തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പൊതുവെ ഒരു വേഗതക്കുറവുണ്ടെന്നാണ് എല്ലാ പാർട്ടികളും പറയുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രചാരണം നടത്തണമെന്നത് മാത്രമല്ല ഈ വേഗതക്കുറവിനു കാരണം. ഓരോ സ്ഥാനാർഥിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കാവുന്ന തുക വളരെ കുറവാണെന്നാണ് രഹസ്യമായും പരസ്യമായും വിവിധ രാഷ്ട്രീയ പാർട്ടികൾ പരിഭവം പറയുന്നത്.

പഞ്ചായത്ത് മുതൽ കോർപറേഷൻ വരെ സ്ഥാനാർഥികൾക്ക് ചെലവഴിക്കാവുന്ന തുകയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളാണ് തങ്ങൾക്ക് ചെലവഴിക്കാവുന്ന തുക വളരെ കുറഞ്ഞുപോയതായി പരാതി പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടമനുസരിച്ച് പഞ്ചായത്തിൽ ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 25,000 രൂപയാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ പഞ്ചായത്ത് മെമ്പർക്ക് ലഭിക്കുന്ന ഓണറേറിയം 7,000 രൂപയാണ്.

Read Also: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

“ബ്ലോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നിവിടങ്ങളിൽ സ്ഥാനാർഥികൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയുമായി താരതമ്യം ചെയ്യുമ്പോൾ പഞ്ചായത്തിലെ സ്ഥാനാർഥിക്ക് ലഭിക്കുന്ന തുക വളരെ കുറവാണ്. അതുകൊണ്ട് തന്നെ പ്രചാരണത്തിലും അത് പ്രകടമാണ്. പോസ്റ്ററുകളും ഫ്ലക്സുകളും കുറച്ചു” തൃശൂർ അരിമ്പൂർ പഞ്ചായത്തിൽ നിന്നു മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി പറഞ്ഞു. ചെലവ് വർധിച്ചാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കുമോ എന്ന പേടിയുണ്ടെന്നും ഈ സ്ഥാനാർഥി പറയുന്നു.

ബ്ലോക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 75,000 ആണ്. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിക്ക് 1,50,000 രൂപയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാക്കാവുന്ന തുക. കോർപറേഷനിലും 1,50,000 ആണ് ചെലവാക്കാവുന്ന ഏറ്റവും ഉയർന്ന തുക.

നാമനിർദേശം ചെയ്യപ്പെട്ട തിയതി മുതൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തിയതി വരെ ചെലവാക്കാവുന്ന തുകയാണിത്. ഫലം വന്ന് 30 ദിവസത്തിനകം കണക്ക് നൽകണം. ഈ നിയന്ത്രണങ്ങളിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.