തിരുവനന്തപുരം മുതൽ കണ്ണൂര് വരെ നീണ്ടുനിവർന്നു കിടക്കുകയാണ് മക്കളുടെ രാഷ്ട്രീയ പോര്. 22 മക്കളാണ് ഇത്തവണ മത്സരരംഗത്തുള്ളത്, ഒരിടത്ത് രണ്ട് മക്കൾ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്യുന്നു. കോൺഗ്രസിലാണ് മക്കൾ കൂടുതൽ. ആറ് മക്കളാണ് കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. കേരളാ കോൺഗ്രസിലെ പ്രധാനപ്പെട്ട എല്ലാ ഗ്രൂപ്പുകൾക്കു വേണ്ടിയും മക്കൾ മത്സര രംഗത്തുണ്ട്. വിവിധ ഗ്രൂപ്പുകൾക്കായി അഞ്ച് പേർ മത്സരരംഗത്തുണ്ട്. മൂന്നാം സ്ഥാനത്ത് മുസ്ലിം ലീഗാണ്. മൂന്ന് മക്കളാണ് ലീഗിന് വേണ്ടി മത്സരിക്കുന്നത്. സി പി ഐയ്ക്കു വേണ്ടി മത്സരിക്കുന്നത് രണ്ട് മക്കളാണ്. സി പി എമ്മിന് വേണ്ടി രണ്ട് മക്കൾ മത്സരിക്കുമായിരുന്നുവെങ്കിലും കൊല്ലം ജില്ലയിലെ സി പി ഐയുടെ തർക്കം മൂലം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന മക്കൾ സ്ഥാനാർത്ഥി ഒന്നായി കുറഞ്ഞു. ഒരാൾ സി പി എം സ്വതന്ത്രനായാണ് മത്സരിക്കുന്നത്. എൽ ജെ ഡിക്ക് വേണ്ടിയും ആർ എസ് പിക്ക് വേണ്ടിയും രണ്ട് മക്കൾ വീതം മത്സര രംഗത്തുണ്ട്.
ഒരുകാലത്ത് കെ. മുരളീധരനും പിന്നീട് ഇ എം ശ്രീധരനും പത്മജയും തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയപ്പോഴുള്ള കോലാഹലമൊന്നും മറ്റുള്ളവരുടെ മക്കൾ ഇറങ്ങിയപ്പോൾ ഉണ്ടായില്ല. കോൺഗ്രസിൽ മത്സരിക്കുന്ന മക്കളുടെ എണ്ണം കൂടുതലാണ്. കേരളാ കോൺഗ്രസിനെ സംബന്ധിച്ച പല ഗ്രൂപ്പുകളും കൂടുംബ സ്വത്ത് പോലെ തലമുറ കൈമാറുകയാണ്. മാണി ഗ്രൂപ്പിലെ നേതൃത്വം മാണിയുടെ മരണത്തെത്തുടർന്ന് മകൻ ജോസ് കെ മാണി പിടിച്ചെടുത്തു. ജേക്കബ് ഗ്രൂപ്പിന്റെ നേതൃത്വം മകൻ അനൂപ് ജേക്കബ്ബും കൈവശമാക്കിയതാണ്. എന്നാൽ, പാർട്ടിയുടെ സ്ഥാപക നേതാവായ കെ എം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജിനോ പാർട്ടിയുണ്ടാകുന്നതിന് കാരണഭൂതനായ കോൺഗ്രസ് നേതാവ് പി ടി ചാക്കോയോടെ മകൻ പി സി തോമസിനോ കേരളാ കോൺഗ്രസ് നേതൃത്വം പിടിച്ചെടുക്കാൻ അന്ന് കഴിയുകയോ ശ്രമിക്കുകയോ ഉണ്ടായില്ല. സ്ഥാപക നേതാക്കളിൽ പ്രധാനിയായ ആർ ബാലകൃഷ്ണപിള്ള ഇപ്പോഴും കേരളാ കോൺഗ്രസ് ബിയുടെ അനിഷേധ്യനേതാവായി തുടരുന്നു.
കെ മുരളീധരൻ വിദേശവാസം കഴിഞ്ഞ് കോഴിക്കോട് വിമാനമിറങ്ങിയത് വ്യാപാരം നടത്താനായിരുന്നുവെങ്കിലും വഴുതി വീണത് രാഷ്ട്രീയത്തിലേക്കായിരുന്നു. സേവാദളിലൂടെ രാഷ്ട്രീയ പ്രവേശം. അവിടെ ഭാഗ്യവും നിർഭാഗ്യവും ഒരുപോലെ മുരളിക്കൊപ്പം കൂടി. അത്ഭുതകരമായ ജയവും അതിലേറെ അത്ഭുതകരമായ തോൽവിയും മുരളി അനുഭവിച്ചറിഞ്ഞു. കേരളത്തിൽ മന്ത്രിയായ ശേഷം ആ സ്ഥാനത്ത് തുടരാൻ മത്സരിച്ച് തോറ്റ ആദ്യ വ്യക്തി മുരളിയായിരിക്കും.
