കുമളി: പല തിരഞ്ഞെടുപ്പിലും അഞ്ചു മണി കഴിഞ്ഞിട്ടും പോളിങ് നീണ്ടുപോയ നിരവധി ബൂത്തുകളുണ്ട് കേരളത്തിൽ. എന്നാൽ പോളിങ് സമയത്തിന്റെ ഏറെക്കുറെയും ഉദ്യോഗസ്ഥർ വെറുതെയിരിക്കേണ്ടി വരുന്ന ബൂത്തുകൾ അപൂർവമാവും. അത്തരത്തിലൊന്നാണ് ഇടുക്കി കുമളി ഗ്രാമപഞ്ചായത്തിലെ പച്ചക്കാനത്തേത്. കാടിനുള്ളിലെ ഈ ബൂത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് നാലു പേർ മാത്രം.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ 28 പേർക്കാണ് ബൂത്തിൽ വോട്ടുണ്ടായിരുന്നത്. എന്നാൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ 37 പേർക്കാണു വോട്ടുള്ളത്. തമിഴ്നാട് സ്വദേശികളായ തോട്ടം തൊഴിലാളികളാണ് ഇവിടുത്തെ വോട്ടർമാർ.
Also Read: സോഷ്യൽ മീഡിയ അടക്കിവാഴുന്ന തിരഞ്ഞെടുപ്പ് പ്രചാരണം; ശ്രദ്ധയാകർഷിച്ച് കിടിലൻ പോസ്റ്ററുകൾ
വിസ്തീർണത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് വാർഡ് കുമളിയിലെ തേക്കടിയാണ്. കണക്കുകൾ പ്രകാരം ഇത്തവണ ഇവിടെ വോട്ടുള്ളത് 830 പേർക്കാണ്. ഈ വാർഡിന്റെ ഭാഗമാണ് കുമളിയിൽനിന്ന് 35 കിലോമീറ്റർ അകലെ, ഗവി റൂട്ടിലുള്ള പച്ചക്കാനം. വൈദ്യുതിയും വെള്ളവും മൊബൈൽ നെറ്റ്‌വർക്കുമൊന്നും ലഭ്യമല്ലാത്ത പ്രദേശമാണിത്. ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടുന്ന വാർഡാണ് കുമളിയിലെ തേക്കടി. വോട്ടർമാരിൽ 75 ശതമാനവും മന്നാൻ വിഭാഗത്തിൽപ്പെട്ടവരാണ്.
വോട്ടർമാരുടെ എണ്ണം കുറവാണെങ്കിലും ജനാധിപത്യത്തിലെ ഏറ്റവും സുപ്രധാന പ്രക്രിയയ്ക്ക് പച്ചക്കാനം ഒരുങ്ങിക്കഴിഞ്ഞു.പ്രദേശത്തെ ഒരു അംഗനവാടിയാണ് പോളിങ് ബൂത്താക്കുന്നത്. പ്രദേശത്ത് സമീപത്തെ സ്വകാര്യ എസ്റ്റേറ്റിൽ നിന്നും വൈദ്യുതിയും വെള്ളവും എത്തിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി കുമളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സെൻകുമാർ ഇന്ത്യൻ എക്സപ്രസ് മലയാളത്തോട് പറഞ്ഞു.
Also Read: ജയിച്ചാലും തോറ്റാലും ജനങ്ങൾക്കൊപ്പമുണ്ട്, പ്രായം ഒരു പ്രശ്‌നമല്ല; നയം വ്യക്തമാക്കി രേഷ്‌മ
“രണ്ട് പൊലീസുകാർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കാണ് പോളിങ് ബൂത്തിന്റെ ചുമതല. ഇവർക്ക് വോട്ടെടുപ്പിനു തലേദിവസം താമസിക്കാനുള്ള സൗകര്യം പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. വൈദ്യുതിയും വെള്ളവും ലഭ്യമാക്കാനും നടപടിയായിട്ടുണ്ട്. മൊബൈൽ നെറ്റ്‌വർക്കില്ലാത്തതാണ് പ്രധാന പ്രശ്നം. ഉദ്യോഗസ്ഥർ പോളിങ് ബൂത്തിലെത്തി കഴിഞ്ഞാൽ പിന്നെ അവർക്ക് പുറംലോകവും ബന്ധപ്പെടുക പ്രയാസമായിരിക്കും. പ്രശ്നബാധിത ബൂത്തല്ല എന്നതാണ് ഒരു ആശ്വാസം,” സെൻകുമാർ പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് സമയം നീട്ടിയത് ഇത്തരം വിദൂര പ്രദേശങ്ങളിലുള്ള ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. വളരെ കുറച്ചുപേർ മാത്രമേ വോട്ട് ചെയ്യാൻ എത്തുകയുള്ളൂവെങ്കിൽ കൂടി ആറു മണി വരെ ഉദ്യോഗസ്ഥർ പോളിങ് ബൂത്തിൽ നിർബന്ധിതരാണ്. അല്ലെങ്കിൽ അതിനു മുൻപ് നൂറ് ശതമാനം പോളിങ് രേഖപ്പെടത്തിക്കഴിയണം. പോളിങ് അവസാനിച്ച ശേഷം മണിക്കൂറുകൾ സഞ്ചരിച്ചുവേണം ഉദ്യോഗസ്ഥർക്കു സ്വന്തം നാട്ടിലെത്താൻ.
Also Read: താമര അടയാളത്തിൽ വോട്ട് ചോദിച്ച് കൊറോണ; ഇത് ചെറിയ കളിയല്ല
ജില്ലയിലെ വിദൂര ബൂത്തുകളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകുന്ന ഉദ്യോഗസ്ഥർക്ക് സാറ്റ്‌ലൈറ്റ് ഫോണും ഹാം റേഡിയോയും നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കറാം മീണ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.