ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും വീണ്ടും മത്സരിച്ചേക്കും. ഇരുവർക്കും ഇളവ് നൽകി വീണ്ടും മത്സരിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായം. തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്താൻ സിപിഎം തീരുമാനിച്ചിരുന്നു. എന്നാൽ, തോമസ് ഐസക്കിനെയും സുധാകരനെയും ഇത്തവണ കൂടി മത്സരിപ്പിക്കണമെന്നും ഇരുവരുടെയും ഭരണമികവ് പരിഗണിച്ച് വീണ്ടും അവസരം നൽകണമെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നത്.
മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി വിജയസാധ്യത പരിഗണിക്കണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നത്. സംസ്ഥാന നേതൃത്വം ഈ അഭിപ്രായം അംഗീകരിക്കാനാണ് സാധ്യത. ധനമന്ത്രി എന്ന നിലയിൽ തോമസ് ഐസക്കും പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ സുധാകരനും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളതെന്ന് സംസ്ഥാന നേതൃത്വവും അംഗീകരിക്കുന്നു.
Read Also: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക അസമികൾക്കൊപ്പം നൃത്തം ചെയ്യാൻ മറന്നില്ല, വീഡിയോ
തോമസ് ഐസക് ആലപ്പുഴയിൽ നിന്നും സുധാകരൻ അമ്പലപ്പുഴയിൽ നിന്നും ജയിച്ചാണ് പിണറായി മന്ത്രിസഭയിൽ അംഗങ്ങളായത്. യുഡിഎഫ് മണ്ഡലമായ അമ്പലപ്പുഴ ജി.സുധാകരൻ വന്നതോടെ ഇടതിനൊപ്പം നിൽക്കുകയായിരുന്നു. സ്ഥാനാർഥി നിർണയത്തിൽ ഇക്കാര്യം പ്രത്യേകം പരിഗണിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു. ആലപ്പുഴയിൽ തോമസ് ഐസക്കിനാണ് കൂടുതൽ വിജയസാധ്യതയെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെടുന്നു. ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ഇരുവരും മന്ത്രിസഭയിൽ വീണ്ടും അംഗങ്ങളാകാനും സാധ്യതയേറി.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 31,032 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആലപ്പുഴയിൽ നിന്ന് തോമസ് ഐസക് ജയിച്ചത്. അമ്പലപ്പുഴയിൽ 22,621 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മികച്ച വിജയമാണ് ജി.സുധാകരനും സ്വന്തമാക്കിയത്.