കെ. മുരളീധരൻ ആദ്യ മത്സരത്തിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ സി പി എമ്മിലെ ഇമ്പിച്ചിബാവയെ തോൽപ്പിച്ചാണ് ഡൽഹിക്കു വണ്ടി കയറിയത്. പിന്നീട് ജയവും തോൽവിയുമൊക്കെയായി ലോക്സഭയും നിയമസഭയുമൊക്കെ കണ്ടു. മുരളി നിലവിൽ വടകര എം പിയാണ്. ഇപ്പോൾ അദ്ദേഹം നേമം മണ്ഡലത്തിൽ മത്സരിക്കുന്നു. കെ. കരുണാകരന്റെ മകൻ എന്ന മേൽവിലാസത്തിലാണ് മുരളി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എത്തിയത്. കരുണാകരന്റെ മകൾ പത്മജയും മത്സരരംഗത്ത് പലതവണ പയറ്റിയെങ്കിലും വിജയം കണ്ടില്ല. ഇത്തവണയും തൃശൂരിൽ നിന്നും മത്സരിക്കുകയാണ് പത്മജ.
Also Read: കോ ലീ ബി സഖ്യം -1991ൽ നിന്നും 2021ൽ എത്തുമ്പോൾ
കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയക്കാരുടെ മക്കൾ മത്സരിക്കുന്നത് കൊല്ലം ജില്ലയിലാണ്. അഞ്ച് പേർ. ഇരവിപുരത്ത് ടി കെ ദിവാകരന്റെ മകൻ ബാബുദിവാകരൻ, പുനലൂരിൽ പി കെ ശ്രീനിവാസന്റെ മകൻ പി എസ് സുപാൽ, പത്താനപുരത്ത് ആർ ബാലകൃഷ്ണപിള്ളയുടെ മകൻ കെ ബി ഗണേശ് കുമാർ, ചവറയിൽ ബേബിജോണിന്റെ മകൻ ഷിബു ബേബി ജോൺ, ഷിബു ബേബിജോൺ മത്സരിക്കുന്നത് നിലവിലെ എം എൽ എ യായിരുന്ന പരേതനായ വിജയൻ പിള്ളയുടെ മകൻ സുജിത്ത് വിജയനോട്. അതായത് അഞ്ച് മക്കൾ മത്സരത്തിൽ രണ്ട് മക്കൾ പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ചവറയ്ക്കുണ്ട്. അങ്ങനെ മക്കൾ തലമുറയിലെ ഏറെ കൗതുകങ്ങൾ ഏറ്റുമുട്ടുകയാണ് കൊല്ലം ജില്ലയിൽ.
റാന്നിയിൽ കോൺഗ്രസ് (യു) ആയി ഇടതുപക്ഷ സ്ഥാനാർത്ഥിയായി ജയിക്കുകയും കോൺഗ്രസ് (ഐ) ആയി മത്സരിച്ച് തോൽക്കുകയും ജയിക്കുകയും ചെയ്തിട്ടുള്ള നേതാവാണ് എം സി ചെറിയാൻ. അദ്ദേഹത്തിന്റെ മകൻ റിങ്കു ചെറിയാനാണ് റാന്നിയിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി. 1996 മുതൽ സി പി എമ്മിലെ രാജുഎബ്രഹാം തുടർച്ചയായി ജയിക്കുന്ന മണ്ഡലമാണ് റാന്നി.
കേരളാ കോൺഗ്രസ് സ്ഥാപക നേതാവായ കെഎം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജാണ് മക്കൾ സ്ഥാനാർത്ഥികളിൽ പ്രധാനി. ഇടതുപക്ഷ സ്ഥാനാർത്ഥിയായും ഫ്രാൻസിസ് ജോർജ് മത്സരിച്ചിട്ടുണ്ട്. ഇപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വേണ്ടി ഇടുക്കിയിൽ പോരിനിറങ്ങിയിരിക്കുകയാണ് അദ്ദേഹം
കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ കെ കെ തോമസിന്റെ മകനായ സിറിയക് തോമസാണ് രണ്ടാംതവണയും പീരുമേട്ടിൽ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിലാണ് സിറിയക് തോമസ് തോൽവി നേരിട്ടത്.
