കൊച്ചി: കേരളത്തില്‍ ഇടത് സര്‍ക്കാരിന് തുടര്‍ഭരണം എന്നത് മാധ്യമ സൃഷ്ടിയാണെന്നും ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി തൃപ്പൂണിത്തുറയില്‍ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു.
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അമിത്ഷാ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ശബരിമല വിഷയത്തില്‍ സിപിഎം ഗുരുതര തെറ്റ് ചെയ്തുവെന്ന് അമിത്ഷാ പറഞ്ഞു. ശബരിമലയില്‍ വിശ്വാസികളെ നേരിട്ടത് അതി ക്രൂരമായിട്ടാണ്. തിരഞ്ഞെടുപ്പില്‍ ഇതെല്ലാം ചര്‍ച്ചയാവുമെന്നും അമിത്ഷാ പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സംസ്ഥാനസര്‍ക്കാര്‍ നടപടിയേയും അമിത്ഷാ വിമര്‍ശിച്ചു. രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ യുഎന്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് പിണറായി വിജയന് പറയുന്നത്. ഇവിടെ കുറ്റകൃത്യം നടന്നാല്‍ അന്വേഷിക്കുന്നത് രാജ്യത്തെ ഏജന്‍സികള്‍ ആകും. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നോയെന്നും പിണറായി വ്യക്തമാക്കണമെന്നും അമിത്ഷാ പറഞ്ഞു.
അഞ്ച് മണിയോടെ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ട് എത്തുന്ന അമിത് ഷാ, കഞ്ചിക്കോട് മുതൽ സത്രപ്പടിവരെ റോഡ് ഷോ നയിക്കും. റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കായി കോയമ്പത്തൂരിലേക്ക് മടങ്ങും.
അതേസമയം, ഇന്ന് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറങ്ങും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ തിരുവനന്തപുരത്താണ് പ്രകടന പത്രിക പ്രകാശനം ചെയ്യുക.
Read More: അമിത് ഷാ കേരളത്തിലേക്ക്; കൊച്ചിയിൽ ഗതാഗത നിയന്ത്രണം
ശബരിമല, ലൗ ജിഹാദ് എന്നിവയില്‍ നിയമനിര്‍മാണമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ദേവസ്വം ബോർഡുകളിൽ നിന്നും മാറ്റി വിശ്വാസികൾക്ക് നൽകുമെന്നതാകും മറ്റൊരു വാഗ്ദാനം. ഒരു വീട്ടിൽ ഒരാൾക്ക് ജോലി എന്നതാണ് ബിജെപി പ്രകടനപത്രികയിലെ മറ്റൊരു പ്രധാന വാഗ്ദാനം.
ദേവസ്വം ബോര്‍ഡ് രാഷ്ട്രീയ മുക്തമാക്കുമെന്നതും ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുന്നതും പ്രകടന പത്രികയില്‍ പരാമര്‍ശിക്കപ്പെട്ടേക്കും. അധികാരത്തിൽ വന്നാൽ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് പറയവെ നേരത്തേ ബിജെപിയുടെ തൃശൂർ സ്ഥാനാർഥി സുരേഷ് ഗോപി ഇക്കാര്യം പരാമർശിച്ചിരുന്നു.
ശബരിമലയില്‍ പന്തളം കൊട്ടാരം, ക്ഷേത്രം തന്ത്രി, ഗുരുസ്വാമിമാര്‍, ഹിന്ദു സംഘടനകള്‍ തുടങ്ങിയവരുള്‍പ്പെട്ട ഭരണസമിതിക്ക് രൂപം നല്‍കും. എല്ലാവര്ക്കും വീട്, വൈദ്യുതി, കുടിവെള്ളം എന്നിവ ഉറപ്പു വരുത്തും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിവര്‍ഷം ആറ് പാചക വാതക സിലണ്ടറുകള്‍ സൗജന്യമായി നല്‍കും.