത്ത്, പതിനായി തിയതികളിലായി നടക്കുന്ന തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നു. നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ കലക്ടര്‍മാര്‍ രാഷ്ട്രീയ കക്ഷികളോട് ആവശ്യപ്പെട്ടു.
പ്രചാരണബോര്‍ഡുകളില്‍ ചുമതലക്കാരുടെ പേര് വേണം
പ്രചാരണം (നോട്ടീസ്, പോസ്റ്റര്‍, ചുമരെഴുത്ത്, ബാനര്‍, ബോര്‍ഡ്) എഴുതുന്നതിനോ സ്ഥാപിക്കുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും നിര്‍ബന്ധമായും അവയില്‍ ഉള്‍പ്പെടുത്തണം.വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകീര്‍ത്തിപ്പെടുത്തുന്നതും പ്രകോപനപരവുമായ പ്രചാരണം പാടില്ല. മതവികാരം ഉണര്‍ത്തുന്നതും വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങള്‍ അടക്കമുള്ള ബീഭത്സ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രചാരണവും പാടില്ല.
മറ്റൊരു സ്ഥാനാര്‍ഥിയുടെ ബോര്‍ഡുകള്‍ നശിപ്പിക്കുകയോ മറയ്ക്കുകയോ ചെയ്യുന്ന രീതിയില്‍ പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ല. നിലവിലുള്ള നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചു വേണം പരസ്യങ്ങള്‍ സ്ഥാപിക്കാന്‍.
വഴി തടസപ്പെടുത്തി ബോര്‍ഡ് വയ്ക്കരുത്
- വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും മാര്‍ഗതടസമുണ്ടാക്കുന്ന രീതിയില്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കരുത്.
- നടപ്പാത, റോഡുകളുടെ വളവുകള്‍, പാലങ്ങള്‍ എന്നിവിടങ്ങളിലും റോഡിനു കുറുകെയും ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലും പൊതുജനങ്ങള്‍ക്കു ശല്യമോ അപകടമോ ഉണ്ടാക്കുന്ന രീതിയിലും പരസ്യം വയ്ക്കരുത്.
- പൊതുജനങ്ങളുടേയോ വാഹനങ്ങളുടെയോ സുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കുന്ന വിധത്തില്‍ വാഹനങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കരുത്.
- ബന്ധപ്പെട്ടവരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പൊതു സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ വസ്തുവകകളിലോ ഇലക്ട്രിക് പോസ്റ്റുകളിലോ മൊബൈല്‍ ടവറുകളിലോ ടെലിഫോണ്‍ പോസ്റ്റുകളിലോ പരസ്യം സ്ഥാപിക്കാനോ വരക്കാനോ എഴുതാനോ പാടില്ല.
വോട്ടെടുപ്പ് കഴിഞ്ഞാല്‍ ബോര്‍ഡുകള്‍ നീക്കണം
വോട്ടെടുപ്പ് അവസാനിച്ചാല്‍ ഉടന്‍ അതത് സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്ത് നശിപ്പിക്കുകയോ പുന:ചംക്രമണത്തിന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കു കൈമാറുകയോ ചെയ്യണം.
നീക്കം ചെയ്തില്ലെങ്കില്‍, വോട്ടെടുപ്പ് അവസാനിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി പരസ്യം നീക്കം ചെയ്യുകയോ പുന: ചംക്രമണത്തിനായി ഏജന്‍സിക്കു കൈമാറുകയോ ചെയ്യും. അതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയില്‍നിന്ന് ഈടാക്കും.
കോവിഡ് പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കുള്ള മാര്‍ഗനിദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു. അവ അറിയാം:
പത്രികാ സമര്‍പ്പണത്തിന് മൂന്നുപേര്‍
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ മൂന്നു പേര്‍ മാത്രമേ പാടുള്ളൂവെന്നാണ് മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു. ഇവര്‍ക്കു വരാന്‍ ഒരു വാഹനം മാത്രമേ പാടുള്ളൂ. പത്രിക സമര്‍പ്പണത്തിന് ഒരു സമയം ഒരു സ്ഥാനാര്‍ഥിയെ മാത്രമേ അനുവദിക്കൂ. സ്ഥാനാര്‍ത്ഥി കോവിഡ് പോസിറ്റീവോ ക്വാറന്റൈിനിലോ ആണെങ്കില്‍ നിര്‍ദേശകനു പത്രിക സമര്‍പ്പിക്കാം.
പത്രിക സ്വീകരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീല്‍ഡ്എന്നിവ നിര്‍ബന്ധം. പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് വാര്‍ഡ് അടിസ്ഥാനത്തിലാണ് പ്രവേശനം അനുവദിക്കുക. പരമാവധി 30 പേര്‍ക്കാണു പ്രവേശനം.
പ്രചാരണം സോഷ്യല്‍ മീഡിയ വഴി
പരമാവധി പ്രചരണം സോഷ്യല്‍ മീഡിയ വഴിയേ ആകാവുവെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നോട്ടീസ്, ലഘുലേഖ വിതരണം കുറയ്ക്കണം. ഭവന സന്ദര്‍ശനം ആകാം. എന്നാല്‍, സ്ഥാനാര്‍ത്ഥിക്കൊപ്പം പരമാവധി അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ.
റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനം മാത്രമേ അനുവദിക്കൂ. ജാഥകളും കൊട്ടിക്കലാശവും പാടില്ല. പൂമാല, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കി സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കരുത്. പൊതുയോഗങ്ങള്‍, കുടുംബ യോഗങ്ങള്‍ എന്നിവ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നടത്താവൂ. ഇതിനായി പൊലീസിന്റെ മുന്‍കൂര്‍ അനുമതി തേടണം. കോവിഡ് പോസിറ്റീവോ ക്വാറന്റൈനിലോ ആയാല്‍ സ്ഥാനാര്‍ഥി പ്രചാരണത്തിനിറങ്ങരുത്.
