കണ്ണൂർ: നിപയും കോവിഡും സൃഷ്ടിച്ച മോശം സാഹചര്യം ആരോഗ്യമന്ത്രിയെന്ന നിലയിൽ മികച്ച രീതിയിൽ കൈകാര്യം ചെയ്ത കെ കെ ശൈലജയ്ക്കു തിരഞ്ഞെടുപ്പിൽ ജനത്തിന്റെ കൈയഴിഞ്ഞ പിന്തുണ. റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയം നേടിയാണ് കെകെ ശൈലജ വീണ്ടും നിയമസഭയിലെത്തുന്നത്.
മട്ടന്നൂർ നിയോജക മണ്ഡലത്തിൽനിന്ന് ജനവിധി തേടിയ കെകെ ശൈലജ 60,963 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയെയാണ് മന്ത്രി തോൽപിച്ചത്.
സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് വിജയമായി ശൈലജയുടേത്. 47, 6741 വോട്ടിന്റെ ഭൂരിപക്ഷത്തിന് 2016ൽ ആലത്തൂരിലെ വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി എം ചന്ദ്രന്റേതാണ് ഇതിനു മുൻപത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം.
Read More: പിണറായി പറഞ്ഞത് പാഴായില്ല, ബിജെപി അക്കൗണ്ട് സിപിഎം പൂട്ടിച്ചു
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മുൻപ് നിപ രോഗബാധയുടെ സമയത്തും കെകെ ശൈലജ കാഴ്ചവച്ച ഭരണ മികവ് ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. പ്രതിപക്ഷം കോവിഡ് റാണിയെന്ന് വിളിച്ച് ആക്ഷേപിച്ചെങ്കിലും അതൊന്നം ജനമനസിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ശൈലജയുടെ ജയം വ്യക്തമാക്കുന്നത്.
ആരോഗ്യമന്ത്രിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയനും വൻ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. ധർമടം മണ്ഡലത്തിൽ മത്സരിച്ച മുഖ്യമന്ത്രിക്ക് 50,123 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.