ബൽറാമിനോട് മുട്ടാൻ രാജേഷോ?, ഏതൊക്കെ മന്ത്രിമാർ വീണ്ടും മത്സരിക്കും?; സാധ്യതകൾ ഇങ്ങനെ

മന്ത്രി കെ.ടി.ജലീൽ വീണ്ടും മത്സരിക്കും. എ.കെ.ബാലൻ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: തിരഞ്ഞെടുപ്പ് ചൂടിലാണ് സംസ്ഥാനം. വിവിധ മുന്നണികൾ തങ്ങളുടെ സ്ഥാനാർഥി നിർണയം ഉടൻ പൂർത്തിയാക്കും. സ്ഥാനാർഥികളെ അതിവേഗം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കളംപിടിക്കാനാണ് മുന്നണികൾ ശ്രദ്ധിക്കുന്നത്. ഇതിനോടകം തന്നെ പല സീറ്റുകളിലും മത്സരിക്കാൻ സാധ്യതയുള്ള സ്ഥാനാർഥികളുടെ പേര് പുറത്തുവരാൻ തുടങ്ങി.

സ്ഥാനാർഥികളുടെ കാര്യത്തിൽ അതിവേഗം തീരുമാനമെടുക്കുകയാണ് ഇടതുമുന്നണി. വിവിധ ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിൽ ഇതേ കുറിച്ച് വിശദമായ ചർച്ച നടന്നു. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ വീണ്ടും മത്സരിക്കും. നടനും എംഎൽഎയുമായ മുകേഷിന് ഒരു തവണ കൂടി സിപിഎം അവസരം നൽകും. കൊല്ലം ജില്ലയിലെ അഞ്ച് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ഈ സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയ്‌ക്ക് ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായി. കുണ്ടറയിൽ മേഴ്‌സിക്കുട്ടിയമ്മയും കൊല്ലത്ത് മുകേഷും ഇരവിപുരത്ത് എം.നൗഷാദും സ്ഥാനാർഥിയാകും. ചവറയിൽ മുൻ എംഎൽഎ വിജയൻപിള്ളയുടെ മകൻ ഡോ.സുജിത് വിജയനെ സ്ഥാനാർഥിയാക്കാനാണ് സാധ്യത. കൊട്ടാരക്കരയിൽ കെ.എം.ബാലഗോപാൽ സിപിഎം സ്ഥാനാർഥിയായേക്കും.

പാലക്കാട് തൃത്താലയിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ വാശിയേറിയ പോരാട്ടമായിരിക്കും നടക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിറ്റിങ് എംഎൽഎയായ കോൺഗ്രസിന്റെ വി.ടി.ബൽറാമിനോട് ഏറ്റുമുട്ടാൻ എം.ബി.രാജേഷിനെയാണ് സിപിഎം കളത്തിലിറക്കാൻ സാധ്യത.

മന്ത്രി ഇ.പി.ജയരാജൻ ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന. മട്ടന്നൂരിലേക്ക് തന്നെ പരിഗണിക്കേണ്ട എന്ന് ഇ.പി.ജയരാജൻ കണ്ണൂർ സെക്രട്ടറിയേറ്റിനെ അറിയിച്ചു. മട്ടന്നൂരിൽ ജയരാജൻ മത്സരിക്കുന്നില്ലെങ്കിൽ മന്ത്രി കെ.കെ.ശൈലജ സ്ഥാനാർഥിയായേക്കും. നേരത്തെ കെ.കെ.ശൈലജ മത്സരിച്ച കൂത്തുപറമ്പ് ഇത്തവണ എൽജെഡിക്ക് നൽകാൻ ഇടതുമുന്നണിയിൽ ധാരണയായിട്ടുണ്ട്.

പത്തനംതിട്ടയിലും ഏകദേശ ധാരണയായി. ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ കെ.യു.ജനീഷ്‌കുമാറും വീണ്ടും മത്സരിക്കും. റാന്നിയിൽ രാജു എബ്രഹാമിന് ഒരു അവസരം കൂടി നൽകിയേക്കും. അഞ്ച് തവണയായി റാന്നിയെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് രാജു എബ്രഹാം. എന്നാൽ, വിജയസാധ്യത കണക്കിലെടുത്ത് ഒരു അവസരം കൂടി നൽകണമെന്നാണ് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്.

Read Also: ‘ഇങ്ങനെയാണോ ?’ ; കർഷകർക്കൊപ്പം തേയില നുള്ളി പ്രിയങ്ക, വീഡിയോ

മന്ത്രി കെ.ടി.ജലീൽ വീണ്ടും മത്സരിക്കും. എ.കെ.ബാലൻ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. തരൂർ സീറ്റ് എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയ്‌ക്ക് നൽകാനാണ് ആലോചിക്കുന്നത്. എന്നാൽ, ജമീലയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റിൽ വിയോജിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പി.വി.അൻവർ നിലമ്പൂരിൽ വീണ്ടും എൽഡിഎഫ് സ്ഥാനാർഥിയാകും. പൊന്നാനിയിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ വീണ്ടും മത്സരിക്കാനാണ് സാധ്യത. മന്ത്രി ജലീൽ തവനൂരിൽ തന്നെയായിരിക്കും വീണ്ടും ജനവിധി തേടുക. ഏറനാട്ടിൽ മുൻ ഫുട്‌ബോൾ താരം യു.ഷറഫലിക്കാണ് സാധ്യത. വണ്ടൂരില്‍ എ.പി.അനില്‍ കുമാറിനെതിരെ പള്ളിക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.മിഥുനയെ കളത്തിലിറക്കാനാണ് സാധ്യത.

