കോട്ടയം: ഇത്തവണ പാലായിൽ പോരാട്ടം കനക്കും. വർഷങ്ങളായി പാലാ കണ്ടുവരുന്ന രാഷ്ട്രീയ സമവാക്യങ്ങൾ അപ്പാടെ മാറിയ ഒരു നിയമസഭാ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തെത്തിയിരിക്കുന്നു. 2019 ൽ ഇടതുപക്ഷത്തിനുവേണ്ടി കേരള കോൺഗ്രസിൽ നിന്നു പാലാ പിടിച്ചെടുത്ത മാണി സി.കാപ്പൻ യുഡിഎഫിലും. അടിമുടി നാടകീയ രംഗങ്ങൾക്ക് ഒടുവിലാണ് പാലായിലെ ജനങ്ങൾ പോളിങ് ബൂത്തിലെത്തുന്നത്. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടം എന്നതിനപ്പുറം പാലായിൽ നടക്കാൻ പോകുന്നത് എൽഡിഎഫും മാണി സി.കാപ്പനും തമ്മിലുള്ള പോരാട്ടമാണ്. ഒരുപടി കൂടി കടന്നാൽ അത് മാണി സി.കാപ്പനും പിണറായി വിജയനും തമ്മിലുള്ള പോരാട്ടമാകും.
കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് എത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ജോസ് കെ.മാണിയും സംഘവും എത്തിയതാേടെ പാലാ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനായി പാലായിൽ മത്സരിച്ചത് എൻസിപിയായിരുന്നു. മാത്രമല്ല, 2019 ലെ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ കോട്ടയായ പാലായിൽ വെന്നിക്കൊടി പാറിച്ചത് എൻസിപിക്ക് വേണ്ടി മത്സരിച്ച മാണി സി.കാപ്പനും. കേരള കോൺഗ്രസിൽ നിന്ന് പാലാ പിടിച്ചെടുത്ത തനിക്ക് തന്നെ വീണ്ടും സീറ്റ് തരണമെന്ന് മാണി സി.കാപ്പൻ എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിണറായി വിജയനടക്കമുള്ളവർ പറ്റില്ലെന്ന നിലപാടെടുത്തു. ഇതേ തുടർന്നാണ് മാണി സി.കാപ്പൻ എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേർന്നത്. എൻസിപി എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുകയും ചെയ്തു.
2019 ലെ ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പൻ നേടിയ ജയം ഇടതുമുന്നണിയുടെ വിജയമാണെന്നാണ് പിണറായി വിജയൻ പറയുന്നത്. മാണി സി.കാപ്പനെ പരോക്ഷമായി അവസരവാദിയെന്ന് പിണറായി വിശേഷിപ്പിക്കുകയും ചെയ്തു. അവസരവാദികളെ ജനം എക്കാലത്തും ശിക്ഷിച്ചിട്ടുണ്ടെന്ന് പിണറായി പാലായിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞു. എന്നാൽ, എൽഡിഎഫ് തന്നെ ചതിക്കുകയായിരുന്നെന്നാണ് മാണി സി.കാപ്പൻ പറയുന്നത്. ആര് ആരെ ചതിച്ചു എന്ന് പാലായിലെ ജനങ്ങള്ക്കറിയാമെന്ന് പറഞ്ഞ മാണി സി.കാപ്പന് മേയ് രണ്ടിന് ഫലം വരുമ്പോള് എല്ലാവര്ക്കും കാര്യം മനസിലാകുമെന്നും പറഞ്ഞു.
പാലായിലെ വോട്ട് കണക്കുകൾ പരിശോധിക്കുമ്പോൾ എല്ലാം പ്രവചനാതീതമാണ്. ഒരു സമയത്ത് കേരള കോൺഗ്രസ് വളരെ ഈസിയായി കടന്നുകൂടുമെന്ന് വിധിയെഴുതാൻ സാധിച്ചിരുന്ന മണ്ഡലം ഇപ്പോൾ ചിന്തിക്കുന്നത് വളരെ വ്യത്യസ്തമായാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ മാറ്റത്തിന്റെ കാറ്റ് പാലായിൽ പ്രകടമായിരുന്നു. 2016 ൽ കെ.എം.മാണി ജയിച്ചത് 4,703 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. കേരള കോൺഗ്രസിന് ഉറച്ച മണ്ഡലമെന്ന വിശ്വാസത്തിനു മങ്ങലേൽപ്പിച്ച വിജയമായിരുന്നു അത്. മാണിയുടെ ഭൂരിപക്ഷം 5,000 ത്തിൽ കുറഞ്ഞത് വലിയ കാര്യമായാണ് അന്ന് എൽഡിഎഫ് ഉയർത്തികാണിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായ കെ.എം.മാണി 2016 ൽ 58,884 വോട്ട് നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ 54,181 വോട്ടുകളാണ് നേടിയത്.
Read Also: ‘നന്ദലാല’യ്ക്ക് വീണ്ടും ചുവടുവച്ച് ഇന്ദ്രജ; നൃത്തസംവിധായിക സജ്ന നജാം പങ്കുവച്ച വീഡിയോ
കെ.എം.മാണിയുടെ മരണത്തെ തുടർന്നാണ് പാലായിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 54 വർഷമായി കെ.എം.മാണി മാത്രം പ്രതിനിധീകരിച്ച മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ മാറിചിന്തിച്ചു. എൽഡിഎഫിന് കരുത്ത് പകർന്ന വിജയമായിരുന്നു അത്. എൽഡിഎഫിന് വേണ്ടി വീണ്ടും മത്സരത്തിനിറങ്ങിയ മാണി സി.കാപ്പൻ 2,943 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ മാണി സി.കാപ്പൻ എൽഡിഎഫിനും സിപിഎമ്മിനും പ്രിയപ്പെട്ടവനായി. ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പൻ 54,137 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ജോസ് ടോം 51,194 വോട്ടുകളാണ് സ്വന്തമാക്കിയത്.
ഇത്തവണ രാഷ്ട്രീയ സമവാക്യങ്ങൾ ഏറെ മാറി. ശത്രുപക്ഷത്തായിരുന്നു കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് എത്തി. ഉപതിരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിച്ച മാണി സി.കാപ്പൻ യുഡിഎഫിലേക്ക് പോയി. കെ.എം.മാണിയുടെ പിന്തുടർച്ചക്കാരനാകാൻ ജോസ് കെ.മാണിയാണ് ഇത്തവണ മത്സരരംഗത്ത്. എൽഡിഎഫ് സ്ഥാനാർഥിയായ ജോസ് കെ.മാണിയും യുഡിഎഫ് സ്ഥാനാർഥിയായ മാണി സി.കാപ്പനും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ, മത്സരരംഗത്ത് ഇരുവർക്കും ജീവൻമരണ പോരാട്ടമാണ്. ഉപതിരഞ്ഞെടുപ്പിലെ വിജയം ആവർത്തിച്ച് പിണറായി വിജയനെ ഞെട്ടിക്കാൻ മാണി സി.കാപ്പനും മണ്ഡലം തിരിച്ചുപിടിച്ച് എൽഡിഎഫ് തന്നിലർപ്പിച്ച വിശ്വാസം കാക്കാൻ ജോസ് കെ.മാണിയും പൊരിഞ്ഞ പോരാട്ടത്തിലാണ്!