എൽഡിഎഫ് ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടും; നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വില കല്‍പ്പിക്കില്ല: മുഖ്യമന്ത്രി

സര്‍ക്കാരിന്റെ ഇടപെടല്‍ അനുഭവിച്ചറിഞ്ഞ കേരളീയരെ സ്വാധീനിക്കാന്‍ അപവാദ പ്രചാരണങ്ങള്‍ക്ക് കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടുമെന്നും യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരുന്നതും ബിജെപിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാലര വര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്താകെ നടന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരമാണ് നാട്ടിലുള്ളതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

“സര്‍ക്കാരിനെതിരെ വലതുപക്ഷം സംഘടിതമായി നടത്തുന്ന നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കുന്നില്ല. സ്വന്തം ജീവിതത്തില്‍ ഈ സര്‍ക്കാരിന്റെ ഇടപെടല്‍ അനുഭവിച്ചറിഞ്ഞ കേരളീയരെ സ്വാധീനിക്കാന്‍ അപവാദ പ്രചാരണങ്ങള്‍ക്ക് കഴിയില്ല എന്ന് ഈ തെരഞ്ഞെടുപ്പ് ഫലംതെളിയിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സംസ്ഥാനതലം വരെ നടന്ന വികസന മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് വോട്ട് തേടുന്നത്. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ഉണ്ടായിട്ടില്ലാത്ത ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്,” മുഖ്യമന്ത്രി പറഞ്ഞു.

Read More: ഇടതുമുന്നണി വർഗീയ പ്രചാരണം നടത്തുന്നു, തിരഞ്ഞെടുപ്പിൽ മുൻതൂക്കം യുഡിഎഫിന്: ചെന്നിത്തല

“പ്രളയം, ഓഖി, നിപ പോലുള്ള ദുരന്തങ്ങള്‍ വേട്ടയാടിയപ്പോഴും കോവിഡ് കാലത്തും ജനങ്ങള്‍ പട്ടിണിയാകാതിരിക്കാനും ജനജീവിതം ദുരിതക്കയത്തിലേക്ക് വീഴാതിരിക്കാനുമാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. ഇവിടെ കോവിഡ് പരിശോധനയും ചികിത്സയും പൂര്‍ണ്ണമായും സൗജന്യമാണെന്നും ലോക്ക്ഡൗണ്‍ കാലത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ സ്ഥാപിച്ചും, മരുന്നും ഭക്ഷണവുമെത്തിച്ചും, അതിഥിതൊഴിലാളികളെ സംരക്ഷിച്ചും, വൈദ്യുതി നിരക്കിലും, റോഡ് നികുതിയിലും സബ്സിഡി നല്‍കിയും കേരളം രാജ്യത്തിന് മാതൃകയാണ്,” മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫിന് മുദ്രാവാക്യം ഇല്ലാതായിരിക്കുന്നുവെന്നും സര്‍ക്കാരിനെതിരെ അപവാദകഥകളുടെ പ്രളയം സൃഷ്ടിച്ച് ‘അഴിമതിക്കെതിരെ ഒരുവോട്ട്’ എന്ന് പറഞ്ഞവര്‍ അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടും. യുഡിഎഫിന്റെ…

Posted by Pinarayi Vijayan on Monday, 7 December 2020

“പ്രതിപക്ഷത്തെ ഒരു എം.എല്‍.എ തട്ടിപ്പ് കേസില്‍ ജയിലിലാണ്. ഒരു മുന്‍മന്ത്രി അഴിമതിക്കേസില്‍ റിമാന്റിലാണ്. പ്രതിപക്ഷ നേതാവിനെതിരെതന്നെ ഗുരുതരമായ കോഴ ആരോപണം വന്നിരിക്കുന്നു. പാലാരിവട്ടം പാലം പോലെ തകര്‍ന്നുവീഴുകയാണ് ആ മുന്നണി,” മുഖ്യമന്ത്രി പറഞ്ഞു.

ഒരോ തെരഞ്ഞെടുപ്പിലും കേരളം പിടിക്കുമെന്ന് അവകാശപ്പെടാറുള്ള ബി.ജെ.പിക്ക് ഇന്ന് അത്തരമൊരു അവകാശവാദം ഉന്നയിക്കാനുള്ള കെല്‍പ്പില്ലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗിക്കുകയാണ് അവരെന്നും പറഞ്ഞ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ യുഡിഎഫിനെ സഹായിക്കാനുള്ള ബിജെപിയുടെ നീക്കം പുറത്തുവന്നുവെന്നും പറഞ്ഞു.

