തിരുവനന്തപുരം/കോഴിക്കോട്/കൊച്ചി: കോട്ടയത്തും സിപിഎം സാധ്യതാ പട്ടികയായി. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ഇത്തവണയും ജെയ്‌ക്ക് സി.തോമസ് മത്സരിക്കും. ജെയ്‌ക്കിനെ വീണ്ടും സ്ഥാനാർഥിയാക്കണമെന്നാണ് കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. 2016 ൽ 27,000 ത്തോളം വോട്ടുകൾക്കാണ് ജെയ്‌ക് ഉമ്മൻചാണ്ടിയോട് തോറ്റത്. കോട്ടയത്ത് അഡ്വ.കെ.അനിൽകുമാറിനെ സ്ഥാനാർഥിയാക്കാനാണ് സാധ്യത. ഏറ്റുമാനൂരിൽ സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവനോ സിറ്റിങ് എംഎൽഎ സുരേഷ് കുറുപ്പോ മത്സരിച്ചേക്കും.

ഭാര്യ മത്സരിക്കുമെന്ന പ്രചാരണം അസംബന്ധമെന്ന് മന്ത്രി ബാലൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കു പകരം ഭാര്യയും ആരോഗ്യവകുപ്പ് മുൻ ഡയറക്ടറുമായ ഡോ.പി.കെ.ജമീല മത്സരിക്കുമെന്ന പ്രചാരണം അസംബന്ധമെന്ന് മന്ത്രി എ.കെ.ബാലൻ. ജില്ലാ സെക്രട്ടേറിയറ്റിൽ ഇത്തരം ചർച്ച ഉണ്ടായിട്ടില്ല. വാർത്തകൾക്കു പിന്നിൽ പ്രത്യേക അജൻഡയും ചിലരുടെ താൽപര്യമെന്നും മന്ത്രി വിമർശിച്ചു. മന്ത്രി ബാലന് പകരം ഭാര്യയായിരിക്കും സിപിഎം സ്ഥാനാർഥിയെന്നാണ് ഇന്നലെ വാർത്തകൾ പുറത്തുവന്നത്.

രഞ്ജിത്ത് പിൻമാറുന്നു, കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാർ തന്നെ

കോഴിക്കോട് നോർത്തിൽ എ.പ്രദീപ് കുമാർ തന്നെ സ്ഥാനാർഥിയാകും. സംവിധായകൻ രഞ്ജിത്തിനെ സ്ഥാനാർഥിയാക്കാനായിരുന്നു സിപിഎം നീക്കം. എന്നാൽ, വിജയസാധ്യത കൂടുതൽ സിറ്റിങ് എംഎൽഎയായ പ്രദീപ് കുമാറിന് തന്നെയെന്ന് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാമ് സൂചന. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് രഞ്ജിത്ത് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, കൊയ്‌ലാണ്ടിയില്‍ കെ.ദാസന്‍, പേരാമ്പ്രയില്‍ ടി.പി.രാമകൃഷ്‌ണൻ എന്നിവർ സ്ഥാനാർഥികളാകും. പേരാമ്പ്രയില്‍ ജില്ലാ സെക്രട്ടറി പി.മോഹനൻ സ്ഥാനാർഥിയാകും. കൊയ്‌ലാണ്ടിയിൽ സാധ്യതാ പട്ടികയിലുള്ള പേര് എ.മഹബൂബിന്റേതാണ്. ബേപ്പൂരില്‍ വികെസി മുഹമ്മദ് കോയക്ക് പകരം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പി.എം.മുഹമ്മദ് റിയാസ് സ്ഥാനാർഥിയായേക്കും. നടൻ ധർമജൻ ബോൾഗാട്ടി യുഡിഎഫ് സ്ഥാനാർഥിയാകുന്ന ബാലുശേരിയിൽ സച്ചിൻ ദേവിനെ കളത്തിലിറക്കാനാണ് സിപിഎം ആലോചിക്കുന്നത്. തിരുവമ്പാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കേണ്ടന്ന തീരുമാനമാണ് സിപിഐഎമ്മിനുള്ളത്. ഗിരീഷ് ജോണിനെയാവും ഇവിടെ പാര്‍ട്ടി ഇറക്കുക.

മന്ത്രി രവീന്ദ്രനാഥ് മത്സരിക്കില്ല

സാംസ്‌കാരി നഗരിയായ തൃശൂരിൽ സിപിഎം സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തെളിയുന്നു. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഇത്തവണ മത്സരിക്കില്ല. പുതുക്കാട് മണ്ഡലത്തിൽ കെ.കെ.രാമചന്ദ്രനെ സ്ഥാനാർഥിയാക്കാനാണ് സിപിഎം ആലോചിക്കുന്നത്. എന്നാൽ, പിണറായി സർക്കാരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ച മന്ത്രിമാരിൽ ഒരാളായ രവീന്ദ്രനാഥിന് ഒരവസരം കൂടി നൽകണമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായമുണ്ട്.

മന്ത്രി എ.സി.മൊയ്‌തീൻ വീണ്ടും കുന്നംകുളത്ത് മത്സരിക്കും. ഗുരുവായൂരിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ സ്ഥാനാർഥിയാക്കും. നേരത്തെ മണലൂർ മണ്ഡലത്തിൽ നിന്ന് ബേബി ജോൺ ജനവിധി തേടിയിരുന്നു. അന്ന് 600 ൽ താഴെ വോട്ടുകൾക്കാണ് ബേബി ജോൺ യുഡിഎഫ് സ്ഥാനാർഥിയോട് തോൽവി വഴങ്ങിയത്.

