കോട്ടയം: ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് പി.ജെ. ജോസഫ് എംഎല്‍എ. കോട്ടയം സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും നാളെ വൈകീട്ടോടെ അന്തിമ തീരുമാനം അറിയുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് കോട്ടയത്ത് പറഞ്ഞു. സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളും ഉയര്‍ന്നുവന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More: ‘ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിച്ചതാണോ തെറ്റ്’; നിലപാടിലുറച്ച് ജോസ് കെ.മാണി

അതേസമയം, കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചു. തര്‍ക്കം തുടരുന്നത് കേരളത്തിലെ മറ്റ് സീറ്റുകളെ ബാധിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. കോട്ടയം സീറ്റിലെ തര്‍ക്കം മറ്റ് സീറ്റുകളിലെ വിജയസാധ്യതയെ ബാധിക്കുമെന്നും അതിനാല്‍ പ്രശ്‌നങ്ങള്‍ ഉടന്‍ ഒത്തുതീര്‍പ്പ് ആക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടിയിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസിനോട് മൃദുസമീപനം വേണ്ട എന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. നാളെയോ മറ്റന്നാളോ ആയി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ നില്‍ക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നം തലവേദനയാകുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളടക്കം വിഷയത്തില്‍ ഇടപെടുന്നതും അതിനാലാണ്.

കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി, രമേഷ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുമായി പി.ജെ. ജോസഫ് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നായിരുന്നു ജോസഫ് ഇന്നലെ ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.