തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖരെ മത്സരരംഗത്തിറക്കാൻ ബിജെപി ഒരുക്കങ്ങൾ ആരംഭിച്ചു. നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി മത്സരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ ആവശ്യമുയർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ സുരേഷ് ഗോപിയിൽ നിന്ന് അനുകൂല നിലപാട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. വട്ടിയൂർക്കാവിലോ തിരുവനന്തപുരം സെൻട്രലിലോ സുരേഷ് ഗോപി സ്ഥാനാർഥിയാകണമെന്നാണ് കോർ കമ്മിറ്റിയിൽ ആവശ്യമുയർന്നത്.

എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ് സുരേഷ് ഗോപി. രാജ്യസഭയില്‍ ഒന്നര വര്‍ഷം ടേം ബാക്കിയുള്ളതിനാലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനാലും ആണ് ഇത്തവണ സ്ഥാനാർഥിയാകാൻ താനില്ലെന്ന് സുരേഷ് ഗോപി പറയുന്നത്. എന്നാൽ, കേന്ദ്ര നേതൃത്വം സമ്മർദം ചെലുത്തിയാൽ സുരേഷ് ഗോപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തിനു വഴങ്ങിയേക്കും. മത്സരിക്കാൻ സന്നദ്ധത അറിയിച്ചാൽ വട്ടിയൂർക്കാവിൽ തന്നെയായിരിക്കും സുരേഷ് ഗോപി സ്ഥാനാർഥിയാകാൻ കൂടുതൽ സാധ്യത. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച സുരേഷ് ഗോപി മികച്ച മുന്നേറ്റം കാഴ്‌ചവച്ചിരുന്നു. സുരേഷ് ഗോപി വട്ടിയൂർക്കാവിൽ മത്സരിച്ചാൽ വി.വി.രാജേഷ് ആയിരിക്കും തിരുവനന്തപുരത്ത് സ്ഥാനാർഥിയാകുക.

Read Also: ഇത്തവണ ‘ഉറപ്പാണ് എൽഡിഎഫ്’; തിരഞ്ഞെടുപ്പ് ടാഗ് ലൈന്‍ പുറത്തിറക്കി

സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കണമെന്നും കോർ കമ്മിറ്റിയിൽ ആവശ്യമുയർന്നു. കോന്നിയിലാണ് സുരേന്ദ്രന്റെ പേര് ഉയർന്നുകേൾക്കുന്നത്. കേന്ദ്രമന്ത്രി വി.മുരളീധരൻ കഴക്കൂട്ടത്ത് മത്സരിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുരളീധരൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്തെത്താൻ മുരളീധരന് സാധിച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കും എൽഡിഎഫ് സ്ഥാനാർഥി. മുരളീധരനേക്കാൾ വലിയ നേതാക്കൾ വന്നാലും കഴക്കൂട്ടത്ത് സിപിഎം ജയിക്കുമെന്നാണ് കടകംപള്ളി പറഞ്ഞത്. കഴക്കൂട്ടത്ത് മുഖ്യ എതിരാളി ബിജെപിയല്ല കോൺഗ്രസ് ആണെന്നും കടകംപള്ളി പറഞ്ഞു.

നേമത്ത് ഒ.രാജഗോപാൽ ഇത്തവണ മത്സരിക്കില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയാണെന്ന് രാജഗോപാൽ പാർട്ടിയെ അറിയിച്ചതായാണ് സൂചന. രാജഗോപാലിന് പകരം കുമ്മനം രാജശേഖരനെ നേമത്ത് ഇറക്കാനാണ് ബിജെപി ആലോചിക്കുന്നത്. ജേക്കബ് തോമസും ഇക്കുറി മത്സരരംഗത്തുണ്ടാകും.

മെട്രോമാൻ ഇ.ശ്രീധരനെ തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാക്കാൻ ബിജെപി ആലോചിക്കുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി മെട്രോയും പാലാരിവട്ടം മേല്‍പ്പാലവും അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തല്‍. 2016 ൽ എം.സ്വരാജിലൂടെ സിപിഎം പിടിച്ചെടുത്ത മണ്ഡലമാണ് തൃപ്പൂണിത്തുറ. കേരളത്തിൽ 140 മണ്ഡലങ്ങളിലും വിജയസാധ്യതയുള്ള സ്ഥാനാർഥിയാണ് ഇ.ശ്രീധരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.