വടക്കാഞ്ചേരിയിൽ പുഴയ്‌ക്കൽ ഏരിയ സെക്രട്ടറി സേവ്യർ ചിറ്റിലപ്പള്ളിയോ മുതിർന്ന നേതാവ് എം.കെ.കണ്ണനോ മത്സരിക്കും. ചാലക്കുടിയിൽ ബി.ഡി.ദേവസി വീണ്ടും സ്ഥാനാർഥിയാകും. ചേലക്കരയിൽ സിറ്റിങ് എംഎൽഎ യു.ആർ.പ്രദീപിനെ വീണ്ടും മത്സരിപ്പിക്കും. മണലൂരിൽ മുരളി പെരുനെല്ലി തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. ഇരിങ്ങാലക്കുടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ ആർ.ബിന്ദുവിനെ സ്ഥാനാർഥിയാക്കാൻ ആലോചന നടക്കുന്നു.

തിരുവനന്തപുരത്ത് സിപിഎം ലക്ഷ്യമിടുന്നത്

തലസ്ഥാനത്ത് എന്തു വില കൊടുത്തും ബിജെപിയെ പ്രതിരോധിക്കണമെന്ന് സിപിഎം. ജില്ലയിൽ ഒരു സീറ്റിലും ബിജെപി ജയിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നാണ് സിപിഎം തീരുമാനം. ശക്തരായ സ്ഥാനാർഥികളെ നിർത്തി മത്സരം കൊഴുപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായി.

നിലവിൽ നേമത്ത് മാത്രമാണ് ബിജെപി ജയിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാൻ ബിജെപി ലക്ഷ്യമിടുന്നു. എന്നാൽ, നേമത്ത് അടക്കം ഒരു സീറ്റിലും ബിജെപി ജയിക്കാതിരിക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് സിപിഎം. നേമത്ത് വി.ശിവൻകുട്ടി തന്നെയായിരിക്കും സിപിഎം സ്ഥാനാർഥി.

2016 ൽ 8,671 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി ഒ.രാജഗോപാൽ ജയിച്ചത്. സിപിഎം സ്ഥാനാർഥി വി.ശിവൻകുട്ടി രണ്ടാം സ്ഥാനത്തായിരുന്നു. രാജഗോപാൽ 67,813 വോട്ടുകൾ നേടിയപ്പോൾ ശിവൻകുട്ടി 59,142 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്തായ യുഡിഎഫിന് 13,860 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് ബിജെപിക്കായി വ്യാപകമായി വോട്ട് മറിച്ചെന്ന് 2016 ൽ സിപിഎം ആരോപിച്ചിരുന്നു. ഇത്തവണ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകരുതെന്നാണ് സിപിഎം പറയുന്നത്. ബിജെപിയെ ജയിപ്പിക്കാതിരിക്കാൻ കൂടുതൽ പ്രയത്നിക്കണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായിരിക്കുന്നത്.

Read Also: ബൽറാമിനോട് മുട്ടാൻ രാജേഷോ?, ഏതൊക്കെ മന്ത്രിമാർ വീണ്ടും മത്സരിക്കും?; സാധ്യതകൾ ഇങ്ങനെ

നേമത്ത് ഇത്തവണ രാജഗോപാൽ മത്സരിക്കില്ല. ഇനി മത്സരിക്കാനില്ലെന്ന് രാജഗോപാൽ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുമ്മനം രാജശേഖരൻ ആയിരിക്കും നേമത്ത് ബിജെപി സ്ഥാനാർഥി. ബിജെപിക്കായി വോട്ട് മറിച്ചെന്ന ആരോപണം നിലനിൽക്കുന്നതിനാൽ നേമം ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കാനും ശക്തനായ സ്ഥാനാർഥിയെ നിർത്താനും സാധ്യതയുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ അന്തിമരൂപം അറിയാം.

അതേസമയം, തിരുവനന്തപുരത്ത് പത്ത് സീറ്റുകളിൽ സിപിഎം തന്നെയാണ് മത്സരിക്കുക. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെ വീണ്ടും മത്സരിക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ ആയിരിക്കും ബിജെപി സ്ഥാനാർഥി. എന്നാൽ, കഴക്കൂട്ടത്ത് സിപിഎമ്മും കോൺഗ്രസും തമ്മിലാണ് മത്സരമെന്നും ബിജെപി മുരളീധരനേക്കാൾ വലിയ നേതാക്കളെ നിർത്തിയാലും ജയിക്കില്ലെന്നും കടകംപള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയെ മുഖ്യ എതിരാളിയായി കാണുന്നില്ലെന്ന് സിപിഎം നേതാക്കൾ ആവർത്തിക്കുകയാണ്.

വർക്കലയിൽ വി.ജോയ് വീണ്ടും മത്സരിക്കും. അരുവിക്കരയിൽ വി.കെ.മധുവിനാണ് സാധ്യത. ശബരീനാഥൻ തന്നെയായിരിക്കും അരുവിക്കരയിൽ യുഡിഎഫ് സ്ഥാനാർഥി. വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്ത് വീണ്ടും മത്സരിക്കും. നെയ്യാറ്റിൻകരയിൽ കെ.ആൻസലനും പാറശാലയിൽ സി.കെ.ഹരീന്ദ്രനും സിപിഎം സ്ഥാനാർഥികളാകും. കാട്ടാക്കടയിൽ ഐ.ബി.സതീഷ് സ്ഥാനാർഥിയാകും.

 

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.