കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ രാഷ്ട്രീയമുയര്‍ത്തിയ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ രമയ്ക്ക് അട്ടിമറി വിജയം. എക്കാലവും ഇടതുപക്ഷത്തിന്റെ കുത്തക സീറ്റായിരുന്ന വടകരയിൽ ലോക് താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ മനയത്ത് ചന്ദ്രനെതിരെ 7014 വോട്ടിനാണു മുന്നിലാണു രമ. ടിപി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഒന്‍പതാണ്ടു തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ രമയുടെ വിജയം സിപിഎമ്മിന്റെ അപ്രമാദിത്തത്തിനേറ്റ കനത്ത തിരിച്ചടിയാണ്. ടിപി ചന്ദ്രേശഖരന്റെ വിജയമാണിതെന്നാണ് രമയുടെ ആദ്യ പ്രതികരണം.
2014 മേയ് നാലിനാണു 51 വെട്ടിനാല്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തകര്‍ക്കാന്‍ അതിന്റെ നേതാവിനെ ഇല്ലാതാക്കിയ സംഭവത്തിനെതിരായ വന്‍ ജനരോഷം കഴിഞ്ഞ രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും വടകരയില്‍ സിപിഎമ്മിന്റെ തോല്‍വിക്കു കാരണമായി. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായിരുന്നു വിജയം. ആര്‍എംപിഐ തനിച്ചു മത്സരിച്ചതാണ് 2016ല്‍ ഇടതുമുന്നണിക്കു ഗുണകരമായത്. ഇതു മനസിലാക്കി ഇടതുമുന്നണണിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ യുഡിഎഫ് കെകെ രമയെ നിര്‍ബന്ധിച്ചു മത്സരിപ്പിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഫലം ടി.പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ക്കുള്ള പകരം വീട്ടലായിരിക്കുമെന്നാണ് പ്രചാരണവേളയില്‍ കെകെ രമ പ്രതികരിച്ചത്. എസ്എഫ്‌ഐ മുന്‍ കേന്ദ്രകമ്മിറ്റി അംഗമയായ കെ.കെ. രമയെ സ്വന്തം സ്ഥാനാര്‍ഥിക്കൊപ്പം മൂന്ന് അപരകളെ നിര്‍ത്തിയാണ് ഇടതുമുന്നണി നേരിട്ടത്. ഇതിലൊരാളുടെ പേര് കെ.കെ. രമ തന്നെ.
Also Read: മധുരപ്രതികാരം; പാലായില്‍ വീണ്ടും കരുത്തുകാട്ടി മാണി സി കാപ്പൻ
2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനതാദള്‍ എസിലെ സികെ നാണു 9,511 വോട്ടിനാണു വടകരയില്‍ ജയിച്ചത്. മനയത്ത് ചന്ദ്രനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഇരു സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ സികെ നാണുവിനു 49,211 വോട്ടും മനയത്ത് ചന്ദ്രനു 39,700 വോട്ടുമാണു ലഭിച്ചത്. ഇത്തവണ എല്‍ജെഡി യുഡിഫില്‍നിന്ന് എല്‍ഡിഎഫിലെത്തിയതോടെ സീറ്റ് അവര്‍ക്കു വിട്ടുകൊടുക്കുകയായിരുന്നു.
കഴിഞ്ഞതവണ കെ.കെ. രമ 20,504 വോട്ടാണു നേടിയത്. ആര്‍എംപിഐ തനിച്ചുനേടിയ വോട്ടിനൊപ്പം തങ്ങള്‍ക്കു ലഭിച്ച വോട്ട് കൂടി നേടുന്നതോടെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് കെകെ രമയെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ആര്‍എംപിഐയില്‍ നിലനിന്ന ഏറെ അനിശ്ചിതത്വത്തിനൊടുവിലാണു കെ.കെ രമ വടകരയില്‍ സ്ഥാനാര്‍ഥിയായത്. എന്‍. വേണുവിനെ മത്സരിപ്പിക്കാനായിരുന്നു ആര്‍എംപിഐ നീക്കം. എന്നാല്‍, ആര്‍എംപിഐ സ്ഥാപകനേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിനെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്ന വടകരയില്‍ രമ മത്സരിക്കുകയാണെങ്കില്‍ മാത്രമേ പിന്തുണയ്ക്കൂയെന്നും ഇല്ലെങ്കില്‍ സീറ്റ് ഏറ്റെടുക്കുമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. രമേശ് ചെന്നിത്തലയാണ് കെ.കെ രമയുടെ സ്ഥാനാര്‍ഥിത്വം ആദ്യം പ്രഖ്യാപിച്ചത്. ഇതിനെതിരെ വിമര്‍ശനമുന്നയിച്ച ആര്‍എംപിഐ പിന്നീട് രമയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച യുഡിഎഫ് – ആര്‍എംപി സഖ്യം മൂന്നു പഞ്ചായത്തുകളില്‍ ഭരണം പിടിച്ചിരുന്നു. ഏറാമല, ഒഞ്ചിയം, അഴിയൂര്‍ പഞ്ചായത്തുകളില്‍ യുഡിഎഫ്-ആര്‍എംപി സഖ്യത്തിനാണു ഭരണം. വടകര നഗരസഭ കൂടാതെ ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് വടകര മണ്ഡലം. വടകര നഗരസഭയും ചോറോട് പഞ്ചായത്തും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരനു 22,963 വോട്ടിന്റെ ഭൂരിപക്ഷം വടകര നിയമസഭാ മണ്ഡലത്തില്‍ ലഭിച്ചിരുന്നു.