എറണാകുളത്തും സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു. വൈപ്പിനിൽ എസ്.ശർമ ഇത്തവണ മത്സരിക്കില്ല. കൊച്ചിയിൽ കെ.ജി.മാക്‌സിയും തൃപ്പൂണിത്തുറയിൽ എം.സ്വരാജും മത്സരിക്കും. പെരുമ്പാവൂരിൽ എൻ.സി.മോഹനന്റെ പേരും ഉയർന്നുകേൾക്കുന്നു.

കാസർഗോഡ് മൂന്ന് മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. തൃക്കരിപ്പൂരില്‍ സിറ്റിങ് എംഎല്‍എ എം.രാജഗോപാലിനാണ് സാധ്യത. ഉദുമയില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പു സ്ഥാനാർഥിയായേക്കും. മഞ്ചേശ്വരത്ത് എം.ശങ്കര്‍ റൈ, കെ.ആര്‍.ജയാനന്ദന്‍ എന്നിവരാണ് പരിഗണനയില്‍.

Read Also: ബംഗാളിൽ ‘ജയ് ശ്രീറാം’ വിളിക്കാൻ പോലും അനുവാദമില്ല: യോഗി ആദിത്യനാഥ്

ഉടുമ്പൻചോലയിൽ മന്ത്രി എം.എം.മണിയും ദേവികുളത്ത് എസ്.രാജേന്ദ്രനും വീണ്ടും സ്ഥാനാർഥിയാകും. പീരുമേട്ടിൽ ഇ.എസ്.ബിജിമോൾക്ക് ഇത്തവണ സീറ്റില്ല. പകരം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ സ്ഥാനാർഥിയാകാനാണ് സാധ്യത.

കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് തന്നെയായിരിക്കും എൽഡിഎഫ് സ്ഥാനാർഥി. പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് രഞ്ജിത്ത് പറഞ്ഞു. കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് പകരം രഞ്ജിത്തിനെ മത്സരിപ്പിക്കാൻ സിപിഎം ഒരുങ്ങുന്നുവെന്ന വാർത്തകൾ ഇന്നലെയാണ് പുറത്തുവന്നത്.

യുഡിഎഫിലെ സ്ഥാനാർഥി നിർണയ ചർച്ചകളിൽ വലിയ മാറ്റം വരാനാണ് സാധ്യത. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കില്ലെന്ന് തീർത്തുപറഞ്ഞതോടെ പല സീറ്റുകളിലും വലിയ മാറ്റങ്ങൾക്ക് സാധ്യത. മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനായി തുടർന്നേക്കും. കെ.മുരളീധരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. സിറ്റിങ് എംപിമാരെ മത്സരിപ്പിക്കാനുള്ള ആലോചന ഇതോടെ യുഡിഎഫ് അവസാനിപ്പിച്ചെന്നാണ് സൂചന.

മുതിര്‍ന്ന നേതാക്കളായ വി.എം.സുധീരനും പി.ജെ.കുര്യനും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. 25 വര്‍ഷം എംഎല്‍എയായവര്‍ മാറി നില്‍ക്കണമെന്ന് സുധീരൻ അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പി.ജെ.കുര്യൻ എഴുതി നൽകി. നാല് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് പി.സി.ചാക്കോ പറഞ്ഞു.

നടൻ ധർമജൻ ബോൾഗാട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും. കോഴിക്കോട് ബാലുശേരി നിയോജക മണ്ഡലത്തിൽ ധർമജനെ യുഡിഎഫ് സ്ഥാനാർഥിയാക്കാനാണ് തീരുമാനം. ഡിസിസിയുടെ സാധ്യതാ പട്ടികയിൽ ധർമജൻ ഇടംപിടിച്ചു. ബാലുശേരിയിലേക്ക് മറ്റ് നേതാക്കളുടെ പേരൊന്നും ഡിസിസിയുടെ പരിഗണനയിലില്ല. കോഴിക്കോട് നോർത്തിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് സ്ഥാനാർഥിയായേക്കും. വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെ മത്സരിപ്പിക്കാനും നീക്കം.

മുസ്‌ലിം ലീഗ് സാധ്യതാ പട്ടികയും പുറത്തുവരുന്നുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ജയിലിൽ കിടന്ന ഇബ്രാഹിംകുഞ്ഞിന് ഇത്തവണ സീറ്റില്ല. കളമശേരിയില്‍ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.കെ.അബ്‌ദുൾ ഗഫൂര്‍ പരിഗണനയില്‍. പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മല്‍സരിക്കും. എം.കെ.മുനീര്‍ കൊടുവള്ളിയിൽ മത്സരിക്കാനാണ് സാധ്യത. പി.കെ.ഫിറോസിന് താനൂരില്‍ സീറ്റ് നല്‍കും.

തൃശൂരിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കാൻ ബിജെപിയിൽ ആവശ്യം. കൊടുങ്ങല്ലൂർ സീറ്റിൽ മത്സരിക്കാനാണ് താൽപര്യമെന്ന് അഡ്വ.ബി.ഗോപാലകൃഷ്‌ണൻ പരസ്യമായി പറഞ്ഞു. സിനിമ തിരക്കുകൾ ഉള്ളതിനാൽ സുരേഷ് ഗോപി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. മഞ്ചേശ്വരത്തോ കോന്നിയിലോ കെ.സുരേന്ദ്രൻ, നേമത്ത് കുമ്മനം രാജശേഖരൻ എന്നിവരാണ് പരിഗണനയിൽ. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ സ്ഥാനാർഥിയാകും.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala election 2021 ldf udf bjp candidates

Next Story
‘നോ..നെവർ..’ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി
The moderation of comments is automated and not cleared manually by malayalam.indianexpress.com