Read More: സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി അവിശുദ്ധ സഖ്യം; രാഷ്ട്രീയ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം: മുഖ്യമന്ത്രി

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വിപുലവും ശക്തവുമായ ജനകീയ അടിത്തറയാണ് ഇന്ന് എല്‍ഡിഎഫിന്റേതെന്നും അദ്ദേഹം പറഞ്ഞു.

“കിടപ്പാടം വിദൂര സ്വപ്നമായിരുന്ന രണ്ടര ലക്ഷത്തിലധികം കുടുംബങ്ങള്‍ ഇന്ന് സ്വന്തം വീടുകളിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ചലനാത്മകമായ പൊതുവിതരണ സംവിധാനവും ജീവിത സായാഹ്നത്തില്‍ സ്വന്തം വരുമാന സ്രോതസ്സായി ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരുടെ മുഖങ്ങളിലെ നിറഞ്ഞ ചിരിയും ഈ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തന്നെയാണ്. അസാധ്യമെന്നു കരുതി എഴുതിത്തള്ളിയ ഗെയില്‍ പൈപ്പ്ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമായതും ദേശീയപാതാവികസനം സാധ്യമായതും ഈ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ്,” മുഖ്യമന്ത്രി പറയുന്നു.

വര്‍ഗീയതകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളില്‍ യു.ഡി.എഫും ബി.ജെ.പിയും ഒരു പോലെ മത്സരിക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒരേസമയം ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും കൈകോര്‍ക്കുകയാണ് യുഡിഎഫ് എന്നും അതിനെതിരെ അവരുടെ അണികള്‍ക്കിടയില്‍തന്നെ ശബ്ദം ഉയര്‍ന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: മരണവീടുകൾ സന്ദർശിച്ച് പിണറായി; നാട്ടിലെത്തുന്നത് എട്ട് മാസത്തിനു ശേഷം

“തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അപവാദ പ്രചാരണങ്ങളും നുണകളുടെ നിര്‍മ്മാണവും വ്യാപകമായി നടത്താന്‍ വലതുപക്ഷ കേന്ദ്രങ്ങള്‍ തയ്യാറാകുന്നുണ്ട്. ഓരോ ദിവസവും പുതിയ നുണ അവതരിപ്പിക്കുക, അത് തകരുമ്പോള്‍ മറ്റൊന്നിലേക്കു പോവുക എന്ന രീതിയാണ് കാണുന്നത്.”

“ദേശീയ തലത്തില്‍ ആഞ്ഞടിക്കുന്ന തൊഴിലാളി കര്‍ഷകരോഷവും വര്‍ഗീയ ജനവിരുദ്ധ നിലപാടുകളിലുള്ള പ്രതിഷേധവും മറികടക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് അനേകം ഉത്തരങ്ങള്‍ ജനങ്ങളുടെ ജീവിതാനുഭവത്തില്‍ തന്നെയുണ്ട്. കേന്ദ്രം എന്ത് ചെയ്തുവെന്ന ചോദ്യത്തിന് അനുദിനം കുതിച്ചുയരുന്ന ഇന്ധനവിലയും തൊഴിലില്ലായ്മയും കാര്‍ഷിക വ്യാവസായിക മേഖലകളിലെ തകര്‍ച്ചയും പ്രാകൃതവും അപരിഷ്കൃതവുമായ നടപടികളുമാണ് ചൂണ്ടിക്കാണിക്കാനാവുക. അത് കൃത്യമായി തിരിച്ചറിയുന്ന ജനങ്ങള്‍ ബി.ജെ.പിയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും,” മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി ഉയര്‍ത്തുന്ന ബദല്‍ നയങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായാണ് കോണ്‍ഗ്രസ്സും ബി.ജെ.പിയും ജനങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനകം അഞ്ചു മനുഷ്യജീവനുകളാണ് അവര്‍ ഇല്ലാതാക്കിയത്. കൊല്ലപ്പെട്ടത് സി.പി.ഐ (എം) പ്രവര്‍ത്തകരാണ്. മുഖ്യധാര മാധ്യമങ്ങള്‍ തമസ്ക്കരിച്ചാലും ആ ക്രൂര കൊലപാതകങ്ങള്‍ സൃഷ്ടിച്ച വേദനയും പ്രതിഷേധവും ജനമനസ്സുകളിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan on local election ldf udf cpim udf bjp

Next Story
ഇടതുമുന്നണി വർഗീയ പ്രചാരണം നടത്തുന്നു, തിരഞ്ഞെടുപ്പിൽ മുൻതൂക്കം യുഡിഎഫിന്: ചെന്നിത്തലRamesh Chennithala, രമേശ് ചെന്നിത്തല, CPM, സിപിഎം, muslim league,മുസ്ലിം ലീഗ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com