നിയമസഭാ തിരഞ്ഞെടുപ്പിന് പുതിയ പരസ്യ വാചകവുമായി എൽഡിഎഫ്. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് പുതിയ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ആക്ടിങ് സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ.വിജയരാഘവനും പങ്കെടുത്ത പരിപാടിയിലാണ് പുതിയ പരസ്യവാചകം പുറത്തിറക്കിയത്. വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരസ്യവാചകമെന്ന് വിജയരാഘവൻ പറഞ്ഞു.
Read Also: ‘ഈ ടീം തൊണ്ണൂറുകളിലെ ഓസ്ട്രേലിയയെ ഓർമിപ്പിക്കുന്നു’
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയാണ് പുതിയ പരസ്യവാചകം. സംസ്ഥാനത്ത് പലയിടത്തും പരസ്യ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. സോഷ്യൽ മീഡിയയിൽ ‘ഉറപ്പാണ് എല്‍ഡിഎഫ്’ ഹാഷ് ടാഗ് ക്യാംപയ്ൻ എല്‍ഡിഎഫ് പ്രചരണ വിഭാഗം ഉദ്ദേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ‘എൽഡിഎഫ് വരും, എല്ലാം ശരിയാകും’ എന്നതായിരുന്നു പരസ്യവാചകം. സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ട പരസ്യവാചകമായിരുന്നു അത്.

അതേസമയം, എൽഡിഎഫ് ടാഗ്ലെെൻ ഇറക്കിയതിനു പിന്നാലെ ട്രോളുമായി കോൺഗ്രസ് രംഗത്തെത്തി. ‘വിടലാണ് എൽഡിഎഫ്’ എന്ന ടാഗ്ലെെനോടെയുള്ള പോസ്റ്റർ കോൺഗ്രസ് എംപിമാർ അടക്കം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ‘നോ മോർ എൽഡിഎഫ്’ എന്നെഴുതിയ പോസ്റ്ററിൽ മുഖ്യമന്ത്രി പിണറായി വിജയന് പകരം ജാലിയൻ കണാരൻ എന്ന ഹാസ്യകഥാപാത്രത്തെയാണ് യുഡിഎഫ് അവതരിപ്പിച്ചിരിക്കുന്നത്.