കോഴിക്കോട്: രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന വടകരയില്‍ ആര്.എം.പി.ഐ. സ്ഥാനാര്‍ഥി കെ.കെ. രമ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു.ഡി.എഫ്. പിന്തുണയോടെ മത്സരിക്കുന്ന രമ, വരണാധികാരി വടകര ആര്.ഡി.ഒ. എന്‍.ഐ. ഷാജു മുന്‍പാകെ ഉച്ചയ്ക്കുശേഷം മൂന്നോടെയാണു പത്രിക സമര്‍പ്പിച്ചത്.
ആര്.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എന്‍. വേണു, യു.ഡി.എഫ്. മണ്ഡലം ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന്, എന്‍.പി. അബ്ദുല്ല ഹാജി, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരന്‍, ബാബു ഒഞ്ചിയം, ഒ.കെ. കുഞ്ഞബ്ദുല്ല, കരീം നടക്കല്‍, വി.കെ. പ്രേമന്, കുളങ്ങര ചന്ദ്രന്, ഷംസുദീന്‍ കൈനാട്ടി എന്നിവരോടൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
വടകരയില്‍ ജനവികാരം തനിക്കൊപ്പമാണെന്നു കെ.കെ. രമ പറഞ്ഞു. ജനപക്ഷ വികസനമെന്നതാണ് തങ്ങള്‍ ലക്ഷ്യവയ്ക്കുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. സോഷ്യലിസ്റ്റുകള്‍ അറുപതാണ്ട് ഭരിച്ചിട്ടും വടകരയില്‍ വികസന മുരടിപ്പാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ആര്‍എംപിഐയില്‍ നിലനിന്ന ഏറെ അനിശ്ചിതത്വത്തിനൊടുവിലാണു കെ.കെ രമ വടകരയില്‍ സ്ഥാനാര്‍ഥിയായത്. എന്‍. വേണുവിനെ മത്സരിപ്പിക്കാനായിരുന്നു ആര്‍എംപിഐ നീക്കം. എന്നാല്‍, ആര്‍എംപിഐ സ്ഥാപകനേതാവ് ടി.പി. ചന്ദ്രശേഖരന് വധത്തില്‍ സിപിഎമ്മിനെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്ന വടകരയില്‍ രമ മത്സരിക്കുകയാണെങ്കില്‍ മാത്രമേ പിന്തുണയ്ക്കൂയെന്നും ഇല്ലെങ്കില്‍ സീറ്റ് ഏറ്റെടുക്കുമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. ഇതേത്തുടര്‍ന്നാണ് രമയെ മത്സരിപ്പിക്കാന്‍ ആര്‍എംപിഐ തീരുമാനിച്ചത്.
Also Read: സുധാകരൻ വിളി കേട്ടില്ല; ധർമടത്ത് മത്സരിക്കാനില്ലെന്ന് എംപി
സോഷ്യലിസ്റ്റുകള്‍ക്കു സ്വാധീനമുള്ള വടകരയില്‍ ജനതാദള്‍ എസിലെ സികെ നാണുവാണു നിലവിലെ എംഎല്‍എ. ഇത്തവണ എല്‍ജെഡിക്കു കൊടുത്ത സീറ്റില്‍ മനയത്ത് ചന്ദ്രനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞതവണ, യുഡിഎഫിലായിരുന്ന എല്ജെഡിക്കുവേണ്ടി മത്സരിച്ച മനയത്ത് ചന്ദ്രന് 9,511 വോട്ടിനു സികെ നാണുവിനോട് പരാജയപ്പെടുകയായിരുന്നു.
സികെ നാണുവിനു 49,211 വോട്ടും മനയത്ത് ചന്ദ്രനു 39,700 വോട്ടുമാണു ലഭിച്ചത്. ആര്എംപിഐക്കുവേണ്ടി മത്സരിച്ച കെ.കെ. രമ 20,504 വോട്ട് നേടിയത്. ഈ വോട്ടിനൊപ്പം കഴിഞ്ഞതവണ യുഡിഎഫിനു ലഭിച്ച വോട്ട് കൂടി നേടുന്നതോടെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിക്കാനാവുമെന്നാണ് ആര്‍എംപിഐയുടെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരനു 22,963 വോട്ടിന്റെ ഭൂരിപക്ഷം വടകര നിയമസഭാ മണ്ഡലത്തില്‍ ലഭിച്ചിരുന്നു.