തിരുവനന്തപുരം: തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ സംസ്ഥാനത്ത് ആകെ ലഭിച്ചത് 1,68,055 പത്രികകള്‍. വൈകീട്ട് ഏഴുമണിവരെയുള്ള കണക്കാണിത്. വിവിധ ജില്ലകളില്‍നിന്നുള്ള കണക്കുകള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനു ലഭിക്കുന്നത് തുടരുകയാണെന്നതിനാല്‍ പത്രികകളുടെ എണ്ണം ഇനിയും കൂടാനാണു സാധ്യത.

ഗ്രാമപഞ്ചായത്ത്-1,20,759, ബ്ലോക്ക് പഞ്ചായത്ത്-13,412, ജില്ലാ പഞ്ചായത്ത്-2,352, മുന്‍സിപ്പാലിറ്റി-21,398, കോര്‍പറേഷന്‍-4,134 എന്നിങ്ങനെയാണ് ഏഴു മണി വരെ ലഭിച്ച പത്രികകളുടെ എണ്ണം.

സംസ്ഥാനത്ത് മൂന്നു ഘട്ടമായാണു തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ട്, 10, 14 തിയതികളിലായി നടക്കുന്ന വോട്ടെടുപ്പിനായി 12 മുതലാണ് പത്രികകള്‍ സ്വീകരിച്ചു തുടങ്ങിയത്. നാളെയാണു പത്രികകളുടെ സൂക്ഷ്മ പരിശോധന. 23 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം.

Also Read: താമര അടയാളത്തിൽ വോട്ട് ചോദിച്ച് കൊറോണ; ഇത് ചെറിയ കളിയല്ല

റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ നാളെ രാവിലെ ഒമ്പതു മുതല്‍ സൂക്ഷ്മ പരിശോധന ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രത്യേക സമയക്രമം നിശ്ചയിച്ചാണു സൂക്ഷ്മ പരിശോധന നടത്തുക. ഇതു പ്രകാരം മാത്രമേ സ്ഥാനാര്‍ഥികളും ബന്ധപ്പെട്ടവരും റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ എത്താവൂയെന്നാണു നിര്‍ദേശം. സ്ഥാനാര്‍ഥിക്കും ഏജന്റിനും നിര്‍ദേശകനും മാത്രമേ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് പ്രവേശനം അനുവദിക്കൂ. പരമാവധി 30 പേര്‍ മാത്രമേ ഒരു സമയം സൂക്ഷ്മ പരിശോധനാ ഹാളില്‍ അനുവദിക്കൂ.

Also Read: വോട്ടെടുപ്പിനും വോട്ടെണ്ണലിനും മുൻപ്; 20 ലേറെ സ്ഥലങ്ങളിൽ എൽഡിഎഫിന് എതിരില്ല

സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് കര്‍ശനമായി സാമൂഹിക അകലം പാലിക്കണം. ഇതനുസരിച്ചാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനാ വേളയില്‍ വരണാധികാരി, ഉപവരണാധികാരി, സഹവരണാധികാരി എന്നിവര്‍ നിര്‍ബന്ധമായും മാസ്‌ക്, ഫെയ്സ് ഷീല്‍ഡ്, കൈയുറ, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

പത്രിക നിരസിക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെ?

കേരള പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി ആക്റ്റുകളില്‍ പറഞ്ഞ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ നാമനിര്‍ദേശപത്രിക നിരസിക്കുകയുള്ളൂ. അവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

സ്ഥാനാര്‍ഥി ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനത്തിലെ അംഗമാകാന്‍ നിയമാനുസൃതം യോഗ്യനല്ലെന്നു പത്രിക നിരസിക്കപ്പെടും.

സ്ഥാനാര്‍ഥിയോ അല്ലെങ്കില്‍ നാമനിര്‍ദേശം ചെയ്യുന്നയാളോ അല്ലാതെ മറ്റാരെങ്കിലും പത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ നിരസിക്കപ്പെടും.

നാമനിര്‍ദേശപത്രിക നിശ്ചിത രണ്ടാം നമ്പര്‍ ഫോറത്തില്‍ സമര്‍പ്പിച്ചിട്ടില്ലെങ്കിലും സ്ഥാനാര്‍ഥിയും നാമനിര്‍ദേശം ചെയ്തയാളും ഒപ്പിട്ടിട്ടില്ലെങ്കിലും പത്രിക നിരസിക്കപ്പെടും.

Also Read: ജയിച്ചാലും തോറ്റാലും ജനങ്ങൾക്കൊപ്പമുണ്ട്, പ്രായം ഒരു പ്രശ്‌നമല്ല; നയം വ്യക്തമാക്കി രേഷ്‌മ

സ്ഥാനാര്‍ഥി മത്സരിക്കുന്ന തദ്ദേശഭരണ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ ആയിരിക്കണം. എന്നാല്‍ നാമനിര്‍ദേശം ചെയ്യുന്നയാള്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന വാര്‍ഡിലെയോ വോട്ടര്‍ ആയിരിക്കണം. ഇതു രണ്ടും പാലിച്ചില്ലെങ്കില്‍ പത്രിക തള്ളും.

ഒരാള്‍ ഒരു തദ്ദേശഭരണ സ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളിലേയ്ക്ക് പത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയും നിരസിക്കും. സ്ഥാനാര്‍ത്ഥി പണം കെട്ടിവച്ചില്ലെങ്കിലും സത്യപ്രതിജ്ഞ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞ ചെയ്ത് ഒപ്പിട്ടിട്ടില്ലെങ്കിലും പത്രിക തള്ളും.

സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ സംവരണ സീറ്റുകളിലേക്ക് ഈ വിഭാഗത്തില്‍പ്പെടാത്തവര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ തള്ളും. സ്ഥാനാര്‍ഥി നാമ നിര്‍ദേശപത്രികയില്‍ വയസ് കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിലും നിരസിക്കും.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.