ബൂത്തില്‍ ഒരേസമയം മൂന്ന് വോട്ടര്‍മാര്‍
ബൂത്തില്‍ ഒരേ സമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തിരിച്ചറിയാന്‍ ആവശ്യമെങ്കില്‍ മാസ്‌ക് മാറ്റണം. പോളിങ് ഉദ്യോഗസ്ഥര്‍ മാസ്‌കിനു പുറമെ ഫെയ്‌സ് ഷീല്‍ഡും കൈയ്യുറയും ധരിക്കണം.
പോളിങ് സ്റ്റേഷനുകള്‍ വോട്ടിങ് തലേന്ന് അണുവിമുക്തമാക്കണം. ബൂത്തിനു പുറത്ത് വെള്ളവും സോപ്പും കരുതണം. ബൂത്തിനകത്ത് സാനിറ്റൈസര്‍ നിര്‍ബന്ധമാണ്. വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ കയറുമ്പോഴും തിരിച്ചിറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം.
ശാരീരിക അകലം പാലിച്ചായിരിക്കും ബൂത്തിലെ ക്രമീകരണങ്ങള്‍. വോട്ടര്‍മാര്‍ക്കു വരിനില്‍ക്കാന്‍ നിശ്ചിത അകലത്തില്‍ അടയാളമിടണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വരിയുണ്ടാവും. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ എന്നിവര്‍ക്കു വരി നിര്‍ബന്ധമില്ല.
ബൂത്ത് ഏജന്റുമാര്‍ പത്തില്‍ കൂടരുത്. ഇവര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിപ്പിടമൊരുക്കണം. സ്ലിപ്പ് വിതരണത്തിന് രണ്ടു പേരില്‍ കൂടുതല്‍ പാടില്ല. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കും. കിടപ്പ് രോഗികള്‍ക്കും കോവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അവസരമൊരുക്കി സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നിരുന്നു.
വോട്ടെണ്ണല്‍, വിജയാഹ്‌ളാദം എന്നിവയുടെ കാര്യത്തിലും മാര്‍ഗനിര്‍ദേശങ്ങളുണ്ട്. സ്ഥാനാര്‍ഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌ക് ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കണം. കൗണ്ടിങ് ഉദ്യോഗസ്ഥര്‍ കൈയുറയും ധരിക്കണം. കോവിഡ് മാനദണ്ഡം പാലിച്ചാകണം വിജയാഹ്‌ളാദ പ്രകടനങ്ങള്‍ നടത്തേണ്ടത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിന് ഓരോ പ്രതിനിധിക്കു മാത്രമാണ് അവസരം. പരമാവധി 40 പേരെ മാത്രമേ പങ്കെടുപ്പിക്കൂ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക്കിന് സമ്പൂർണ വിലക്ക്
ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് പ്ലാസ്റ്റികിന്റെ ഉപയോഗത്തിന് വിലക്ക്. തിരുവനന്തപുരം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു പ്ലാസ്റ്റിക് സമ്പൂർണമായി ഒഴിവാക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. പരസ്യം സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക് പേപ്പറുകൾ, പ്ലാസ്റ്റിക് നൂലുകൾ, പ്ലാസ്റ്റിക് റിബണുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്നു കളക്ടർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിഞ്ഞുചേരുന്നതും പുന:ചംക്രമണം ചെയ്യാൻ കഴിയുന്നതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
നിർദശങ്ങൾ:
- പ്ലാസ്റ്റിക് , പി.വി.സി. തുടങ്ങിയവകൊണ്ടുണ്ടാക്കിയ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ ഉപയോഗിക്കരുത്.
- ഔദ്യോഗിക ആവശ്യങ്ങൾക്കും കോട്ടൺ തുണി, പേപ്പർ, പോളിഎത്തലീൻ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ.
- വോട്ടെടുപ്പിനു ശേഷം പോളിങ് സ്റ്റേഷനുകളിൽ അവശേഷിക്കുന്ന വസ്തുക്കൾ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പ്രത്യേക ശ്രദ്ധവയ്കണം.
- വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും ഇതേ നിർദേശം ബാധകമാണ്.
ഉപയോഗശൂന്യമായ ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു നീക്കം ചെയ്യുന്നതിന് എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പ്രത്യേക ക്യാരി ബാഗുകൾ വിതരണം ചെയ്യുമെന്നും കലക്ടർ അറിയിച്ചു. മാസ്ക്, ഗ്ലൗസ് എന്നീ മെഡിക്കൽ വേസ്റ്റുകൾ പ്രത്യേകം ശേഖരിച്ചു സംസ്കരിക്കുന്നതിനും പ്രത്യേക ക്യാരി ബാഗുകൾ നൽകുമെന്നും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഇതിന്റെ ചുമതല വഹിക്കണമെന്നും കളക്ടർ പറഞ്ഞു.
പ്രചാരണം മുറുകുന്നു; പത്രികാ സമര്‍പ്പണം 19-വരെ
941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തിയതി പുറത്തുവന്നതിനു പിന്നാലെ രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിരിക്കുകയാണ്.
നവംബര്‍ 19-വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന 20-ന്. 23 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. സ്ഥാനാര്‍ത്ഥികളുടെ ചിത്രം അന്ന് തെളിയും.
ഒന്നാം ഘട്ടമായ ഡിസംബര്‍ എട്ടിനു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണു വോട്ടെടുപ്പ്. രണ്ടാം ഘട്ടമായ 10നു കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും മൂന്നാം ഘട്ടമായ 14നു കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണു വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 16ന്.