ന്യൂഡൽഹി: കേരള നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ അഭിപ്രായ സർവെ ഫലം പുറത്ത്. സംസ്ഥാനത്ത് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് എബിപി ന്യൂസ്, സി-വോട്ടറുമായി ചേർന്ന് നടത്തിയ അഭിപ്രായ സർവെയിൽ പറയുന്നത്. 6,000 സാംപിളുകളാണ് സർവെയ്ക്കായി എടുത്തത്.
ഏപ്രിൽ-മേയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേക്കാൾ ഏഴ് ശതമാനം വോട്ട് എൽഡിഎഫിന് ലഭിക്കുമെന്നാണ് അഭിപ്രായ സർവെ ഫലം. എൽഡിഎഫിന് 41.6 ശതമാനം വോട്ടും യുഡിഎഫിന് 34.6 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സർവെയിൽ പറയുന്നത്.
ബിജെപിക്ക് കാര്യമായ വളർച്ചയുണ്ടാകില്ലെന്നാണ് അഭിപ്രായ സർവെ ഫലം വ്യക്തമാക്കുന്നത്. 2016 ൽ 14.9 ശതമാനം വോട്ട് ലഭിച്ച ബിജെപിക്ക് 2021 ൽ 15.3 ശതമാനം വോട്ട് ലഭിക്കുമെന്നാണ് ഈ അഭിപ്രായ സർവെ പ്രവചിക്കുന്നത്. 2016 ൽ 2.8 ശതമാനം വോട്ട് മാത്രം ലഭിച്ച മറ്റ് സ്വതന്ത്ര പാർട്ടികൾ ഇത്തവണ 8.5 ശതമാനത്തോളം വോട്ട് നേടുമെന്നും അഭിപ്രായ സർവെ ഫലത്തിൽ പറയുന്നു.
Read More: ബംഗാളിൽ വീണ്ടും തൃണമൂൽ, ഡിഎംകെ; എബിപി ന്യൂസ്, സി-വോട്ടർ അഭിപ്രായ സർവെ ഫലം
സീറ്റുകളുടെ എണ്ണത്തിൽ എൽഡിഎഫ് 85 ഉം യുഡിഎഫ് 53 ഉം നേടുമെന്നാണ് സർവെയിൽ പറയുന്നത്. ബിജെപിക്ക് ഒരു സീറ്റാണ് പ്രവചിക്കുന്നത്. 2016 ൽ ആകെയുള്ള 140 ൽ 91സീറ്റുമായാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്.
അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന ചോദ്യത്തിന് 47 ശതമാനം ആളുകളും പിന്തുണച്ചത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി 22 ശതമാനം പിന്തുണയുമായി രണ്ടാമത്.
മറ്റ് സംസ്ഥാനങ്ങളിലെ അഭിപ്രായ സർവെ ഫലം
കേരളത്തിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസാം, പുതുച്ചേരി എന്നിവടങ്ങളിലെ അഭിപ്രായ സർവെ ഫലവും ഇവർ പുറത്തുവിട്ടു.
ബിജെപിയും തൃണമൂൽ കോൺഗ്രസും നേരിട്ടു ഏറ്റുമുട്ടുന്ന പശ്ചിമ ബംഗാളിൽ ശക്തമായ പോരാട്ടമാണ് പ്രവചിക്കുന്നത്. 43 ശതമാനം വോട്ടും 154 മുതൽ 162 വരെ സീറ്റും നേടി തൃണമൂൽ അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ്, സി-വോട്ടർ സർവെ ഫലത്തിൽ പറയുന്നു. 294 അംഗ നിയമസഭയിലേക്കാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. 2016 ൽ 44.9 ശതമാനം വോട്ടാണ് തൃണമൂൽ നേടിയത്.
ബംഗാളിൽ ബിജെപി ശക്തമായ സാന്നിധ്യമാകുമെന്ന് അഭിപ്രായ സർവെയിൽ പറയുന്നു. 2016 ൽ 10.2 ശതമാനം വോട്ട് നേടിയ ബിജെപി ഇത്തവണ 37.5 ശതമാനം വോട്ട് വരെ നേടുമെന്നാണ് പ്രവചനം, 98 സീറ്റ് വരെ നേടിയേക്കാം.
Read More: തലപ്പത്തേക്ക് ഉമ്മൻ ചാണ്ടി; പുതിയ ചുമതലകൾ, ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം
കോൺഗ്രസ്-ഇടത് സഖ്യത്തിനാണ് കൂടുതൽ തിരിച്ചടി നേരിടേണ്ടി വരിക. 2016 ൽ 32 ശതമാനം വോട്ട് നേടിയ കോൺഗ്രസ്-ഇടത് സഖ്യം ഇത്തവണ വെറും 11.8 ശതമാനം വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്ന് ഈ സർവെയിൽ പറയുന്നു.
തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 41.1 ശതമാനം വോട്ടും 158 മുതൽ 166 വരെ സീറ്റും നേടിയാണ് ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുകയെന്ന് സർവെ പ്രവചിക്കുന്നു. 234 അംഗ നിയമസഭയിൽ അണ്ണാ ഡിഎംകെ-ബിജെപി സഖ്യം 60 മുതൽ 68 സീറ്റ് വരെ നേടാനുള്ള സാധ്യതയും അഭിപ്രായ സർവെയിൽ പ്രവചിക്കുന്നു.
അസാമിൽ ബിജെപിക്ക് അനുകൂലമാണ് കാര്യങ്ങൾ. 126 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 73 മുതൽ 81 വരെ സീറ്റ് നേടി എൻഡിഎ അധികാരത്തിലെത്തുമെന്നും 43.1 ശതമാനം വോട്ട് നേടുമെന്നും ഈ സർവെയിൽ പറയുന്നു. യുപിഎ 34.9 ശതമാനം വോട്ടും 36 മുതൽ 44 വരെ സീറ്റും നേടിയേക്കാമെന്നും സർവെ ഫലം.
പുതുച്ചേരിയിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചനം. ബിജെപിയും എഡിഎംകെയും അടങ്ങുന്ന എൻഡിഎ സഖ്യം ആകെയുള്ള 30 സീറ്റിൽ 14 മുതൽ 18 വരെ നേടുമെന്നും 44.4 ശതമാനം വോട്ട് ലഭിക്കുമെന്നും സർവെയിൽ പറയുന്നു. കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ വോട്ട് 42.6 ശതമാനം, 12 മുതൽ 16 വരെ സീറ്റും പ്രവചിക്കപ്പെടുന്നു.