ടി എം ജേക്കബിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകൻ അനൂപ് ജേക്കബ് സ്ഥാനാർത്ഥിയാകുന്നത്. പിറവത്തുനിന്നു മത്സരിച്ച് ജയിച്ച് മന്ത്രിയായ മകനാണ് അനൂപ് ജേക്കബ്. ഇത്തവണയും പിറവത്ത് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി അനൂപ് ജേക്കബാണ്.
പാലായിൽ കെ എം മാണിയുടെ മകൻ ജോസ് കെ മാണി തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ കാഞ്ഞിരപ്പള്ളിയിൽ മുൻ എം എൽ എയും മന്ത്രിയും കേരളാകോൺഗ്രസിലെ സ്ഥാപകനേതാക്കൾക്കൊപ്പം ഉണ്ടാവുകയും ചെയ്ത കെ. നാരായണക്കുറുപ്പിന്റെ മകൻ പ്രൊഫ. എൻ ജയരാജ് വീണ്ടും അങ്കത്തിനിറങ്ങുകയാണ്. നാരായണക്കുറപ്പിന് പ്രയാധിക്യം കാരണമുള്ള ആരോഗ്യപ്രശ്നങ്ങളാൽ 2006 ൽ മത്സരരംഗത്ത് നിന്നും മാറിനിൽക്കുമ്പോഴാണ് മകനായ ജയരാജിനെ സ്ഥാനാർത്ഥിയാക്കുന്നത്.
കേരളാ കോൺഗ്രസിലെ സ്ഥാപക നേതാക്കളിൽ പ്രമുഖനും മന്ത്രിയുമായിരുന്ന ആർ ബാലകൃഷ്ണപ്പിള്ളയുടെ മകനാണ് നടനും മന്ത്രിയും സിറ്റിങ് എം എൽ എയുമായ കെ ബി ഗണേശ് കുമാർ. ഗണേശ് അഞ്ചാം തവണയും പത്തനാപുരം മണ്ഡലത്തിൽനിന്നു കേരളാ കോൺഗ്രസ് ബി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. യു ഡി എഫ്, എൽ ഡിഎഫ് മുന്നണി സ്ഥാനാർത്ഥിയായി ഗണേശ് മത്സരിച്ചിട്ടുണ്ട്. ഇത്തവണ എൽ ഡി എഫ് മുന്നണിയിലാണ് ഗണേശ്.
സി എം പിയുടെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചവറയിൽ മത്സരിച്ച് ജയിച്ച സ്ഥാനാർത്ഥിയാണ് വിജയൻപിള്ള. ചവറ മണ്ഡലത്തിൽ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം ആർ എസ് പിക്കാരനല്ലാത്ത ഒരു പാർട്ടിയുടെ സ്ഥാനാർത്ഥി വിജയിക്കുന്നത്. ഷിബു ബേബിജോണിനെ തോൽപ്പിച്ചായിരുന്നു വിജയൻ പിള്ളയുടെ വിജയം. വിജയൻപിള്ളയുടെ നിര്യാണത്തെത്തുടർന്നാണ് ഇത്തവണ മകൻ സുജിത്ത് വിജയൻ സി പി എം സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങുന്നത്. എതിർ സ്ഥാനാർത്ഥിയായി ബേബിജോണിന്റെ മകനും മുൻമന്ത്രിയുമായ ഷിബുബേബിജോണും.
Also Read: തിരഞ്ഞെടുപ്പിൽ വിടർന്നും വാടിയും മലയാള സിനിമയും സാഹിത്യവും
കേരളത്തിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ അമരക്കാരായിരുന്ന രണ്ട് നേതാക്കളുടെ മക്കൾ ഇത്തവണയും പോരിനിറങ്ങുന്നു. മുൻ മന്ത്രിയായിരുന്ന പി ആർ കുറുപ്പിന്റെ മകൻ കെ പി മോഹനൻ കൂത്തുപറമ്പിൽനിന്നും വീരേന്ദ്രകുമാറിന്റെ മകൻ ശ്രേയംസ് കുമാർ കൽപ്പറ്റയിൽനിന്നുമാണ് മത്സരിക്കുന്നത്. നേരത്തെ യു ഡി എഫ് മുന്നണിയിൽ മത്സരിച്ച ഇരുവരും ഇപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥികളായാണ് മത്സരരംഗത്തുള്ളത്.
മുൻമന്ത്രിയും ആർ എസ് പി നേതാവുമായിരുന്ന ടി കെ ദിവാകരന്റെ മകനും മുൻമന്ത്രിയുമായി ബാബുദിവാകരൻ കൊല്ലത്തെ ഇരവിപുരത്ത് നിന്നും ആർ എസ് പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. മുൻ മന്ത്രി പി കെ ശ്രീനിവാസന്റെ മകനും മുൻ എം എൽ എയുമായ പി എസ് സുപാൽ പുനലൂരിൽ നിന്നുമാണ് ഇത്തവണയും മത്സരിക്കുന്നത്.
