തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വാക്യം പുറത്തിറക്കി യുഡിഎഫ്. ‘നാട് നന്നാകാൻ യുഡിഎഫ്’ എന്നതാണ് പ്രചാരണവാക്യം. തങ്ങൾ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികൾക്കൊപ്പം ‘വാക്ക് നൽകുന്നു യുഡിഎഫ്’ എന്ന വാചകവും ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.

“അഞ്ചു വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ അഴിമതി ഭരണത്തിന് തിരശീല വീഴാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. കേരളത്തിൽ ഒരു മാറ്റം വേണമെന്നത് ജനാഭിലാഷമാണ്. അഞ്ചു വർഷമായി സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും നിശ്ചലമാണ്. നാട് നന്നാകാൻ, ഐശ്വര്യ കേരളം കെട്ടിപ്പടുക്കാൻ യുഡിഎഫ് അധികാരത്തിലെത്തുക ആവശ്യമാണ്.
കോടികൾ മുടക്കി വ്യാജപ്രചാരണമാണ് സർക്കാർ നടത്തുന്നത്. ഉദാഹരണത്തിന് കേരളത്തിൽ ഏറ്റവും കൂടുതൽ വീട് വച്ചുകൊടുത്തത് ഈ സർക്കാരാണെന്ന കളവ് പിആർഡി വഴി സർക്കാർ ആവർത്തിക്കുകയായിരുന്നു. എൽഡിഎഫ് കഷ്‌ടിച്ച് രണ്ടരലക്ഷം വീടുകൾ നിർമ്മിച്ചു നൽകിയപ്പോൾ യുഡിഎഫിന്റെ കാലത്ത് നാലു ലക്ഷം പേർക്കാണ് വീട് നൽകിയത്. ഈ യാഥാർത്ഥ്യങ്ങളെല്ലാം പ്രചാരണ രംഗത്തുണ്ടാകും,” തിരഞ്ഞെടുപ്പ് പ്രചാരണവാക്യം പുറത്തിറക്കി ചെന്നിത്തല പറഞ്ഞു.

Read Also: ഉമ്മൻചാണ്ടിക്കെതിരെ ജെയ്‌ക് തന്നെ, സിപിഎം സ്ഥാനാർഥി പ്രഖ്യാപനം ഉടൻ; ഇന്നത്തെ പ്രധാന തിരഞ്ഞെടുപ്പ് വാർത്തകൾ

സർക്കാരിന്റെ ദുഷ്ചെയ്‌തികളെ തുറന്നുകാട്ടുന്നതിനോടൊപ്പം യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ലക്ഷ്യമിടുന്ന വിവിധ ജനക്ഷേമ പദ്ധതികളും കേരള സമൂഹത്തിനു മുൻപാകെ അവതരിപ്പിക്കും. യുഡിഎഫ് നൽകുന്ന വാക്കായിരിക്കും അത്. ഐശ്വര്യ കേരള സൃഷ്ടിക്കായി യുഡിഎഫിനോടൊപ്പം നിൽക്കാൻ സ്നേഹപൂർവം എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് ഇടതുമുന്നണിയുടെ പ്രചാരണവാക്യം. ‘ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം’ തുടങ്ങിയ ഉപതലക്കെട്ടുകളോടെയുള്ള പ്രചാരണവാക്യം കഴിഞ്ഞ ആഴ്‌ചയാണ് എൽഡിഎഫ് പുറത്തിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയാണ് പുതിയ പരസ്യവാചകം. സംസ്ഥാനത്ത് പലയിടത്തും പരസ്യ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ‘എൽഡിഎഫ് വരും, എല്ലാം ശരിയാകും’ എന്നതായിരുന്നു പരസ്യവാചകം. ‘വളരണമീ നാട്, തുടരണമീ ഭരണം’ എന്നതായിരുന്നു യുഡിഎഫിന്റെ 2016 ലെ പ്രചാരണവാക്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook