കൊല്ലം കണ്ട കോൺഗ്രസുകാരന് നിയമസഭ കാണണ്ട എന്ന പുതിയ ചൊല്ല് ഉണ്ടാകുമോയെന്ന സംശയമാണ് കേരള രാഷ്ട്രീയത്തിലെ അണിയറ ചർച്ചകളിലെ രസക്കൂട്ടിലൊന്ന്. കേരളത്തിലെ മറ്റെല്ലാ ജില്ലകളിൽനിന്നും വ്യത്യസ്തമാണ് കൊല്ലത്ത് കോൺഗ്രസിന്റെ കഥ. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ചൊല്ലിനെ ഓർമിപ്പിക്കുന്ന വിധമാണ് കുറച്ചു കാലമായി ജില്ലയിൽ കോൺഗ്രസിന്റെ സ്ഥിതി.
അതിശക്തരും പ്രശസ്തരും പ്രഗത്ഭരുമായ എണ്ണം പറഞ്ഞ കോൺഗ്രസ് നേതാക്കളുടെ വിഹാരരംഗമായിരുന്നു കൊല്ലം. രണ്ട് വനിതാ ഡി സി സി പ്രസിഡന്റുമാർ ഉണ്ടായ ജില്ല. തുടർച്ചയായി ലോക്‌സഭയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളും അവർ പിന്തുണച്ചവരും ജയിച്ച ജില്ല. അങ്ങനെയുള്ള തൊങ്ങലുകൾക്കപ്പുറത്താണ് നിയമസഭയിലെ യാഥാർത്ഥ്യം.
ആദ്യകാല കെ പി സി സി പ്രസിഡന്റുമാരിലൊരാളും ശക്തനായ നേതാവുമായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ള, കോൺഗ്രസിലെ ശക്തരായ നേതാക്കളും കേരള മുഖ്യമന്ത്രിമാരുമായിരുന്ന സി. കേശവൻ, ആർ ശങ്കർ, ലോക്‌സഭയിലെ പ്രതിപക്ഷനേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സി എം സ്റ്റീഫൻ, കേന്ദ്രമന്ത്രിയും ഗവർണറുമായിരുന്ന എ എ റഹീം, കെ പി സി സി പ്രസിഡന്റും മന്ത്രിയുമായിരുന്ന സി വി. പത്മരാജൻ, കെ പി സി സി പ്രസിഡന്റായിരുന്ന തെന്നല ബാലകൃഷ്ണപിള്ള, സംസ്ഥാനത്തെ ആദ്യ വനിത ഡി സി സി പ്രസിഡന്റ് ആയ സരസ്വതി കുഞ്ഞുകൃഷ്ണൻ എന്നിങ്ങനെ കോൺഗ്രസിന് അതിശക്തരമായ നേതാക്കളുണ്ടായിരുന്ന ജില്ലയാണ് കൊല്ലം. അങ്ങനെ അതിശക്തരമായ നേതാക്കളുടെ കൈതാങ്ങ് ഉണ്ടായിട്ടുപോലും 1957 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കോൺഗ്രസിന് ഈ ജില്ലയിൽ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായിട്ടില്ല.
കേരളത്തിലെ കോൺഗ്രസിനോ മറ്റ് വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കാര്യമായ വേരോട്ടം ഉണ്ടാക്കാൻ സാധിക്കാതിരുന്ന ജില്ലകൂടെയാണ് കൊല്ലം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യു ഡി എഫിനും അനുകൂലമായി പലപ്പോഴും കൊല്ലം മറിഞ്ഞുവെങ്കിലും നിയമസഭയിൽ എക്കാലത്തും ഇടതുപക്ഷത്തോടായിരുന്നു കൊല്ലത്തിന്റെ കൂറ്. 1980 ൽ കോൺഗ്രസിലെ ബി കെ നായർ ഇവിടെനിന്നു ലോക്‌സഭയിലേക്കു പോയി. പിന്നീട് എസ് കൃഷ്ണകുമാർ മൂന്നു തവണ തുടർച്ചയായി ജയിച്ചു. 1996ൽ എൽ ഡി എഫ് എൻ കെ പ്രേമചന്ദ്രനിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. രണ്ടു തവണ തുടർച്ചയായി പ്രേമചന്ദ്രൻ എൽ ഡി എഫ് എം പിയായി. പിന്നീട് ആർ എസ് പിയിലെ പിളർപ്പിനെത്തുടർന്ന് മണ്ഡലം സി പി എം ഏറ്റെടുത്തു. 1999ലും 2004ലും സി പി എമ്മിലെ പി. രാജേന്ദ്രൻ ജയിച്ചു. 2009ൽ കോൺഗ്രസിലെ പീതാംബരക്കുറുപ്പ് ജയിച്ചു. 2014ൽ എൽ ഡി എഫ് വിട്ട ആർ എസ് പി യു ഡി എഫിൽ ചേർന്നപ്പോൾ എൻ കെ. പ്രേമചന്ദ്രന് സീറ്റ് നൽകി. രണ്ട് തവണയായി പ്രേമചന്ദ്രൻ ലോക്‌സഭയിലേക്ക് സി പി എമ്മിനെ തോൽപ്പിച്ചു പോകുന്നു. എന്നാൽ, ഇതൊന്നുമല്ല നിയമസഭയും തദ്ദേശ തിരഞ്ഞെടുപ്പും എത്തുമ്പോൾ കഥ. അവിടെയൊക്കെ എൽ ഡി എഫ് സ്ഥാനാർത്ഥികൾക്കാണ് മുൻകൈ.
കേരളത്തിൽ ഏക്കാലത്തും ഇടതുപക്ഷത്തിന്റെ അടിയുറച്ച വിജയചിഹ്നമാണ് കൊല്ലം ജില്ല. പൊതുവിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വലിയ വേരോട്ടമുള്ള ജില്ലയാണ് കൊല്ലം. ഉള്ളതും ഇല്ലാത്തതുമായ വടക്കൻ വീരഗാഥകൾക്കിടയിൽ ഇടയിൽ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾ തന്നെ മറന്നുപോയ പ്രദേശങ്ങളിലൊന്നാണ് കൊല്ലം . കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തൊഴിലാളി പ്രസ്ഥാനത്തിനും ചോരയും നീരും കൊടുത്ത് വളർത്തിയ ജില്ലകളാണിവ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ ചരിത്രത്തിലെ രണ്ട് ഘട്ടത്തിലൊഴികെ എക്കാലത്തും ഇടതുപക്ഷ, തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച ചരിത്രം ഈ ജില്ലയ്ക്കുണ്ട്.
Also Read: തിരഞ്ഞെടുപ്പിലെ മക്കൾ മാഹാത്മ്യം
കഴിഞ്ഞ 15 വർഷം, അതായത് മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലായി കോൺഗ്രസിലെ ഒരു സ്ഥാനാർത്ഥിപോലും ഇവിടെനിന്നു ജയിച്ചില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 11 നിയമസഭാ സീറ്റിലും ജയിച്ചത് എൽ ഡി എഫ് സ്ഥാനാർത്ഥികളായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് വീശിയ തരംഗത്തിൽ 1991ൽ യു ഡി എഫ് മൊത്തം ആറ് സീറ്റ് നേടി അതിൽ നാലും കോൺഗ്രസാണ് ജയിച്ചത്. കോൺഗ്രസിന് ഈ ജില്ലയിൽ കൂടുതൽ സീറ്റ് ജയിച്ച കാലം അതായിരുന്നു. പിന്നീട് കല്ലുവാതുക്കൽ ദുരന്തം ഉൾപ്പടെ തിരഞ്ഞെടുപ്പിൽ ജനരോഷം ആളിക്കത്തിയ 2001 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നൂറ് സീറ്റിൽ വിജയിച്ചു. അന്നാണ് ഇവിടെ യു ഡി എഫ് കൂടുതൽ സീറ്റ് നേടിയത്. എട്ട് സീറ്റിൽ യു ഡി എഫ് ജയിച്ചു കയറിയതിൽ രണ്ട് സീറ്റിൽ കോൺഗ്രസ് കൈപ്പത്തി പതിപ്പിച്ചു. പിന്നീട് ഇന്ന് വരെ കോൺഗ്രസിനോ യു ഡി എഫിനോ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ ജില്ലയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചില്ല.
കൊല്ലത്തെ 11 മണ്ഡലങ്ങളുടെ ചരിത്രമെടുത്താൽ പലയിടുത്തും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചിട്ട് ദശകങ്ങളായി എന്ന് കാണാൻകഴിയും. ചവറയിലും കുന്നത്തൂരിലും ചരിത്രത്തിലിതുവരെ കോൺഗ്രസ് വിജയചിത്രത്തിൽ വന്നിട്ടില്ല. കരുനാഗപ്പള്ളി മണ്ഡലത്തിൽ 1957 ൽ, അതായത് കേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കുളങ്ങര കുഞ്ഞുകൃഷ്ണൻ എന്ന കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചതില്‍ പിന്നെ കോൺഗ്രസ് ജയിച്ചിട്ടില്ല. 2001 ലെ കേരള ചരിത്രത്തിലെ ആദ്യത്തെ യു ഡി എഫ് തരംഗത്തിലാണ് ആ സീറ്റ് വീണ്ടും യു ഡിഎഫ് ജയിച്ചത്. അന്ന് അവിടെ സ്ഥാനാർത്ഥിയായിരുന്നത് ജെ എസ് എസിലെ അഡ്വ. എ എൻ രാജൻബാബുവായിരുന്നു.
ചവറ മണ്ഡലത്തില്‍ 1977 മുതലുള്ള ചരിത്രം പരിശോധിച്ചാൽ 2016 ലൊഴികെ ആർ എസ് പിയുടെ ഏതെങ്കിലും വിഭാഗമായിരിക്കും അവിടെ നിന്നും ജയിക്കുക. 1977 മുതൽ 1996 വരെ ബേബിജോണായിരുന്നു അവിടെ ജയിച്ചിരുന്നത്. ആർ എസ് പി പിളർന്നതിനെത്തുടർന്ന് ബേബിജോൺ വിഭാഗത്തിനായി മത്സരിച്ച മകൻ ഷിബു ബേബി ജോൺ യു ഡി എഫ് സ്ഥാനാർത്ഥിയായി 2001ൽ ജയിച്ചു. 2006 ൽ ഷിബു ബേബിജോണിനെ തോൽപ്പിച്ച് ആർ എസ് പിയുടെ എൻ കെ പ്രേമചന്ദ്രൻ എൽ ഡി എഫിന് വേണ്ടി സീറ്റ് തിരിച്ചുപിടിച്ചു. 2011 ൽ ഷിബു വീണ്ടും ജയിച്ചു. 2016 ൽ ആദ്യമായി സീറ്റ് ആർ എസ് പി ക്ക് നഷ്ടമായി. എൽ ഡി എഫിന്റെ ഭാഗമായി മത്സരിച്ച സി എം പി അരവിന്ദാക്ഷൻ വിഭാഗത്തിലെ സ്ഥാനാർത്ഥി എൻ. വിജയൻപിള്ള ഷിബുബേബിജോണിനെ തോൽപ്പിച്ചു. ചവറയിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിച്ച ചരിത്രമുണ്ടെങ്കിലും ജയം കണ്ടിട്ടില്ല.
Also Read: തുടർഭരണം എന്ന യക്ഷപ്രശ്നം
കുന്നത്തൂർ മണ്ഡലം 1965.ൽ കേരളാ കോൺഗ്രസിലെ ടി കൃഷ്ണനും 1982ൽ ജനതാപാർട്ടി (ജി)യുടെ കൊട്ടക്കുഴി സുകുമാരനും ജയിച്ചതൊഴിച്ചാൽ എക്കാലവും ആർ എസ് പിയുടെ കോട്ടയായിരുന്നു. ഈ മണ്ഡലത്തിലും ചവറയിലെ പോലെ കോൺഗ്രസ് മത്സരിച്ചിട്ടുണ്ടെങ്കിലും ജയിച്ചിട്ടില്ല.
കൊട്ടാരക്കര മണ്ഡലം 1957 ൽ ഇ. ചന്ദ്രശേഖരൻ നായരെ ജയിപ്പിച്ച് കമ്മ്യൂണിസ്റ്റ് ഐക്യം പ്രകടിപ്പിച്ച പ്രദേശമാണ്. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ അത് പി എസ് പിയുടെ ഡി ദാമോദരൻ പോറ്റിയെ ജയിപ്പിച്ചു. 1965ൽ കേരളാ കോൺഗ്രസിലെ ആർ ബാലകൃഷ്ണപിള്ളയായിരുന്നു ജയിച്ചത്. 1970 ൽ കൊട്ടറ ഗോപാലകൃഷ്ണൻ ജയിച്ചതാണ് ഈ മണ്ഡലത്തിലെ ഏക കോൺഗ്രസ് ജയം. പത്തനാപുരം മണ്ഡലത്തിൽ 1960ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ആർ. ബാലകൃഷ്ണപിള്ള ജയിച്ചു. പിന്നീട് ഇന്ന് വരെ ഈ മണ്ഡലത്തിലും കോൺഗ്രസ് ജയിച്ചിട്ടില്ല. മൂന്ന് തവണ ചില്ലറ കൈക്കുറ്റ പാട് വന്നിട്ടുണ്ടെങ്കിലും പൊതുവിൽ പുനലൂർ മണ്ഡലം ജന്മം കൊണ്ടതു തന്നെ സി പി ഐയ്ക്കു ജയിക്കാൻ വേണ്ടിയാണെന്ന് തോന്നും. ആ മണ്ഡലത്തിലും കോൺഗ്രസ് ജയിച്ചത് ഒരുതവണയാണ്. 1991ൽ പുനലൂർ മധുവാണ് ആ മണ്ഡലത്തിൽ ജയിച്ച കോൺഗ്രസ് നേതാവ്. 1982 ലും 1984ലും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഇവിടെനിന്നു ജയിച്ചിരുന്നു. ചടയമംഗലം മണ്ഡലത്തിലും കോൺഗ്രസ് ഒരുതവണ മാത്രമാണ് ജയിച്ചത്. 2001ൽ. അന്ന് പ്രയാർ ഗോപാലകൃഷ്ണനാണ് നിയമസഭയിലെത്തിയത്.
കുണ്ടറ മണ്ഡലമാണ് കോൺഗ്രസിനു തലയുയർത്തി നിൽക്കാവുന്ന ഒന്ന്. 1965 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വി. ശങ്കരനാരായണപിള്ള ജയിച്ചു. 1967 ൽ സിപി എം ഈ മണ്ഡലം ഡോ. പി.കെ . സുകുമാരനിലൂടെ നേടിയെടുത്തു. പിന്നീട് വന്ന 1970, 1977 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ എ എ റഹീം ജയിച്ചു. പിന്നെ 1982ൽ തോപ്പിൽ രവി, 1991ല്‍ അൽഫോൺസാ ജോൺ, 2001ൽ കടവൂർ ശിവദാസൻ എന്നിവരിലൂടെ കോൺഗ്രസ് കുണ്ടറയിൽ നിന്നും നിയമസഭയിലെത്തി.
Also Read: കോ ലീ ബി സഖ്യം -1991ൽ നിന്നും 2021ൽ എത്തുമ്പോൾ
കൊല്ലം മണ്ഡലത്തിൽ നിന്നും 1957ലും 1960ലും എ എ റഹീമും 1965 ൽ ഹെന്റട്രി ഓസ്റ്റിനും കോൺഗ്രസ് സ്ഥാനാർത്ഥികളായി ജയിച്ചു. പിന്നീട് 1991ൽ കടവൂർ ശിവദാസനാണ് കോൺഗ്രസിനായി ജയിച്ചത്. അതിന് ശേഷം അവിടെ കോൺഗ്രസ് ജയിച്ചിട്ടില്ല. ഇരവിപുരം മണ്ഡലത്തിൽ 1965 ൽ എ എ റഹീം ജയിച്ചതൊഴിച്ചാൽ അവിടെ കോൺഗ്രസ് ജയിച്ചിട്ടില്ല. യുഡിഎഫിന് വേണ്ടി മുസലിം ലീഗിലെ 1991ൽ പി കെ കെ ബാവ ജയിച്ചു പിന്നീട് അവിടം ഇടതുപക്ഷത്തോടൊപ്പമായിരുന്നു.
ചാത്തന്നൂർ മണ്ഡലത്തിൽ 1965ൽ സ്വതന്ത്രസ്ഥാനാർത്ഥിയായിരുന്ന എസ് തങ്കപ്പൻ പിള്ളയാണ് ജയിച്ചത്. സിപി ഐയുടെ പി രവീന്ദ്രനെ തോൽപ്പിച്ചാണ് തങ്കപ്പൻ പിള്ള ജയിച്ചത്. എന്നാൽ അടുത്തവർഷം തന്നെ ആ സീറ്റ് സിപി ഐയ്ക്ക് രവീന്ദ്രൻ തിരിച്ചുപിടിച്ചു. 1982ലാണ് ഇവിടെ ഒരു സീറ്റ് കോൺഗ്രസ് ജയിക്കുന്നത്. സി വി പത്മരാജനാണ് അന്ന് ജയിച്ചത്. പിന്നീട് 1991ൽ അദ്ദേഹം ജയം ആവർത്തിച്ചു. 2001 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ജി. പ്രതാപവർമ തമ്പാൻ ജയിച്ചു. പിന്നീട് ഇതുവരെ കോൺഗ്രസ് ജയിച്ചിട്ടില്ല.
ചുരുക്കി പറഞ്ഞാൽ ഇന്ത്യയിലെയും കേരളത്തിലെയും ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസ് കഴിഞ്ഞ 15 വർഷമായി ദയനീയമായി പരാജയപ്പെട്ട ജില്ലയാണ് കൊല്ലം. ഈ ജില്ലയിൽ ഒരൂ സീറ്റ് പോലും ജയിക്കാനാവാത്ത സാഹചര്യമാണ് കോൺഗ്രസിനുള്ളത്. ഇവിടെ നിന്ന് തോറ്റ രാജ്മോഹൻ ഉണ്ണിത്താനുൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ മറ്റു ജില്ലകളിൽ നിന്നാണ് ജയിച്ചത്.