തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴുമണി വരെ പരസ്യപ്രചാരണം നടത്താൻ അനുമതി നൽകിയിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയതിനാൽ കൊട്ടിക്കലാശമില്ലാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത്.
Read More: വോട്ടെടുപ്പ്: സംസ്ഥാനത്ത് 140 കമ്പനി കേന്ദ്ര സേന; ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം
കൊട്ടിക്കലാശമില്ലെങ്കിലും ആവേശം ഒട്ടും ചോരാതെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അവസാന ദിവസത്തെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയിരുന്നു. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ പ്രചാരണ പരിപാടികളിൽ രാഹുൽ പങ്കെടുത്തു. കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്ത രാഹുൽ പിന്നീട് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തുകയായിരുന്നു.
ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ഇനിയുള്ള സമയം വീടുകയറിയുള്ള പ്രചാരണവും മറ്റു നിശബ്ദ പ്രചാരണങ്ങളുമായി സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മുന്നോട്ട് പോവും.
അതേസമയം ഇരട്ട വോട്ട് തടയുന്നതിന്റെ ഭാഗമായി പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരായ ജില്ലാ കലക്ടർമാർ പ്രിസൈഡിങ് ഓഫീസർമാർക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
നിർദേശങ്ങൾ:
- എ.എസ്.ഡി (Absentee, Shift, Death) ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, ഒന്നില്‍ കൂടുതല്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ എന്നിവര്‍ വോട്ട് ചെയ്യുവാനായി ഹാജരാകുന്ന അവസരത്തില്‍ പ്രസ്തുത വോട്ടര്‍മാരുടെ ഫോട്ടോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എടുക്കേണ്ടതാണ്.
- ഫോട്ടോ എടുക്കുന്നതിനായി മൂന്നാം പോളിംഗ് ഓഫീസറെ ചുമതലപ്പെടുത്തേണ്ടതും ഫോട്ടോ റിട്ടേണിംഗ് ഓഫീസറുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അയക്കേണ്ടതുമാണ്.
- രജിസ്റ്ററില്‍ ഒപ്പും വിരലടയാളവും ലഭ്യമാക്കേണ്ടതാണ്.
- ജനപ്രാതിനിധ്യനിയമം വകുപ്പ് 31 പ്രകാരമുളള സത്യപ്രസ്താവന വോട്ടറില്‍ നിന്നും ലഭ്യമാക്കേണ്ടതാണ്
- കൈയ്യില്‍ പുരട്ടുന്ന മഷി ഉണങ്ങിയതിനുശേഷം മാത്രമെ വോട്ടറെ ബൂത്ത് വിട്ട് പോകുവാന്‍ അനുവദിക്കാവു.
- ആള്‍മാറാട്ടം ഒന്നില്‍ കൂടുതല്‍ വോട്ടുകള്‍ ചെയ്യുക എന്നീ കുറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന പൊതു അറിയിപ്പ് പോസ്റ്ററുകള്‍ പോളിംഗ് ബൂത്തുകളില്‍ എല്ലാവരും കാണത്തക്ക വിധത്തില്‍ പതിക്കേണ്ടതാണ്.