പാലക്കാട് സി പി എം സ്ഥാനാർത്ഥിയായ സി പി പ്രമോദ് രാഷ്ട്രീയത്തിൽ കുട്ടിക്കാലം മുതലേ സജീവമാണ്. അപ്പൂപ്പനും അച്ഛനും കേരള രാഷ്ട്രീയത്തിലെ സജീവസാന്നിദ്ധ്യമായവരായിരുന്നു. 1965 ലും 1967 ലും മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച എം പി കുഞ്ഞിരാമൻ എന്ന നേതാവിന്റെ മകളുടെ മകനാണ് സി പി പ്രമോദ്. അച്ഛൻ കേരളത്തിൽ പപ്പന് ചേട്ടന് എന്നറിയപ്പെടുന്ന എൻ ജി ഒ യൂണിയൻ സ്ഥാപകനേതാവും ജനറൽ സെക്രട്ടിയും 1982 ൽ നിയമസഭാഗംവുമായ ഇ. കെ. പത്മനാഭന്റെ മകനുമാണ് പ്രമോദ്.
പാലക്കാട് ജില്ലയിലെ ചിറ്റൂർ മണ്ഡലത്തിൽ നിന്നുമാണ് മറ്റൊരുമകൻ മത്സരിക്കുന്നത്. കോൺഗ്രസിലെ മുൻ എം എൽ എ കെ അച്യുതന്റെ മകൻ സുമേഷ് അച്യുതാനാണ് അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.
കെ.കരുണാകരന്റെ മക്കളായ കെ മുരളീധരൻ തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലും പത്മജ തൃശൂരിലും കോൺഗ്രസ് സ്ഥാനാർഥികളായി ജനവിധിതേടുന്നു. കൊടുങ്ങല്ലൂരിൽ സി പി ഐയുടെ മുൻ കൃഷി മന്ത്രി വി കെ രാജന്റെ മകൻ വി ആർ സുനിൽകുമാറാണ് സ്ഥാനാർത്ഥി.
എറണാകുളം ജില്ലയിലെ കളമശ്ശേരിയിലാണ് അച്ഛന് പകരം മകൻ മത്സരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലായ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ സിറ്റിങ് സീറ്റാണ് കളമശ്ശേരി. അവിടെ ഇബ്രാഹിം കുഞ്ഞിന് പകരം മകൻ വി ഇ. അബ്ദുൾഗഫൂർ മത്സരിക്കുന്നത്. നാല് തവണ ഇബ്രാഹിം കുഞ്ഞ് ജയിച്ച മണ്ഡലത്തിലാണ് മകൻ ജനവിധി തേടുന്നത്.
ഏറനാടിൽ മുസ്ലീഗിലെ ജനപ്രിയ നേതാവായിരന്ന പി. സീതി ഹാജിയുടെ മകനാണ് വീണ്ടും ജനവിധി തേടുന്ന പി.കെ ബഷീർ. അഞ്ച് തവണ എം എൽ എയായിരുന്ന പി. സീതിഹാജി നാല് തവണ കൊണ്ടോട്ടി മണ്ഡലത്തെയും ഒരു തവണ താനൂരിനെയും പ്രതിനിധീകരിച്ചു. 1991ലെ കരുണാകരൻ സർക്കാരിലെ കാലത്ത് ചീഫ് വിപ്പുമായിരുന്നു. പി കെ ബഷീർ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് മുസ്ലീംലീഗിൽ സജീവമാകുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായിരുന്നു മുസ്ലിം ലീഗിലെ സി എച്ച് മുഹമ്മദ് കോയ. കേരളത്തിലെ മുഖ്യമന്ത്രിയായ ഏക മുസ്ലിം നേതാവും സി എച്ചാണ്. അദ്ദേഹത്തിന്റെ മകനാണ് ഡോ. എം കെ മുനീർ. കേരളത്തിലെ മന്ത്രിയായിട്ടുള്ള മുനീർ ഇത്തവണയും ലീഗ് സ്ഥാനാർത്ഥിയായി കൊടുവള്ളിയിൽ നിന്നുമാണ് മത്സരിക്കുന്നത്.
അരുവിക്കര മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മറ്റൊരുമകനാണ് കെ, എസ് ശബരീനാഥൻ. മുൻമന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാർത്തികേയന്റെ മകനാണ് ശബരീനാഥൻ. കാർത്തികേയന്റെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ശബരീനാഥൻ ആദ്യമായി സ്ഥാനാർത്ഥിയായത്.